.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Editorial

പൊലീസിന്‍റെ ജോലി തീർന്നില്ല..| മുഖപ്രസംഗം

അവളെ എത്രയും വേഗം കണ്ടുകിട്ടണേയെന്നാണ് ഒരൊറ്റ മനസായി കേരളം പ്രാർഥിച്ചു

MV Desk

ക്രിമിനൽ സംഘങ്ങളുടെ ആസൂത്രിത വിളയാട്ടം സാമൂഹിക ജീവിതത്തിന് ഉയർത്തുന്ന ഭീഷണി ഏറിവരുന്ന കാലമാണിത്. മയക്കുമരുന്നിന്‍റെ വ്യാപനം മുതൽ പതിവില്ലാത്ത പലതും കാണുകയാണു കേരളം. അതിൽ അവസാനത്തേതാണ് കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറു വയസുകാരിയെ പട്ടാപ്പകൽ വാഹനത്തിൽ വന്ന് ചിലർ തട്ടിക്കൊണ്ടുപോയ സംഭവം. അവളെ ആര് എങ്ങോട്ടു കൊണ്ടുപോയി എന്നറിയാതെ സംസ്ഥാനം മുഴുവൻ വിഷമിച്ചിരുന്നത് 20 മണിക്കൂറിലേറെയാണ്. ഓരോ മണിക്കൂർ കടന്നുപോകുന്തോറും ഹൃദയമിടിപ്പു വർധിച്ചത് അവളുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ മാത്രമല്ല, സംസ്ഥാനമെമ്പാടുമുള്ള ഓരോ മനുഷ്യസ്നേഹിക്കുമാണ്‌, ലക്ഷക്കണക്കിനു മാതാപിതാക്കൾക്കാണ്, സഹോദരങ്ങൾക്കാണ്. അവളെ എത്രയും വേഗം കണ്ടുകിട്ടണേയെന്നാണ് ഒരൊറ്റ മനസായി കേരളം പ്രാർഥിച്ചിരുന്നത്.

തിങ്കളാഴ്ച നാലരയോടെ വീടിനു സമീപത്തു നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ റെജിയെ പൊലീസും ജനങ്ങളും തെരഞ്ഞുകൊണ്ടിരിക്കെയാണ് മറ്റൊരു വഴിയുമില്ലാതെ കുറ്റവാളികൾ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആശ്രാമം മൈതാനത്തു കൊണ്ടുവന്ന് മോചിപ്പിച്ചത്. പരുക്കുകളൊന്നുമില്ലാതെ അവളെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷവും ആശ്വാസവും ചെറുതൊന്നുമല്ല. ടിവി ചാനലുകളും സാമൂഹിക മാധ്യമങ്ങളും അബിഗേലിനെ കാണാതായ വാർത്തയുടെ പിന്നാലെയായിരുന്നു. വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ പാതിരാത്രിയും തെരച്ചിലിന് ഇറങ്ങിയും സിസിടിവി ദൃശ്യങ്ങൾ കൈമാറിയും മറ്റു പലവിധത്തിലും പൊലീസിനെ സഹായിച്ചു. രാഷ്‌ട്രീയം മറന്ന് നേതാക്കൾ ഒറ്റക്കെട്ടായി നിന്നു, പൊലീസ് സാധ്യതകൾക്കു പിന്നാലെ ചെന്ന് അരിച്ചുപെറുക്കിക്കൊണ്ടിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഒപ്പമുണ്ടായിരുന്ന സഹോദരൻ വഴി വളരെ പെട്ടെന്നു തന്നെ അറിഞ്ഞത് അന്വേഷണവും വേഗത്തിലാക്കി. പൊലീസ് അപ്പോൾ

തുടങ്ങിയ തെരച്ചിൽ സമാനതകളില്ലാത്തതായിരുന്നു. രാത്രി തന്നെ കുട്ടിയെ കണ്ടെടുക്കാനാവുമെന്ന പ്രതീക്ഷ തെറ്റിയെങ്കിലും പൊലീസിൽ വിശ്വാസം അർപ്പിച്ച് ഏവരും കാത്തിരുന്നു. സൈബർ തെളിവുകൾ അടക്കം ഒരു തെളിവും കുട്ടിയെ തട്ടിയെടുത്ത സംഘം പൊലീസിനു നൽകിയില്ല. നേരത്തേ വീടിനു സമീപം കാറിൽ എത്തി അബിഗേലിനെയും സഹോദരനെയും ചിലർ നിരീക്ഷിച്ചിരുന്നു എന്നതു കൂടി കണക്കിലെടുത്താൽ വിദഗ്ധമായ ആസൂത്രണം ഈ കുറ്റകൃത്യത്തിനു പിന്നിലുണ്ട് എന്നു തന്നെ കരുതണം.

എല്ലാം കഴിഞ്ഞ് കുട്ടിയെ കൊല്ലം നഗരമധ്യത്തിലെ ആശ്രാമം മൈതാനത്ത് കൊണ്ടുവിടാൻ ഓട്ടൊറിക്ഷ പിടിച്ച് വന്നപ്പോൾ പോലും അവർ പിടിക്കപ്പെട്ടില്ല. നാടു മുഴുവൻ പൊലീസും ആളുകളും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നട്ടുച്ച നേരത്ത് ഓട്ടോ പിടിച്ച് ക്രിമിനൽ സംഘത്തിലെ സ്ത്രീ കുട്ടിയെയും കൊണ്ട് ആ മൈതാനത്തേക്കു വന്നതും സുരക്ഷിതയായി തിരികെ പോയതും. ഓട്ടോ ഡ്രൈവർക്ക് നേരിയ സംശയമെങ്കിലും തോന്നിയിരുന്നെങ്കിൽ സംഘം പിടിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ആരാണ്, എന്തായിരുന്നു അവരുടെ ലക്ഷ്യം എന്നതെല്ലാം ഇനി തെളിയേണ്ടതുണ്ട്. അതിനർഥം കുട്ടിയെ കിട്ടി എന്നതുകൊണ്ട് അന്വേഷണം മന്ദഗതിയിലാവരുത് എന്നതാണ്. ക്രിമിനൽ സംഘത്തിന്‍റെ പിന്നിലുള്ള മുഴുവൻ വസ്തുതകളും വെളിച്ചത്തുകൊണ്ടുവരണം. അതു പൊലീസിന്‍റെ ജോലിയാണ്. സമഗ്രമായ അന്വേഷണം നടക്കണം, കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കണം. വലിയ അപായ സൂചനയാണ് ഈ സംഭവം നൽകുന്നത്. അതിന്‍റെ ഗൗരവം സർക്കാരോ പൊലീസോ കുറച്ചു കാണരുത്.

മറ്റു ചില ഭാഗങ്ങളിൽ നിന്നു കൂടി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. അബിഗേലിനെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ ഓയൂരിൽ നിന്ന് 10 കിലോമീറ്റർ അകലെ പുലിയിലയിലും രാവിലെ സമയത്ത് ഒരു കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതും. കേരളം മുഴുവൻ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്. തങ്ങളുടെ കുട്ടികൾക്ക് സ്വതന്ത്രമായി ഇറങ്ങിനടക്കാൻ കഴിയണമെന്ന് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നു. അവരുടെയുള്ളിൽ തീ കോരിയിടുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇനിയും ഇത് ആവർത്തിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനാണു ശക്തമായ നടപടികൾ ആവശ്യമായിട്ടുള്ളത്.

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴ‍യിൽ ചാടി; 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

പ്രീപോൾ സർവേകൾ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

'ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കണ്ട'; സഹോദരി ഭ‍ർത്താവിനെതിരേ ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; 2 പേർക്ക് പരുക്ക്