മനുഷ്യ നിർമിത ദുരന്തമോ ഡൽഹിയിലേത്
ഡൽഹി സർവകലാശാലയിലെ ആൺകുട്ടികൾ താമസിച്ചിരുന്ന തെക്കൻ ഡൽഹി സത്യനികേതനിലെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നു വിദ്യാർഥികൾ മരിച്ച ദുരന്തം മനുഷ്യ നിർമിതമാണ് എന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള അഞ്ചു നില കെട്ടിടത്തിൽ വിദ്യാർഥികൾക്കു സുരക്ഷ ഉറപ്പായിരുന്നില്ല എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. താമസയോഗ്യമല്ലാതിരുന്ന കെട്ടിടത്തിൽ ആളുകളെ താമസിപ്പിച്ചത് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെ സ്വാധീനിച്ചാണെന്നു പറയുന്നുണ്ട്. അതുമാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ഈ കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽ നിർമാണ- നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടായിരുന്നു. അതിനൊപ്പം കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാവുക കൂടി ചെയ്തത് അപകടസാധ്യത വർധിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾക്കിടെ ബേസ്മെന്‍റിലെ ഒരു പ്രധാന തൂൺ ചരിഞ്ഞത് കെട്ടിടം തകരാൻ കാരണമായി എന്നാണു കരുതുന്നത്. ആരെയും മാറ്റി താമസിപ്പിക്കാതെയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
കെട്ടിടത്തിന് യാതൊരുവിധ നിർമാണ അനുമതിയും ഉണ്ടായിരുന്നില്ലെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പറയുന്നത്. ആവശ്യമായ സുരക്ഷാ അനുമതികളും ഉണ്ടായിരുന്നില്ലെന്നും പറയുന്നുണ്ട്. നൂറുകണക്കിനു വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയോടു ചേർന്നുള്ള പ്രദേശത്ത് ഹോസ്റ്റലിനു വലിയ ഡിമാൻഡാണുള്ളത്. അതു കണക്കിലെടുത്താണ് ജീർണാവസ്ഥയിലായിരുന്ന കെട്ടിടം പേയിങ് ഗസ്റ്റുകളുടെ താമസസ്ഥലമായി ഉപയോഗിച്ചത്. ഒരു കിടക്കയ്ക്ക് 12000 രൂപ വരെ വാടകയായി ഈടാക്കിയിരുന്നുവത്രേ. കേരളം, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി മോത്തിലാൽ നെഹ്റു കോളെജ്, ആത്മാറാം സനാതൻ ധർമ കോളെജ്, ശ്രീ വെങ്കിടേശ്വര കോളെജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഈ ഹോസ്റ്റലിൽ താമസിച്ചിരുന്നതെന്നു ഡൽഹി പൊലീസ് പറയുന്നു. അവധി ദിനമായതിനാൽ വിദ്യാർഥികൾ പലരും വീടുകളിലേക്കു മടങ്ങുകയും പുറത്തുപോകുകയും ചെയ്തിട്ടുണ്ടായിരുന്നു. അതല്ലെങ്കിൽ ദുരന്തത്തിന്‍റെ വ്യാപ്തി ഇതിലും വലുതാവുമായിരുന്നു. ഈ പ്രദേശത്തു തന്നെ ഹോസ്റ്റലായി പ്രവർത്തിക്കുന്ന മറ്റു ചില കെട്ടിടങ്ങളും ദുർബലാവസ്ഥയിലുള്ളതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകടത്തിനു പിന്നാലെ അടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ നിന്നു താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ പരിശോധനകളൊന്നുമില്ലാതെയാണ് ഇവിടെയൊക്കെ വിദ്യാർഥികളെ താമസിപ്പിക്കുന്നത്. പ്രദേശത്തു വീടുകൾ പോലും പിജി എന്ന പേരിൽ ഒരു നിയന്ത്രണവുമില്ലാതെ ഹോസ്റ്റലുകളാക്കി മാറ്റിയിട്ടുണ്ടത്രേ.
ഇതിനെതിരേയൊന്നും യാതൊരു നടപടിയും മുനിസിപ്പൽ കോർപ്പറേഷൻ സ്വീകരിക്കുന്നില്ല. നിയമം ലംഘിച്ചു നിർമിച്ചതും കാലപ്പഴക്കം ചെന്നതുമായ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ, ഒന്നും നടന്നില്ല. അനധികൃതവും സുരക്ഷിതവുമല്ലാത്ത കെട്ടിടങ്ങൾക്കെതിരേ ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. സത്യനികേതനിലെ ദുരന്തത്തിനു പിന്നാലെ മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടം അനധികൃതമായി പ്രവർത്തിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണിത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത നിർമാണങ്ങൾ വ്യാപകമായി നടക്കുന്നത് എന്നു പരാതിയുണ്ട്. എന്തായാലും ദുരന്തമുണ്ടായ ശേഷം ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുന്നതിലല്ല മിടുക്കു കാണിക്കേണ്ടത്. ദുരന്ത സാധ്യതകൾ ഇല്ലാതാക്കുന്നതിനാണ്. സുരക്ഷിതമല്ലാത്ത, അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള പരിശോധന അടിയന്തരമായി നടത്തേണ്ടതാണ്. അത്തരം കെട്ടിടങ്ങൾ ഉപയോഗിക്കുന്നതു കർശനമായി തടയുകയും വേണം. കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റിന് വളരെ വലിയ പ്രാധാന്യമുണ്ട്. പിജി, നഴ്സിങ് ഹോം, സ്കൂൾ തുടങ്ങി പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ സ്ട്രക്ചറൽ ഓഡിറ്റും സുരക്ഷാ സർട്ടിഫിക്കേഷനും നിർബന്ധമാക്കുമെന്നു ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. അതു നടപ്പാവുന്നുവെന്ന് സർക്കാർ ഉറപ്പാക്കട്ടെ.
ഡൽഹി സർവകലാശാലയിലേത് അടക്കം രാജ്യതലസ്ഥാനത്തെ കലാലയങ്ങളിൽ വേണ്ടത്ര ഹോസ്റ്റൽ സൗകര്യം ലഭ്യമല്ലാത്തത് ഈ മേഖലയിൽ വലിയ ചൂഷണം നടക്കുന്നതിനു കാരണമാവുന്നുണ്ട്. ഹോസ്റ്റലുകൾ കിട്ടാതാവുമ്പോൾ അനധികൃതമായി നിർമിക്കുന്ന കെട്ടിടങ്ങളെ വിദ്യാർഥികൾ ആശ്രയിക്കുകയാണ്. പഴയ കെട്ടിടങ്ങൾക്കു മുകളിൽ അശാസ്ത്രീയമായ രീതിയിൽ കൂടുതൽ നിലകൾ പണിയുന്നതുപോലുള്ള നടപടികളും വാടക ലക്ഷ്യമിട്ട് ഉണ്ടാവുന്നുണ്ട്. താങ്ങാവുന്ന വാടകയ്ക്കു താമസിക്കാൻ കഴിയുന്ന സുരക്ഷിതത്വമുള്ള ഹോസ്റ്റലുകൾ എല്ലാ വിദ്യാർഥികൾക്കും ഒരുക്കിക്കൊടുക്കാൻ സർക്കാർ തലത്തിൽ ശ്രമമുണ്ടാവേണ്ടതാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുവരുന്ന ആയിരക്കണക്കിനു വിദ്യാർഥികളാണു ഡൽഹിയിൽ പഠിക്കുന്നത്. അവർക്കു വേണ്ട താമസസൗകര്യം ഉറപ്പാക്കാൻ സർക്കാരിനു താത്പര്യമുണ്ടാവട്ടെ. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉയർത്തുന്ന സുരക്ഷാഭീഷണിയെക്കുറിച്ച് ഡൽഹി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളും ചിന്തിക്കുന്നതു നല്ലതാണ്.