എല്ലാം അനുഭവിക്കേണ്ടത് സാധാരണ ജനങ്ങൾ
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാറുകൾ സാങ്കേതികത്വം പറഞ്ഞു റദ്ദാക്കിയതു പിണറായി വിജയന്‍റെ സർക്കാർ ഭരിക്കുമ്പോഴാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. യൂണിറ്റിന് 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാറുകളാണ് 2023ൽ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്.
അസാധാരണമായ വൈദ്യുതി പ്രതിസന്ധിയാണു കേരളം ഇപ്പോൾ നേരിടുന്നത്. ഈ വർഷം ആവശ്യത്തിനു മഴ കിട്ടിയില്ല. ചൂട് കൂടി. വൈദ്യുതി ഉപയോഗവും വർധിച്ചു. അതിനനുസരിച്ചു വൈദ്യുതി പുറത്തുനിന്നു ലഭ്യമാവുന്നുമില്ല. ഫലം വൈദ്യുതി നിയന്ത്രണം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലോഡ് ഷെഡ്ഡിങ് ആണ്. വൈകുന്നേരം മുതൽ പാതിരാത്രി വരെയുള്ള സമയത്ത് 25 മിനിറ്റ് വീതമുള്ള രണ്ടു തവണയായി 50 മിനിറ്റ് വൈദ്യുതി നിയന്ത്രണം എന്നാണു കെഎസ്ഇബി പറയുന്നത്. എന്തായാലും രാത്രി ഒന്നിലേറെ തവണ കറന്‍റ് പോകുന്നുണ്ട് എന്നതു ജനങ്ങളുടെ അനുഭവമാണ്. നല്ല ഉറക്കം പിടിക്കേണ്ട സമയത്ത് കറന്‍റു പോകുന്നത് കുട്ടികളുടെയും പ്രായമായവരുടെയും ഉറക്കത്തെ വരെ ബാധിക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന്‍റെ പിടിപ്പുകേടാണ് ഈ പ്രതിസന്ധിക്കു കാരണമെന്നത്രേ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നത്. ജനങ്ങളും സർക്കാരിനെ ശപിക്കുന്നതു സ്വാഭാവികം. ഏതു വിധേനയും പ്രതിസന്ധി മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണു സർക്കാരും വൈദ്യുതി ബോർഡും. അതിന്‍റെ ഭാഗമായാണ് യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തു നിന്നു വൈദ്യുതി വാങ്ങാൻ സർക്കാർ ആലോചിച്ചത്.
എന്തായാലും ഇത്രയധികം വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതില്ലെന്നു കെഎസ്ഇബി തീരുമാനിച്ചതായും റിപ്പോർട്ടു വന്നിട്ടുണ്ട്. ഒരു യൂണിറ്റിന് 30 രൂപയ്ക്കു വൈദ്യുതി വാങ്ങി എത്ര രൂപയ്ക്കു വിൽക്കാനാവും എന്നതാണു പ്രശ്നം. ഇപ്പോൾ 13 രൂപ വരെ നൽകിയാണു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. അതാണ് ഇരട്ടിയിലേറെയാവുക. ഈ ഭീമൻ നിരക്കിന് ആനുപാതികമായി സംസ്ഥാനത്തെ വൈദ്യുതി ചാർജും കൂട്ടിയാൽ എന്താവും ഓരോരുത്തർക്കും കിട്ടുന്ന വൈദ്യുതി ബില്ലിന്‍റെ അവസ്ഥ! 30 രൂപയൊന്നുമായില്ലെങ്കിൽ പോലും പുറത്തുനിന്നു വാങ്ങുന്ന അധിക വൈദ്യുതിയുടെ ബിൽ ജനങ്ങൾക്കു ഭാരമാവാനുള്ള സാധ്യത നിലനിൽക്കുകയാണ്. അധിക വില നൽകി വാങ്ങുന്നതിന്‍റെ നഷ്ടം സംസ്ഥാന സർക്കാർ വഹിക്കാമെന്നു വച്ചാലും പണം പോവുന്നതു സർക്കാർ ഖജനാവിൽ നിന്നാണ്. അതായതു പൊതുജനങ്ങളുടെ പണം തന്നെ. ഉദ്യോഗസ്ഥരടങ്ങുന്ന ഭരണനേതൃത്വം കാര്യങ്ങൾ മുൻകൂട്ടിക്കണ്ടു പ്രതിസന്ധി ഒഴിവാക്കാൻ ഉചിതമായ തീരുമാനങ്ങൾ എടുക്കാത്തതിന്‍റെ ക്ലേശം മുഴുവൻ അനുഭവിക്കേണ്ടതു സാധാരണക്കാരായ ജനങ്ങളാണ് എന്നു സാരം.
ആവശ്യത്തിനു കറന്‍റില്ലെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് കേരളത്തെ ആരാണ് എത്തിച്ചത് എന്നതിനെച്ചൊല്ലിയുള്ള തർക്കം പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഇന്നത്തെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്ന് യുഡിഎഫ് നേതാക്കൾ ആവർത്തിച്ചു പറയുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാറുകൾ സാങ്കേതികത്വം പറഞ്ഞു റദ്ദാക്കിയതു പിണറായി വിജയന്‍റെ സർക്കാർ ഭരിക്കുമ്പോഴാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. യൂണിറ്റിന് 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാറുകളാണ് 2023ൽ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. കരാറുകളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നായിരുന്നു പരാതി. കരാറിലെ പിഴവുകൾ പരിഹരിക്കാൻ നിയമപരമായി അവസരമുണ്ടെന്ന് അന്നത്തെ നിയമ സെക്രട്ടറി ശുപാർശ ചെയ്തതു ബന്ധപ്പെട്ടവർ പരിഗണിച്ചില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്ര കുറഞ്ഞ വിലയ്ക്കു ലഭിക്കുമായിരുന്ന വൈദ്യുതി വേണ്ടെന്നുവച്ചവരെല്ലാം പിന്നീട് ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങി ജനങ്ങളുടെ പണം നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികളാവേണ്ടതാണ് എന്നതിൽ ജനങ്ങൾക്കു സംശയമുണ്ടാവില്ല. കരാർ റദ്ദാക്കിയതിന് എന്തു ന്യായം പറഞ്ഞാലും ഇന്നത്തെ പ്രതിസന്ധിക്കാലത്ത് ഈ വൈദ്യുതിയുണ്ടായിരുന്നെങ്കിൽ അത്രയും ആശ്വാസമാവുമായിരുന്നുവെന്നു സമ്മതിച്ചേ തീരൂ.
മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഇത്തവണ 1100 മെഗാവാട്ടിന്‍റെ വർധനയാണ് വൈദ്യുതി ആവശ്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ആഭ്യന്തര ഉത്പാദനം വർധിച്ചിട്ടില്ല. ദേശീയ തലത്തിൽ വൈദ്യുതിക്ഷാമം നിലനിൽക്കുന്നതിനാൽ ആവശ്യത്തിനു വൈദ്യുതി പുറത്തുനിന്നു കിട്ടുന്നുമില്ല. ദിവസം 900 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അത്രയധികം ഉയർന്ന വില നൽകാതെ അധിക വൈദ്യുതി എത്തിക്കാൻ കഴിഞ്ഞാലേ തത്കാലം പിടിച്ചുനിൽക്കാനാവൂ. ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം വൈദ്യുതിസ്ഥിതി അവലോകനം ചെയ്തു പ്രായോഗികമായ നടപടികൾ തീരുമാനിക്കുമെന്നു പ്രതീക്ഷിക്കാം.
ഭാവിയിൽ കേരളം നേരിടാൻ പോകുന്നതു വളരെ വലിയ വൈദ്യുതി പ്രതിസന്ധിയാവും എന്നുള്ളതിന്‍റെ സൂചനയാണ് ഇപ്പോൾ കാണുന്നത്. അതു മനസിലാക്കി ഏറ്റവും ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരും കെഎസ്ഇബിയും തയാറായില്ലെങ്കിൽ അതിന്‍റെ ദോഷവും അനുഭവിക്കേണ്ടി വരുന്നതു ജനങ്ങളായിരിക്കും. സോളാർ പദ്ധതികളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നു തിരിച്ചറിയേണ്ടതുണ്ട്. സോളാർ വൈദ്യുതി സംഭരിക്കാൻ കമ്യൂണിറ്റി ബാറ്ററി സംവിധാനം ഏർപ്പെടുത്തുന്നതു നല്ലതാണ്. വീടുകളിൽ സ്വന്തമായി വൈദ്യുതി സംഭരണ സംവിധാനം സ്ഥാപിക്കുന്നവർക്കു സബ്സിഡി നൽകുന്നതും സ്വാഗതാർഹം. ആവശ്യമായതിന്‍റെ 25 ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോൾ നാം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഈ കണക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല.