പിടിക്കപ്പെട്ടിട്ടും തുടരുന്ന കൈക്കൂലി പ്രേമം
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കും കൈക്കൂലി പ്രേമത്തിനും എതിരേ ശക്തമായ നടപടികളാണ് സർക്കാരെടുക്കുന്നത് എന്നാണല്ലോ ആവർത്തിച്ച് അവകാശപ്പെടാറുള്ളത്. നിരവധി ഉദ്യോഗസ്ഥർ കൈക്കൂലി കേസുകളിൽ പിടിക്കപ്പെടാറുമുണ്ട്. എന്നാൽ, സർക്കാരിന്‍റെ മുന്നറിയിപ്പുകളോ അറസ്റ്റ് അടക്കം നടപടികളോ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നില്ല എന്നത് അതിശയകരമാണ്. എത്രയോ ഉദ്യോഗസ്ഥർ പിടിക്കപ്പെടുന്നതു കണ്ടിട്ടും കേട്ടിട്ടും യാതൊരു കൂസലുമില്ലാതെ കൈക്കൂലിയുടെ സുഖത്തിൽ വാഴുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. ആർത്തിയോടെ കൈക്കൂലിക്കു പിന്നാലെ പരക്കം പായുന്നവർ. ഓഫിസുകളിൽ അത്യാവശ്യത്തിനു വരുന്നവരെ വട്ടംചുറ്റിച്ച് അവശരാക്കി കൈക്കൂലി നൽകാൻ നിർബന്ധിക്കുന്നവർ. സർക്കാരിൽ നിന്നു നല്ല രീതിയിൽ ശമ്പളം കിട്ടിയിട്ടും ധാരാളിത്തത്തിനു കൈക്കൂലി തന്നെ വേണം എന്നു ശഠിക്കുന്നവർ. ഇവരെ പൊതുജനശത്രുക്കളായി കണ്ട് സർക്കാർ ഓഫിസുകളിൽ നിന്നു പടിയിറക്കേണ്ടത് നാടിന്‍റെ നന്മയ്ക്ക് അത്യാവശ്യമാണ്. നല്ല നിലയിൽ നാടിനു വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കു കൂടി മാനക്കേട് ഉണ്ടാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.
കൊച്ചി നഗരസഭയുടെ കാര്യം തന്നെയെടുക്കുക. ഒന്നിനു പുറകെ ഒന്നായി ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ പിടിക്കപ്പെടുകയാണ്. സഹപ്രവർത്തകർ പിടിയിലാവുന്നതു കണ്ടിട്ടുപോലും കൈക്കൂലിയിൽ നിന്നു പിന്മാറാൻ തയാറാവാത്ത ഉദ്യോഗസ്ഥരുണ്ട് എന്നതാണല്ലോ ഇതിനു കാരണം. ഏറ്റവും അവസാനം വിജിലൻസിന്‍റെ പിടിയിലായത് കോർപ്പറേഷന്‍റെ ഇടപ്പള്ളി സോണൽ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരാണ്. കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തീർപ്പാക്കുന്നതിന് എളമക്കര സ്വദേശിയിൽ നിന്ന് ഇവർ ആവശ്യപ്പെട്ടത് ഏഴായിരം രൂപയാണത്രേ! മേയ് മാസത്തിൽ നൽകിയ അപേക്ഷ വച്ചു താമസിപ്പിച്ച് ഒടുവിൽ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണു പറയുന്നത്. മുതിർന്ന ഉദ്യോഗസ്ഥന് അയ്യായിരവും അടുത്തയാൾക്ക് രണ്ടായിരവും എന്ന നിലയിലായിരുന്നു കൈക്കൂലി ചോദിച്ചത്. കാര്യങ്ങൾ നടക്കണമെങ്കിൽ ചില പതിവുകളൊക്കെയുണ്ടെന്ന് അവർ ആവശ്യക്കാരനോട് പറഞ്ഞത്രേ. കാര്യം നടക്കട്ടെ എന്നു കരുതി കൈക്കൂലി കൊടുക്കും എന്ന കണക്കുകൂട്ടൽ തെറ്റിച്ച എളമക്കര സ്വദേശി വിജിലൻസിനെ അറിയിച്ചതുകൊണ്ടാണ് ഇവരെ കൈയോടെ പിടികൂടാനായത്. കുറച്ചുകാലമായി ഇവർ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു എന്നാണു പറയുന്നത്.
കെട്ടിടം പുതുക്കിപ്പണിത ഭാഗം റഗുലറൈസ് ചെയ്യുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോർപ്പറേഷൻ പള്ളുരുത്തി സോണൽ ഓഫിസിലെ ഒരു ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയിലായത് കഴിഞ്ഞ മാസമാണ്. 2024 ഡിസംബറിൽ നൽകിയ അപേക്ഷ സാങ്കേതിക കാരണങ്ങൾ പറഞ്ഞു നിരസിച്ച ശേഷമാണ് എല്ലാം ശരിയാക്കിയെടുക്കാൻ ഇയാൾ കൈക്കൂലി ചോദിച്ചതത്രേ. ആദ്യം അഞ്ചു ലക്ഷവും അത്രയും ഇല്ലെന്നു പറഞ്ഞപ്പോൾ രണ്ടു ലക്ഷവും രൂപ കൈക്കൂലി ചോദിച്ചു എന്നാണു പറയുന്നത്. ഒടുവിൽ അഡ്വാൻസായി 50,000 രൂപ ചോദിച്ചു. അപേക്ഷകൻ വിജിലൻസിനെ വിവരം അറിയിച്ച ശേഷം 25,000 രൂപ കൈക്കൂലി കൊടുക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. കൊച്ചി കോർപ്പറേഷന്‍റെ വൈറ്റില സോണൽ ഓഫിസിലെ ഒരു ഉദ്യോഗസ്ഥ കൈക്കൂലി കേസിൽ അറസ്റ്റിലായത് ഏതാനും മാസം മുൻപാണ്. സ്വന്തം കാറിൽ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. നഗരസഭയിലെ അഴിമതിക്കാരിൽ ഏറ്റവും കുറഞ്ഞ കൈക്കൂലി വാങ്ങുന്നത് താനാണെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥ മൊഴി നൽകിയതായി അന്നു റിപ്പോർട്ടുണ്ടായിരുന്നു.
മൊബൈൽ ഫോൺ ആക്സസറീസിന്‍റെ ഗോഡൗൺ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുമ്പോൾ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് വളഞ്ഞു പിടികൂടിയത് കഴിഞ്ഞ ഡിസംബറിലാണ്. അര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇവർ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുമ്പോഴാണു പിടിയിലാവുന്നത്. ഇത്തരത്തിൽ പല ഉദ്യോഗസ്ഥരും പിടിയിലായിട്ടും കൊച്ചി കോർപ്പറേഷനിലെ കൈക്കൂലിക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല. കോർപ്പറേഷന്‍റെ അഴിമതി നിറഞ്ഞ വിവിധ ഓഫിസുകൾ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് വിജിലൻസ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തരത്തിൽ അഴിമതി കൊടികുത്തിവാഴുന്നത് പിടിക്കപ്പെട്ടാലും ഇത്രയേയുള്ളൂ എന്ന ചിന്ത കൊണ്ടാവുമോ? അതോ തങ്ങൾ പിടിക്കപ്പെടില്ല എന്ന അമിത വിശ്വാസം മൂലമാവുമോ? എന്തായാലും കൊച്ചി കോർപ്പറേഷന്‍റെ വിവിധ ഓഫിസുകൾ അഴിമതി മുക്തമാക്കേണ്ടത് അത്യാവശ്യമാണ്.
കൊച്ചി കോർപ്പറേഷൻ ഓഫിസിലെ മാത്രം കാര്യമല്ല കൈക്കൂലി എന്നത് ഇതോടൊപ്പം പറയേണ്ടതുണ്ട്. കേരളത്തിന്‍റെ തെക്കു മുതൽ വടക്കേയറ്റം വരെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥർ കൈക്കൂലി കേസുകളിൽ പിടിക്കപ്പെടുന്നുണ്ട്. എന്നിട്ടും അവിടെയൊന്നും അഴിമതിക്കൊരു കുറവും ഉണ്ടാവുന്നുമില്ല. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അവകാശപ്പെട്ടിട്ടുള്ളത്. അഴിമതിയില്ലാത്ത സംസ്ഥാനമാവുകയാണു കേരളത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. സർക്കാർ ഓഫിസുകളിൽ അഴിമതി കാട്ടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. കൈകാര്യം ചെയ്യുന്ന ഓരോ ഫയലും ഒരാളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടതാണ് എന്ന ഓർമയിൽ വേണം പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിക്കാറുണ്ട്. എന്നാൽ, ഇതൊന്നും ലവലേശം ബാധിക്കാത്ത ഒരു കൂട്ടർ സർക്കാർ സർവീസിലുണ്ട് എന്നതാണ് കൈക്കൂലി സംഭവങ്ങൾ ആവർത്തിച്ചു കാണിച്ചു തരുന്നത്.