24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സുപ്രധാന ചുവടുവയ്പ്പ്

 

file image

Editorial

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സുപ്രധാന ചുവടുവയ്പ്പ്

മന്ത്രി കെ. മുരളീധരന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്നു കേരളം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്

MV Desk

പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിനു മാതൃകയായ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയ സംസ്ഥാനമാണു കേരളം. വളരെ കാര്യക്ഷമമായ പൊതുജനാരോഗ്യ സംവിധാനം കേരളത്തിലുണ്ട്. അതിനു ചില പാളിച്ചകൾ സംഭവിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്തകാലത്തു സജീവമായി നടന്നിട്ടുണ്ടെന്നതും മറക്കുന്നില്ല. ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം, വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ എന്നിങ്ങനെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും അവഗണിക്കേണ്ടതല്ല. അപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സൂചികകളാണു കേരളത്തിനുള്ളത്. എല്ലാവർക്കും പ്രാപ്യമായതും താങ്ങാനാവുന്നതുമായ ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുന്നതിൽ അധികാരത്തിലുള്ള സർക്കാർ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ വീഴ്ചയുണ്ടായാൽ ആ സർക്കാരിനുള്ള ജനപിന്തുണയെയും അതു ബാധിക്കുമെന്ന് ഉറപ്പാണ്.

മന്ത്രി കെ. മുരളീധരന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്നു കേരളം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിലെത്തുന്ന എല്ലാ രോഗികൾക്കും ബെഡ് ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പാവുന്നതു വലിയ നേട്ടമാണ്. സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രികളിൽ 820 പുതിയ കിടക്കകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് അടുത്തിടെ അറിയിച്ചിരുന്നു. സർക്കാർ ആശുപത്രികളിലെ പേ വാർഡുകൾ ലഭ്യമാകാൻ നിലവിലുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കാനുള്ള തീരുമാനവും സ്വാഗതം ചെയ്യപ്പെടുന്നതാണ്. കുറഞ്ഞ വരുമാനമുള്ള രോഗികൾക്ക് പേ വാർഡ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഒഴിവാകുന്നു.

അങ്കണവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനം വനിതാ-​​ ശിശു വികസന വകുപ്പും ആരോഗ്യ- കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്നുണ്ട്. അതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ രണ്ടിനു​​ തി​രു​വ​ന​ന്ത​പു​രം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ​​ നടക്കുകയാണ്. സം​സ്ഥാ​ന​ത്തെ 33,120 അങ്കണവാടികളിലൂടെ കുട്ടികൾക്കു സമയബന്ധിതമായി ആരോഗ്യ​​ പരിശോധന ഉറപ്പാക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുക​യു​മാ​ണു പദ്ധതിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്. കുട്ടികളുടെ ശാരീരിക വളർച്ച, പോഷകാഹാരനില, കാഴ്ച, കേൾവി തുടങ്ങിയ​വ പരിശോധിക്കുന്നതിനൊപ്പം ആവശ്യമായ മെഡിക്കൽ ഇടപെടലുകൾ ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകും എ​​ന്നു ത​​ന്നെ ക​​രു​​താ​​വു​​ന്ന​​താ​​ണ്.

ഇതിനൊക്കെ പുറമേയാണ് ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സുപ്രധാനമായ ഒരു തീരുമാനവും ഉണ്ടായിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി ഇതിനെ കാണണം. ഇന്ന് പുനലൂർ ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇതു തുടങ്ങുകയാണ്. ആറു മാസത്തിനകം സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. പിജി യോഗ്യതയുള്ള അസിസ്റ്റന്‍റ് സർജന്മാരെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കു മാറ്റി നിയമിക്കുന്നതടക്കം നടപടികളുണ്ടാവുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്റ്റർമാരുടെ സമ്മതം തേടിയാവും ഇത്തരത്തിലുള്ള പുനർ വിന്യാസം. ഇതേത്തുടർന്നുണ്ടാവുന്ന ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഡോക്റ്റർമാരെ നിയമിക്കുമ്പോൾ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയ്ക്ക് ഡോക്റ്റർമാരില്ലാത്ത അവസ്ഥ ഒഴിവാകുമെന്നു കരുതാം. ഇതോടൊപ്പം സ്ഥിരം നിയമനവും ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രി അറിയിക്കുന്നുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ വിദഗ്ധ ഡോക്റ്റർമാരുടെ സേവനം ഉറപ്പാക്കുകയും രാത്രി എട്ടിനു ശേഷം ആവശ്യമുണ്ടെങ്കിൽ ഡോക്റ്റർമാരെ വിളിച്ചുവരുത്തുന്ന ഓൺ കോൾ സംവിധാനം ഏർപ്പെടുത്തുകയുമാണു ചെയ്യുന്നത്. ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ വിഭാഗങ്ങളിലാണ് ഇത്തരത്തിൽ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുക.

മുഴുവൻ സമയവും സ്പെഷ്യാലിറ്റി ഡോക്റ്റർമാരുടെ സേവനം ഉറപ്പാക്കിയാൽ അതു രോഗികൾക്കു വലിയ തോതിൽ ഗുണം ചെയ്യുമെന്നുറപ്പാണ്. എന്നാൽ, അതിന് ആവശ്യമായത്രയും സ്പെഷ്യാലിറ്റി ഡോക്റ്റർമാരെ നിയമിക്കേണ്ടതുണ്ട്. നഴ്സുമാരടക്കം മറ്റു ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കേണ്ടിവരും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താൽ പദ്ധതി പ്രയോജനപ്പെടില്ല. പേരിനു തുടങ്ങിവയ്ക്കുക എന്നതല്ല മാതൃകാപരമായി നടപ്പാക്കുക എന്നതാണ് ആവശ്യമായിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നത് അമിത ഭാരമായി മാറുമെന്ന ഡോക്റ്റര്‍മാരുടെ സംഘടനയായ കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്‍റെ (കെജിഎംഒഎ) ആശങ്ക പരിഹരിക്കേണ്ടത് ആവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തുകൊണ്ടാണ്. ഇപ്പോൾ തന്നെ പല ആശുപത്രികളിലും ആവശ്യത്തിനു വിദഗ്ധ ഡോക്റ്റർമാരില്ല എന്ന പരാതി നിലനിൽക്കുന്നുണ്ട്. കാഷ്വാലിറ്റി ഡോക്റ്റർമാരുടെ കുറവും ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയും കെജിഎംഒഎയും തമ്മിൽ നടത്തിയ ചർച്ച ഫലപ്രദമായിരുന്നു എന്നാണ് അറിയുന്നത്. രോഗികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് ഇത്തരത്തിലുള്ള സമവായങ്ങൾ ആരോഗ്യ മേഖലയിൽ അത്യാവശ്യമാണ്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"