.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ റെയ്ൽ വികസനത്തിനായി കേരളത്തിനു നീക്കിവച്ചിരിക്കുന്നത് 2,744 കോടി രൂപയാണെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വെളിപ്പെടുത്തുകയുണ്ടായി. ഇതിനു മുൻപ് ഒരിക്കലും ഇത്രയും തുക സംസ്ഥാനത്തെ റെയ്ൽ വികസനത്തിനായി ഒരു മന്ത്രിയും അനുവദിച്ചിട്ടില്ലെന്നത് എടുത്തുപറയേണ്ടതുണ്ട്. ഓരോ തവണ ബജറ്റ് വരുമ്പോഴും റെയ്ൽവേ വികസനം അവഗണിക്കപ്പെടുന്നുവെന്ന് ആവർത്തിച്ചു പറയാറുള്ള സംസ്ഥാനമാണു നമ്മുടേത്. ഇത്തവണ ബജറ്റ് വിഹിതത്തിന്റെ കാര്യത്തിലെങ്കിലും അതു പറയാനാവില്ല.
പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ പരിഗണന കിട്ടുമോയെന്നു കണ്ടുതന്നെ അറിയണം. ഈ തുകയത്രയും ലഭ്യമാക്കിയാലും നിശ്ചിത കാലയളവിൽ അതു ചെലവാക്കാൻ കഴിയാതെ പോകാമെന്നതും വസ്തുതയാണ്. ശബരി റെയ്ലിന് കഴിഞ്ഞ വർഷം മാറ്റിവച്ച 100 കോടി രൂപ ചെലവാക്കാനാവാതെ തിരിച്ചുനൽകുകയായിരുന്നു. ഈ വർഷവും ഈ പദ്ധതിക്കായി 100 കോടി തന്നെയാണു നീക്കിവച്ചിരിക്കുന്നത്. പക്ഷേ, അങ്കമാലി- എരുമേലി ശബരി പാത നിർമാണം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. ചെലവു പങ്കിടുന്നതിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ച ശേഷമേ പദ്ധതി പരിഗണിക്കുകയുള്ളൂ. അതിനിടെ, ചെങ്ങന്നൂർ- പമ്പ റെയ്ൽ പാതയും പരിഗണനയിലുണ്ട്. ഇതിലൊക്കെ തീരുമാനമാവാതെ വിഹിതം നീക്കിവയ്ക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവില്ല. എത്രയും വേഗം തടസങ്ങൾ നീക്കുന്നതിന് സംസ്ഥാന സർക്കാരും താത്പര്യം കാണിക്കണം.
തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് ഇത്തവണ 365 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതിനു പണം അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഇഴയുകയാണ്. തുറവൂർ- അമ്പലപ്പുഴ ഭാഗത്ത് പാതയിരട്ടിപ്പിക്കലിന് 500 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. എന്നാൽ, എസ്റ്റിമേറ്റിന് അനുമതി ലഭിച്ചാലേ പണം ചെലവാക്കാനാവൂ. ഇക്കാര്യത്തിലെ അനിശ്ചിതത്വം എത്രയും വേഗം ഒഴിവാകേണ്ടതുണ്ട്. അനാസ്ഥയും സാങ്കേതിക പ്രശ്നങ്ങളും പദ്ധതികളെ മന്ദഗതിയിലാക്കുന്നത് ഒഴിവാക്കാൻ പ്രത്യേക ജാഗ്രത കാണിക്കേണ്ടതായിട്ടാണിരിക്കുന്നത്.
എന്തായാലും റെയ്ൽവേയ്ക്ക് അനുവദിച്ചിരിക്കുന്ന തുകയിലുണ്ടായിരിക്കുന്ന വർധന കുറെയൊക്കെ നേട്ടമുണ്ടാക്കും എന്നു സ്വാഭാവികമായും കരുതാം. 2009-2014 കാലഘട്ടത്തിൽ യുപിഎ സർക്കാരിന്റെ കാലത്ത് ശരാശരി 372 കോടി രൂപയാണ് കേരളത്തിന്റെ റെയ്ൽവേ വികസനത്തിന് അനുവദിക്കാറുള്ളത്. അതിന്റെ ഏഴിരട്ടിയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. ആയിരം കോടിയിലേറെ രൂപ പാതയിരട്ടിപ്പിക്കലിനു മാത്രം അനുവദിക്കുന്നു. എറണാകുളം- കുമ്പളം, കുമ്പളം- തുറവൂർ റൂട്ടുകളിൽ 100 കോടിയിലേറെ രൂപ വീതം അനുവദിച്ചിട്ടുണ്ട്. ട്രെയ്നുകളുടെ വേഗം കൂട്ടുന്നതിനായി പാതകളുടെ വളവുകൾ നിവർത്തുക, ട്രാക്കുകൾ പുതുക്കുക, പാലങ്ങൾ പണിയുക തുടങ്ങിയ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വന്ദേഭാരത് സ്ലീപ്പർ അടക്കം പുതിയ ട്രെയ്നുകൾ കേരളത്തിനു വേണം എന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ, അവയുടെ പ്രയോജനം മുഴുവനായി ഉണ്ടാകണമെങ്കിൽ പാതകൾ പുതിയ കാലത്തിനും വേഗത്തിനും യോജിച്ചതാവണം. രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വന്ദേഭാരത് ട്രെയ്ൻ കേരളത്തിൽ ഓടുന്നതാണ്. ട്രെയ്ൻ യാത്രയോടു മലയാളികൾ കാണിക്കുന്ന താത്പര്യം കണ്ടറിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയണം. സർവെ ഘട്ടത്തിലുള്ള പുതിയ പാതകൾ പലതുണ്ട്. അവയിൽ മെല്ലപ്പോക്ക് ഒഴിവാക്കണം. എറണാകുളം- ഷൊർണൂർ മൂന്നാം പാതയ്ക്കു വേണ്ട പരിഗണന കിട്ടുന്നില്ലെന്നതും നേമം, കൊച്ചുവേളി ടെർമിനൽ പ്രവർത്തനങ്ങൾക്കു വേണ്ടത്ര തുക വകയിരുത്തിയിട്ടില്ലെന്നതും നിരാശാജനകമാണ്. സിൽവർ ലൈൻ ഇപ്പോഴും രാഷ്ട്രീയ തർക്കങ്ങളിലായതിനാൽ അതേക്കുറിച്ച് ഇനിയും ചർച്ചകൾ ഏറെയുണ്ടാവും.