പെരുമഴക്കാലമായി, ജാഗ്രത വേണം
സംസ്ഥാനത്തു കാലവർഷം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും കാറ്റും പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങൾക്കു കാരണമായിട്ടുണ്ട്. വീടിന്‍റെ മതിൽ ഇടിഞ്ഞുവീണും വീടിനു മുകളിൽ മരം വീണും കിണർ ഇടിഞ്ഞുവീണും ഒഴുക്കിൽപെട്ടുമൊക്കെയുള്ള മരണം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായി. തിരുവനന്തപുരത്ത് പട്ടം ഗവൺമെന്‍റ് ഗേൾസ് സ്കൂളിലെ മതിൽ ഇടിഞ്ഞുവീണത് രാവിലെ സ്കൂൾ തുറക്കുന്നതിനു മുൻപേ ആയതിനാൽ വൻ ദുരന്തം ഒഴിവായി. പത്തനംതിട്ടയിൽ കൂടൽ ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു മുകളിലേക്കു വൻ ആൽമരം കടപുഴകി വീണതു പുലർച്ചെ ആയതിനാലും ദുരന്തം ഒഴിവായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതികളിൽ കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. വലിയ തോതിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്കു നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. മുൻ കരുതൽ എന്ന നിലയിൽ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുന്നു.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണു മുന്നറിയിപ്പുകൾ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലെർട്ടാണ്. മറ്റു ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലെർട്ടുകൾ നിലവിലുണ്ട്. കാറ്റും കടലാക്രമണ സാധ്യതയും കണക്കിലെടുത്തു മത്സ്യബന്ധനത്തിനു പൂർണ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കണമെന്നാണു വിദഗ്ധർ നിർദേശിക്കുന്നത്. അതിതീവ്ര മഴയുടെ ദിനങ്ങൾ മുന്നിൽക്കണ്ട് സർക്കാരും ജനങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോ പ്രദേശത്തും ജനങ്ങൾ നേരിടുന്ന മഴദുരിതങ്ങൾ കണ്ടറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഒട്ടും മടിക്കരുത്.
പത്തനംതിട്ട കൂടൽ ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് അപകടകരമായ രീതിയിൽ നിന്നിരുന്ന ആൽമരം മുറിച്ചുമാറ്റണമെന്ന ആവശ്യം ജില്ലാ പഞ്ചായത്ത് പലവട്ടം അവഗണിച്ചുവെന്ന് സ്കൂളുമായി ബന്ധപ്പെട്ടവർ പറയുന്നുണ്ട്. ഇനിയും എവിടെയൊക്കെയാണ് ഇത്തരത്തിൽ അപകടകരമായ മരങ്ങൾ നിൽക്കുന്നതെന്നു കണ്ടെത്തി ഉടൻ അവയെല്ലാം മുറിച്ചു മാറ്റേണ്ടതാണ്. ഇത്തരത്തിലുള്ള അവഗണനകളാണ് വലിയ ദുരന്തങ്ങൾക്കു കാരണമാവുക. സ്കൂളുകളുടെ സുരക്ഷ അധ്യയന വർഷം തുടങ്ങും മുൻപേ ഉറപ്പാക്കേണ്ടതായിരുന്നു. അതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് എന്നാണല്ലോ ആൽമരം കടപുഴകി വീണതു തെളിയിക്കുന്നത്.
സ്കൂളുകളിൽ മാത്രമല്ല പൊതുവിടങ്ങളിൽ എവിടെയായാലും അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കേണ്ടതുണ്ട്. അവർ ഉടനടി അതിന്മേൽ നടപടികളും സ്വീകരിക്കേണ്ടതാണ്. മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൊക്കെ അപകടകരമാണ്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനുമുള്ള സാധ്യതകൾ മുൻനിർത്തിയുള്ള നടപടികളും മഴക്കാല ജാഗ്രതയുടെ ഭാഗമാണ്. മഴക്കാലത്ത് ഉരുൾപൊട്ടലുകളിൽ മനുഷ്യ ജീവനുകൾ നഷ്ടമാവുന്നതു സമീപവർഷങ്ങളിൽ നമുക്കു കാണേണ്ടിവന്നിട്ടുണ്ട്. അതെല്ലാം പാഠമായെടുത്തു മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറുന്നതിനും തയാറാവേണ്ടയിരിക്കുന്നു. അത്യാവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതുണ്ട്. അപകട മുന്നറിയിപ്പുള്ളപ്പോൾ വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും ഒക്കെ കാണാനുള്ള യാത്രകൾ സുരക്ഷിതമായിരിക്കില്ല. ജലാശയങ്ങളോടു ചേർന്നുള്ള റോഡുകളിൽ യാത്ര ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീണുള്ള അപകടങ്ങൾക്കും സാധ്യത കാണാതിരിക്കരുത്.
കനത്ത മഴ മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വരികയാണെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്നതാണു നല്ലത്. രാവിലെ അവധി പ്രഖ്യാപിച്ചപ്പോഴൊക്കെക്കും വെള്ളക്കെട്ടുകൾ കടന്നും പെരുമഴ നനഞ്ഞും കുട്ടികൾ വളരെ ബുദ്ധിമുട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയ അവസരങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അതേ ബുദ്ധിമുട്ടോടെ വേണം അവർക്ക് വീടുകളിലേക്കു തിരിച്ചുപോകാനും. ഇങ്ങനെ കുട്ടികളെ കഷ്ടപ്പെടുത്തുന്ന അവസരങ്ങൾ ഉണ്ടാവുന്നില്ലെന്ന് ജില്ലാ കലക്റ്റർമാർ ഉറപ്പാക്കട്ടെ. പെരുമഴക്കാലമാവുന്നതോടെ തീരദേശങ്ങളിൽ രൂക്ഷമായ കടലാക്രമണ ഭീതിയും ഉയരാൻ തുടങ്ങും. 580 കിലോമീറ്ററോളം വരുന്നതാണു കേരളത്തിന്‍റെ തീരമേഖല. അതിൽ ഏറെ ഭാഗത്തും കടൽക്ഷോഭ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഇക്കാലയളവിൽ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും നെഞ്ചിൽ തീയാവും. അവരെ സഹായിക്കാനുള്ള നടപടികൾ കടലാസിലും വാക്കുകളിലും മാത്രം ഒതുങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കടൽ കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതടക്കം ജോലികൾ ബന്ധപ്പെട്ട അധികൃതർക്കു നിർവഹിക്കേണ്ടതായിട്ടുണ്ട്.