അവഗണിക്കാനാവില്ല, കുട്ടികളോടുള്ള ക്രൂരത | മുഖപ്രസംഗം representative image
Editorial

അവഗണിക്കാനാവില്ല, കുട്ടികളോടുള്ള ക്രൂരത | മുഖപ്രസംഗം

പരിഷ്കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് കുട്ടികളോടുള്ള ക്രൂരത. എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കരായ കുട്ടികളോട് കരുണവറ്റിയ രീതിയിൽ പെരുമാറുന്നത് മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. പലവിധത്തിൽ കുട്ടികൾ ഉപദ്രവിക്കപ്പെടുന്നതു തടയാനുള്ള നടപടികൾ കാലാകാലങ്ങളിൽ സർക്കാരുകൾ സ്വീകരിച്ചുവരുന്നുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ ഭാവി ശോഭനമാക്കുന്നതിനും വേണ്ടിയാണു ശിശുക്ഷേമ സമിതി രൂപവത്കരിച്ച് അതിന്‍റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ജനിച്ച ഉടൻ തെരുവിലേക്കു വലിച്ചെറിയപ്പെടുന്നവരെയും സ്നേഹവും പരിചരണവും ലഭിക്കാതെ ജീവിതം വാടിപ്പോകാൻ ഇടയുള്ളവരെയും സംരക്ഷിക്കാനും ഇല്ലായ്മകളിൽ തളർന്നുപോകാതെ അവരെ വളർത്തിക്കൊണ്ടുവരാനും ശിശുക്ഷേമ സമിതി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. അമ്മത്തൊട്ടിലും ക്രെഷ് സെന്‍ററുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ശിശുക്ഷേമ സമിതി നടത്തിവരുന്നുമുണ്ട്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും അവയ്ക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് ഈ സമിതിയാണ്. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള അതിന്‍റെ പ്രവർത്തനം കുറ്റമറ്റ രീതിയിൽ നടപ്പാവുന്നുവെന്ന് ഓരോ ദിവസവും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്.

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് പിഞ്ചുകുഞ്ഞിനോട് ചില ആയമാർ കാണിച്ച ക്രൂരതയാണ് ഇത്രയും പറയാൻ ഇടയാക്കിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിന്‍റെ പേരിലാണത്രേ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയ മുറിവേല്‍പ്പിച്ചത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിയുടെ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായിട്ടുള്ളത്. കുട്ടിക്കെതിരേയുള്ള ക്രൂരത തിരിച്ചറിഞ്ഞപ്പോൾ തന്നെ ശിശുക്ഷേമ സമിതി അധികൃതർ അതിന്മേൽ നടപടിയെടുക്കാൻ തയാറായതു സ്വാഗതാർഹമാണ്. ഈ ക്രൂരത പുറത്തുവരാതെ ഒതുക്കിവച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള "കാടൻ ശിക്ഷാ രീതി'കൾ ആവർത്തിക്കുമായിരുന്നു. താത്കാലിക ജീവനക്കാരായ ആയമാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചതെന്നും മറ്റു രണ്ടുപേര്‍ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവച്ചെന്നുമാണ് പറയുന്നത്. സ്ഥിരമായി കുട്ടിയെ പരിചരിച്ചിരുന്ന മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ദിവസം നാലാമതൊരാള്‍ കുളിപ്പിക്കുമ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതു ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

അമ്മ മരിച്ചതിനു പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് രണ്ടര വയസുകാരിയെയും മൂത്ത സഹോദരി അഞ്ചു വയസുകാരിയെയും ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടത്രേ. ഇതിന്‍റെ പേരില്‍ കുട്ടിയുടെ ശരീരത്തില്‍ നഖം പതിപ്പിച്ച് നുള്ളി മുറിവേല്‍പ്പിച്ചുവെന്നാണ് ആയമാര്‍ സമ്മതിച്ചത്. ഒപ്പം‌ കുട്ടിയുടെ ജനനേന്ദ്രിയത്തിലും നുള്ളി മുറിവേല്‍പ്പിക്കുകയായിരുന്നു. മറ്റാരും സംരക്ഷിക്കാനില്ലാത്ത പാവപ്പെട്ട കുട്ടികളോട് ഏറ്റവും സ്നേഹത്തോടെയും അനുകമ്പയോടെയും പെരുമാറേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. ശിശുക്ഷേമ സമിതി പോലുള്ള സ്ഥാപനങ്ങൾ അതിൽ മുൻപന്തിയിൽ തന്നെ നിൽക്കേണ്ടതുണ്ട്. അത്തരം സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർ എത്രത്തോളം വിശാല ഹൃദയമുള്ളവരാവണമെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികളുടെ സംരക്ഷണം വെറുമൊരു ജോലിയായി കാണുന്നവർക്കു പറ്റിയതല്ല ശിശുക്ഷേമ സമിതി പോലുള്ള സംവിധാനങ്ങൾ. അവിടെ കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ട്.

നൂറ്റമ്പതോളം കുട്ടികളാണ് തലസ്ഥാന നഗരിയിൽ ശിശുക്ഷേമ സമിതിയിലുള്ളത്. അവർക്കായി 103 ആയമാർ വിവിധ ഷിഫ്റുകളിലായി ജോലി നോക്കുന്നുണ്ട്. ഇവരിൽ ഒരാൾ പോലും കുട്ടികളോട് എങ്ങനെ പെരുമാറണമെന്നു ധാരണയില്ലാത്തവരായി ഉണ്ടാവരുത്. അതിന് അവർക്ക് എത്ര പരിശീലനം നൽകണോ അതെല്ലാം നൽകേണ്ടതുമുണ്ട്. ചെറിയ വീഴ്ച്ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ലെന്നതുകൊണ്ടാണ് ആയമാർക്കെതിരേ നടപടികളിലേക്കു കടന്നതെന്നു ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പറയുന്നുണ്ട്. ഈ വാക്കുകൾ എല്ലാകാര്യത്തിലും ബാധകമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹം തന്നെയാണ്. കുട്ടികളെ ഉപദ്രവിക്കുന്നതു സംബന്ധിച്ച് സമാനമായ ആരോപണം ഇവിടെ മുൻപും ഉയർന്നിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് ലഘൂകരിക്കുന്നതിൽ അർഥമില്ല. എല്ലാ ആയമാരുടെയും പ്രവർത്തനം വിശദമായി പരിശോധിച്ച് തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ അധികൃതർക്കു കഴിയണം. ശിശുക്ഷേമ സമിതിയിലെ നിയമനങ്ങളിൽ അതിരുകടന്ന രാഷ്ട്രീയ സ്വാധീനമാണുള്ളതെങ്കിൽ അതും നല്ല കാര്യമല്ല. കുറ്റവാളികൾ രാഷ്ട്രീയ സ്വാധീനത്തിന്‍റെ പേരിൽ തന്നെ സംരക്ഷിക്കപ്പെടുമല്ലോ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു