കൊവിഡ്: ആശങ്ക വേണ്ട, ജാഗ്രത വേണം
രാജ്യത്ത് കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ചുവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ആവശ്യമായിവരുന്ന നാളുകളാണിത്. ഏഷ്യൻ രാജ്യങ്ങളിൽ അടുത്തിടെ വ്യാപിച്ച കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇന്ത്യയിലും കാണുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എത്ര വേഗത്തിൽ എവിടേക്കൊക്കെ കേസുകൾ വ്യാപിക്കുന്നുവെന്നും അതിൽ എത്ര കേസുകൾ ഗുരുതരമാകുന്നുവെന്നും നിരീക്ഷിച്ചുവരുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. എൽഎഫ് 7, എക്സ്എഫ്ജി, ജെഎൻ1, എൻബി 1.8.1 വകഭേദങ്ങൾ രാജ്യത്തു കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് സജീവ കൊവിഡ് കേസുകൾ ആയിരത്തിലേറെയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഏതാനും കൊവിഡ് മരണങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവുമധികം സജീവ കേസുകളുള്ളതു കേരളത്തിലാണെന്നത് നമ്മുടെ ജാഗ്രത വർധിപ്പിക്കേണ്ടിയിരിക്കുന്നു എന്നാണു കാണിക്കുന്നത്. നാഞ്ഞൂറിലേറെ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവര ശേഖരണം കൃത്യമായി നടക്കുന്നതുകൊണ്ട് കേരളത്തിലെ മുഴുവൻ കേസുകളും കണക്കിൽ വരുന്നുവെന്നാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്. സമീപ ദിവസങ്ങളിൽ രണ്ടു പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഈ മാസം മാത്രം ഇരുനൂറ്റിയമ്പതിലേറെ കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചു പേർ അവിടെ കൊവിഡ് ബാധിച്ചു മരിച്ചു. രാജസ്ഥാനിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ ബംഗളൂരുവിലും ഒരു മരണം സ്ഥിരീകരിച്ചു. ഡൽഹിയിലും തമിഴ്നാട്ടിലും ഗുജറാത്തിലുമൊക്കെ കേസുകൾ വർധിക്കുന്നുണ്ട്.
കേരളത്തിൽ കനത്ത മഴയോടെ കാലവർഷം ആരംഭിച്ച സമയത്തു തന്നെയാണ് കൊവിഡ് കേസുകളും വർധിക്കുന്നത്. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനൊപ്പം വേണം കൊവിഡിന്‍റെ ഭീഷണിയും മറികടക്കേണ്ടത്. കേരളത്തിൽ മഴക്കാലം പലവിധ പകർച്ചവ്യാധികളുടെയും കാലമാണല്ലോ. ഡെങ്കിപ്പനിയും എലിപ്പനിയും ചിക്കുൻഗുനിയയും ടൈഫോയ്ഡും മഞ്ഞപ്പിത്തവും അടക്കം രോഗങ്ങൾ പടരാതിരിക്കാനുള്ള ജാഗ്രത പുലർത്തുന്നതിനൊപ്പമാണ് കൊവിഡ് വ്യാപനവും തടയേണ്ടത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു കൂടുതൽ കൊവിഡ് കേസുകളുള്ളത് എന്നാണു റിപ്പോർട്ടുകൾ. രോഗലക്ഷണങ്ങളുള്ളവർക്കു കൃത്യമായ പരിശോധന നടത്തുകയും രോഗനിർണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. രോഗവ്യാപനം തടയാനുള്ള നടപടികളിൽ ആരോഗ്യ വകുപ്പുമായി ജനങ്ങൾ സഹകരിച്ചു പ്രവർത്തിക്കേണ്ടതുമുണ്ട്. ജില്ലകളിൽ നിന്ന് കൃത്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടണം. കേസുകൾ വർധിക്കുന്നുണ്ടോയെന്നു കണ്ടെത്തി അതനുസരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
രോഗവ്യാപനം തടയുന്നതിൽ സ്വയം പ്രതിരോധത്തിനു പ്രധാന പങ്കുണ്ട്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നുണ്ട്. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രാലയം അറിയിക്കുന്നു. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന നിർദേശം പാലിക്കാനും ജനങ്ങൾ തയാറാവേണ്ടതുണ്ട്. ആശുപത്രികളിൽ എല്ലാ സൗകര്യവും ഒരുക്കുന്നത് ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്നുള്ള പ്രധാന ഉത്തരവാദിത്വമാണ്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റു സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഓക്സിജൻ ബെഡ്ഡുകളും വെന്‍റിലേറ്ററുകളും അടക്കമുള്ള സൗകര്യങ്ങൾ ആവശ്യത്തിനുണ്ടാവണം. ഏതു സാഹചര്യവും നേരിടാൻ മുൻകരുതലെടുക്കുക എന്നതു പ്രധാനമാണ്.
വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുകയായി. പനിയും ജലദോഷവും ചുമയും മറ്റുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. സ്കൂൾ സമയത്ത് കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ രക്ഷിതാക്കളെ ബന്ധപ്പെടുകയും കുട്ടികൾ സുരക്ഷിതമായി വീടുകളിലെത്തുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഇപ്പോൾ കാണുന്ന വൈറസിന് രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നാണു പറയുന്നത്. അതുകൊണ്ടു തന്നെ ഭയപ്പെടാനില്ല. പക്ഷേ, രോഗവ്യാപനം പരമാവധി ഒഴിവാക്കുന്നതിലും കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണല്ലോ. തുടക്കത്തിൽ ജാഗ്രത പുലർത്താതിരിക്കുകയും മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്താൽ അതു വൈറസിനു പടരാൻ സഹായകരമാവും.