കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം പുറത്തുവന്നിട്ട് ഒരു മാസത്തോളമായി. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രമല്ല സംസ്ഥാനത്തെ അപ്പാടെ അമ്പരപ്പിച്ച സംഭവമായിരുന്നു അത്. കോളെജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പേര് സർവകലാശാലയ്ക്കു കൈമാറിയപ്പോൾ ജയിച്ച യുയുസിയുടെ പേരിനു പകരം എസ്എഫ്ഐ നേതാവ് വിശാഖിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു. സർവകലാശാലാ രജിസ്ട്രാർ നൽകിയ ആൾമാറാട്ട പരാതിയിൽ കേസെടുത്ത പൊലീസിന് ഇനിയും ഇതിൽ പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ഒന്നും കഴിഞ്ഞിട്ടില്ല. വളരെ മന്ദഗതിയിലാണ് കേസ് അന്വേഷണം പോകുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. എസ്എഫ്ഐക്കാരായ പ്രതികളെ സഹായിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് ആരോപണം. ആൾമാറാട്ടത്തിലൂടെ ലിസ്റ്റിൽ കയറിപ്പറ്റിയ വിശാഖ് ഇപ്പോഴും ഒളിവിലാണെന്നാണു പറയുന്നത്. കോളെജ് അധികൃതരുടെയും സർവകലാശാലാ രജിസ്ട്രാറുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ്, കേസ് അന്വേഷണം ഊർജിതമാക്കുന്നതിൽ അനാസ്ഥ കാണിച്ചാൽ അതിന്റെ പ്രയോജനം ലഭിക്കുക ആരോപണ വിധേയർക്കാണ്. പ്രായപരിധി പിന്നിട്ടതിനാൽ മത്സരിക്കാൻ കഴിയാതിരുന്ന നേതാവിനു വേണ്ടി നടത്തിയ ആൾമാറാട്ടം ആരൊക്കെ ചേർന്ന് ആസൂത്രണം ചെയ്തതാണ്, ആർക്കൊക്കെയാണ് നേരിട്ടു പങ്കുള്ളത് തുടങ്ങിയ വിവരങ്ങളെല്ലാം പുറത്തുവരാനിരിക്കുകയാണ്.
ഈ കേസ് ഇങ്ങനെ എവിടെയുമെത്താതെ നിൽക്കുമ്പോഴാണ് മുൻ എസ്എഫ്ഐ നേതാവായിരുന്ന കെ. വിദ്യയുടെ വ്യാജരേഖ കേസും ഉയരുന്നത്. മഹാരാജാസ് കോളെജിന്റെ പേരിൽ രണ്ടു വർഷത്തെ വ്യാജ പ്രവൃത്തി പരിചയ രേഖയുണ്ടാക്കി അത് ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി നേരത്തേ ജോലി നേടിയെന്നും ഇപ്പോൾ മറ്റൊരു കോളെജിൽ അതേ വ്യാജരേഖയുമായി അഭിമുഖത്തിനെത്തിയെന്നുമാണ് വിദ്യക്കെതിരേ ഉയർന്ന ആരോപണം. ഈ മാസം രണ്ടിന് അട്ടപ്പാടി ഗവ. കോളെജിൽ ഗസ്റ്റ് ലക്ചററുടെ അഭിമുഖത്തിനെത്തിയപ്പോൾ വിദ്യ ഹാജരാക്കിയ രേഖയാണു വ്യാജമെന്നു കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള തട്ടിപ്പുകൾ നടക്കുന്നുവെന്ന് ദിവസങ്ങൾക്കിടെ ആവർത്തിച്ചു തെളിയിക്കുകയായിരുന്നു ഈ സംഭവവും. അതിലും പക്ഷേ, കേസ് അന്വേഷണം ഇഴയുന്നു എന്ന പ്രതീതിയാണുള്ളത്.
മഹാരാജാസ് കോളെജ് വിദ്യാർഥിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന മാർക്ക് ലിസ്റ്റ് പുറത്തുവന്നതിനൊപ്പമാണ് വിദ്യയുടെ വ്യാജരേഖയും വാർത്തയായത്. മാർക്ക് ലിസ്റ്റ് സംഭവത്തിൽ തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ആർഷോയുടെ പരാതിയിൽ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരേ വരെ കേസെടുക്കാൻ അമിതോത്സാഹം കാണിച്ച പൊലീസാണ് ദിവസങ്ങളായിട്ടും വ്യാജരേഖക്കേസിൽ ഒരു തുമ്പുമില്ലാതെ അലയുന്നത്! എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും വിദ്യ ഒളിവിൽ തുടരുകയാണ്. അവരെ കണ്ടെത്താൻ കാര്യമായി ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ആൾമാറാട്ട കേസിൽ എന്നപോലെ ഈ കേസിലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുകയാണു പൊലീസ് എന്നാണ് ആരോപണം.
വിദ്യയുടെ വസതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് വ്യാജരേഖയുടെ അസൽ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നാണു പറയുന്നത്. വ്യാജരേഖയുണ്ടാക്കാൻ ആരൊക്കെ സഹായിച്ചു, ഇതുപോലെ മറ്റാർക്കൊക്കെ വ്യാജരേഖകൾ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട് തുടങ്ങി നിരവധി കാര്യങ്ങളാണ് പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടത്. വ്യാജരേഖയുടെ അസൽ അടക്കം നിർണായക തെളിവുകളെല്ലാം നശിപ്പിക്കാനുള്ള അവസരമാണ് പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോൾ കുറ്റവാളികൾക്കു ലഭിക്കുക. തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോകുന്നുവെന്നു പരാതി ഉയർന്നതാണ്. വ്യാജരേഖ സംബന്ധിച്ച് മഹാരാജാസ് കോളെജിൽ നിന്നുള്ള പരാതി എറണാകുളം പൊലീസിലാണ് ലഭിക്കുന്നത്. ഈ കേസ് അഗളി പൊലീസിനു കൈമാറുന്നത് ഒരാഴ്ചയ്ക്കു ശേഷമാണ്. ഈ സമയം തന്നെ തെളിവുകൾ നശിപ്പിക്കാൻ അവസരമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അട്ടപ്പാടി കോളെജിൽ വിദ്യ അഭിമുഖത്തിനെത്തിയ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ഈ ദൃശ്യങ്ങളുണ്ടെന്ന് കോളെജ് പ്രിൻസിപ്പൽ വെളിപ്പെടുത്തുകയുണ്ടായി. ഇക്കാര്യത്തിലും പൊലീസിന്റെ അലംഭാവമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേസിൽ വിദ്യയെ മാത്രമല്ല വ്യാജരേഖയുണ്ടാക്കാൻ അവരെ സഹായിച്ച മുഴുവൻ ആളുകളെയും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. സിപിഎം നേതാക്കളാണ് വിദ്യയെ സംരക്ഷിക്കുന്നതെന്നും കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോയി സഹായിക്കുന്നുവെന്നുമുള്ള പ്രതിപക്ഷ ആരോപണം തെറ്റാണെന്നു തെളിയിക്കേണ്ടത് സർക്കാരും പൊലീസും തന്നെയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആൾമാറാട്ടവും വ്യാജരേഖയും ആവർത്തിക്കാതിരിക്കണമെങ്കിൽ കുറ്റവാളികൾക്ക് ഒരുവിധ സംരക്ഷണവും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവണം. രാഷ്ട്രീയം നോക്കി പൊലീസ് ചുവടുവച്ചാൽ ജനങ്ങൾക്ക് അവരെ എങ്ങനെയാണു വിശ്വസിക്കാനാവുക.