പ്ലസ് വൺ സീറ്റ്: കുട്ടികളെ വലയ്ക്കരുത്
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം കുറച്ചു വർഷങ്ങളായി എല്ലാ അധ്യയന വർഷവും ഉന്നയിക്കപ്പെടുന്നതാണ്. പത്താം ക്ലാസ് പാസായ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ തുടർ പഠനം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ടതു സർക്കാരിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും ഉത്തരവാദിത്വമാണ്. എന്നാൽ, പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച് ഓരോ വർഷവും വലിയ രീതിയിലുള്ള പരാതികൾ ഉയരുന്നു. താത്കാലിക ബാച്ച് അനുവദിച്ചും മറ്റുമൊക്കെയാണു പ്രശ്നത്തിനു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുക.
അപ്പോഴേക്കും വിദ്യാർഥികളും രക്ഷിതാക്കളും അനിശ്ചിതത്വത്തിന്‍റെ സംഘർഷവും സമ്മർദവും ഏറെ അനുഭവിച്ചുകഴിയും. ഇത്തവണയും ഇത്തരത്തിലുള്ള അനിശ്ചിതത്വമൊക്കെയുണ്ടാവും എന്നാണു സൂചന. പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്ന് അലോട്ട്മെന്‍റുകൾ പൂർത്തിയായ ശേഷവും മലപ്പുറത്ത് 25,000ൽ ഏറെ കുട്ടികൾ സീറ്റ് ലഭിക്കാതെ പുറത്തുണ്ട് എന്നാണു റിപ്പോർട്ടുകൾ. മലബാറിൽ മൊത്തം അമ്പതിനായിരത്തിലേറെ സീറ്റിന്‍റെ കുറവാണുള്ളതത്രേ. ഈ കണക്കുകളിൽ നിന്നു മനസിലാവുന്നത് മലപ്പുറത്തെ സ്ഥിതി കൂടുതൽ ഗൗരവമുള്ളതാണ് എന്നാണ്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സീറ്റുകളുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ തന്നെ നിയമസഭയെ അറിയിക്കുകയുണ്ടായി. വയനാട്ടിൽ പട്ടിക വർഗക്കാരായ വിദ്യാർഥികൾ അടക്കം സീറ്റില്ലാതെ വിഷമിക്കുകയാണെന്നു വിവിധ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആവശ്യാനുസരണം അധിക താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണു മന്ത്രി നൽകുന്ന പ്രതീക്ഷ. ഏതായാലും അത് എത്രയും വേഗം വേണം. കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിൽ നിർത്തരുത്.
സംസ്ഥാന തലത്തിൽ പത്താം ക്ലാസ് പാസായ എല്ലാ കുട്ടികൾക്കും പഠിക്കാൻ ആവശ്യമായ സീറ്റുകൾ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ലഭ്യമല്ല എന്നിരിക്കെ അൺ എയ്ഡഡ് മേഖലയിൽ ഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു എന്നതും പ്രത്യേകതയാണ്. അൺ എയ്ഡഡ് സ്കൂളുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ കഴിയാത്ത നിരവധി കുട്ടികളുണ്ട്. അവരോട് ഈ സ്കൂളുകളിൽ പോയി പഠിക്കൂ എന്നു നിർദേശിക്കാനാവില്ല. പണമില്ലാത്തതുകൊണ്ട് അവരുടെ പഠനം വഴിമുട്ടുകയും ചെയ്യരുത്. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ അവർക്ക് അവസരം ഉറപ്പാക്കേണ്ടത് അതിനാൽ തന്നെ അനിവാര്യമാണ്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഓരോ വർഷവും താത്കാലിക പരിഹാരം കാണുന്നതിനു പകരം ശാശ്വത പരിഹാരത്തിനുള്ള നടപടികളെക്കുറിച്ചാണ് ഇത്തവണത്തെ പ്രവേശന നടപടികൾ പൂർത്തിയായാൽ സർക്കാർ ആലോചിക്കേണ്ടത്. ഈ വർഷം കഴിഞ്ഞാൽ അടുത്ത വർഷം ആലോചിക്കാം എന്ന സമീപനം തിരുത്തേണ്ടിയിരിക്കുന്നു. ഇത്തവണ സർക്കാർ അധികാരമേറ്റ ശേഷം പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ഏറെ ദിവസം കിട്ടിയില്ല എന്നതു സമ്മതിക്കാം. അടുത്ത തവണത്തേക്ക് സമയക്കുറവ് ഒരു വിഷയമാവേണ്ടതില്ല.
ഒരു വിദ്യാഭ്യാസ ജില്ലയിൽ നിന്ന് എസ്എസ്എൽസി പാസാകുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ അതേ വിദ്യാഭ്യാസ ജില്ലയിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം നൂറു ശതമാനവും നേടാനാവണം. ബാച്ചുകളുടെ പുനഃക്രമീകരണത്തിലൂടെയും പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നതിലൂടെയുമൊക്കെ മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനാവും. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ട്.
പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ 200 പുതിയ ബാച്ചുകൾ അനുവദിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാർശ. ഇതിൽ നൂറിലേറെ ബാച്ചുകൾ മലപ്പുറം ജില്ലയിലാണു ശുപാർശ ചെയ്തിരിക്കുന്നതെന്നും പറയുന്നുണ്ട്. മലപ്പുറം ജില്ലയിലെ ഇരുപതോളം ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. ഹയർ സെക്കൻഡറിയിലെ ഒരു ബാച്ചിൽ 50 വിദ്യാർഥികളിൽ കൂടരുതെന്നും കമ്മിറ്റി നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ, ഇതിലും കൂടുതൽ കുട്ടികളുള്ള ബാച്ചുകൾ ഏറെയുണ്ട്. ഓരോ വർഷവും മാർജിനൽ സീറ്റ് വർധന അനുവദിച്ച് പ്രവേശനം നടത്തുന്നത് ഗുണനിലവാരമുള്ള പൊതുവിദ്യാഭ്യാസത്തിന് അനുഗുണമല്ലെന്ന് കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിവിധ കോഴ്സുകളോടുള്ള കുട്ടികളുടെ താത്പര്യം കണക്കിലെടുത്ത് സബ്ജക്റ്റ് കോമ്പിനേഷനുകളിൽ മാറ്റം വരുത്തുന്നതും പരിഗണിക്കേണ്ടതാണ്. ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിൽ വരുത്തേണ്ടതായ മാറ്റങ്ങളെക്കുറിച്ചും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതും സർക്കാർ വിശദമായി പരിശോധിക്കണം.