ഇനിയും ഉറപ്പായില്ല, ഡോക്റ്റർമാരുടെ സുരക്ഷ

 

file image

Editorial

ഇനിയും ഉറപ്പായില്ല, ഡോക്റ്റർമാരുടെ സുരക്ഷ

താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ മുറിയിലേക്ക് കൊടുവാളുമായി അനായാസം കയറിച്ചെല്ലാൻ പ്രതിക്കു കഴിഞ്ഞു എന്നത് സംവിധാനത്തിന്‍റെ പരാജയം തന്നെയാണ്.

MV Desk

സർക്കാർ ആശുപത്രികളിൽ ഡോക്റ്റർമാർ അടക്കം ആരോഗ്യ പ്രവർത്തകർക്കു സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത എത്രയോ വട്ടം ചർച്ച ചെയ്യപ്പെട്ടതാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോക്റ്റർ വന്ദന ദാസ് 2023 മേയ് 10ന് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റുമരിച്ച സംഭവത്തിനു ശേഷം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയുമുണ്ടായി. മികച്ച ചികിത്സയും പരിചരണവും ലഭിക്കുവാൻ ആരോഗ്യ സ്ഥാപനങ്ങളിൽ സമാധാനപൂർണമായ അന്തരീക്ഷം അത്യാവശ്യമെന്നു തിരിച്ചറിഞ്ഞാണ് നിയമഭേദഗതിയുണ്ടായത്. ഇതു പ്രകാരം കൂടുതൽ വിഭാഗങ്ങൾ ആരോഗ്യപ്രവർത്തകർ എന്ന പരിഗണനയിൽ ഉൾപ്പെട്ടു. ആരോഗ്യപ്രവർത്തകർക്കു നേരേയുള്ള ആക്രമണങ്ങൾക്കു ശിക്ഷ വർധിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകനു നേരേയുള്ള ആക്രമണങ്ങൾക്ക് പരമാവധി ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിൽ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചു. സർക്കാർ ആശുപത്രികളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കപ്പെട്ടതാണ്. എന്നാൽ, സർക്കാർ ആശുപത്രിയിൽ വീണ്ടും ഒരു ഡോക്റ്റർ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഈ സംഭവത്തിലും സുരക്ഷാ സംവിധാനത്തിലെ പിഴവു പ്രകടമാണ്. താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ മുറിയിലേക്ക് കൊടുവാളുമായി അനായാസം കയറിച്ചെല്ലാൻ പ്രതിക്കു കഴിഞ്ഞു എന്നത് സംവിധാനത്തിന്‍റെ പരാജയം തന്നെയാണ്.

ആവശ്യത്തിനു പൊലീസ് കാവലോ മറ്റു സുരക്ഷാ ജീവനക്കാരോ നിരീക്ഷണ ക്യാമറ സംവിധാനമോ ഇല്ലാത്ത ആശുപത്രികൾ കേരളത്തിലുണ്ട് എന്നതു വസ്തുതയാണ്. ഇവിടെയൊക്കെ ആരോഗ്യ പ്രവർത്തകർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ ഇനിയും വൈകിക്കൂടാ. അതല്ലെങ്കിൽ നമ്മുടെ ആരോഗ്യ മേഖലയെ തന്നെ അതു ബാധിക്കും. ചികിത്സ തൃപ്തികരമായി തോന്നിയില്ല എന്ന പേരിൽ ഡോക്റ്റർമാർ ആക്രമിക്കപ്പെട്ടാൽ എന്തു ധൈര്യത്തിലാണ് അവർ രോഗികളെ ചികിത്സിക്കുക. രോഗിയുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിനു സാധ്യതയുണ്ടെന്നു വന്നാൽ തന്‍റെ സുരക്ഷ ഉറപ്പാക്കുന്ന ചികിത്സയേ ഡോക്റ്റർ നടത്തി എന്നുവരൂ. അടിയന്തര സാഹചര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ പോലും ഒരു സ്വയം പ്രതിരോധം ഡോക്റ്ററുടെ മനസിലുണ്ടായാൽ അതു രോഗിക്കു ഗുണകരമാവില്ല. ആരോഗ്യ പ്രവർത്തകർ ജീവൻ പണയം വച്ച് സേവനം നടത്തേണ്ടിവരുന്നത് സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങൾ അവർക്കു സുരക്ഷിതത്വം ഉറപ്പുനൽകാത്തതു കൊണ്ടു തന്നെയാണ്.

താമരശേരി താലൂക്ക് ആശുപത്രിയിൽ വച്ച് തലയിൽ ആഴത്തിലുള്ള വെട്ടേറ്റ ഡോക്റ്റർ വിപിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ഡോക്റ്ററെ വെട്ടിയ സനൂപ് എന്നയാളെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്. അടുത്തിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒമ്പതു വയസുകാരിയുടെ പിതാവാണ് സനൂപ്. താലൂക്ക് ആശുപത്രിയിൽ തന്‍റെ മകൾക്കു വേണ്ട ചികിത്സ കിട്ടിയില്ല എന്ന പരാതിയാണു അച്ഛനുണ്ടായിരുന്നത്. പനി ലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലേക്കു മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണു കുട്ടി മരിച്ചത്. സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ വച്ച് രോഗം മൂർച്ഛിച്ചുവെന്നും രോഗം എന്താണെന്നു സ്ഥിരീകരിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നും കുട്ടിയുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് അദ്ദേഹത്തിന്‍റെ മുറിയിലേക്കു വന്നതെന്നും ഡോക്റ്റർ വിപിനെ ആളുമാറി വെട്ടുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. മകൾ മരിച്ച ഒരു കുടുംബത്തിന്‍റെ തീരാദുഃഖം മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അതിന്‍റെ പേരിൽ ചികിത്സിച്ച ആശുപത്രിയിലെ ഒരു ഡോക്റ്റർ ആക്രമിക്കപ്പെടുന്ന സാഹചര്യം കർശനമായ സുരക്ഷാ സംവിധാനങ്ങളാൽ തടയപ്പെടേണ്ടതാണ്.

ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടു എന്നാണ് ഡോക്റ്റർമാരുടെ സംഘടനയായ കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ചൂണ്ടിക്കാണിക്കുന്നത്. വന്ദനദാസ് കൊല്ലപ്പെട്ട സമയത്തു നൽകിയ ഉറപ്പുകൾ പാഴായെന്നും അവർ കുറ്റപ്പെടുത്തുന്നു. ഡോക്റ്റർ വിപിനു വെട്ടേറ്റതിനെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ സംഘടന മിന്നൽ സമരം പ്രഖ്യാപിക്കുകയും ചെയ്തു. താമരശേരി താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം പൂർണമായും നിർത്തിവച്ചെന്നും അവർ അറിയിച്ചു. ഡോക്റ്റർമാരുടെ സംഘടനയുമായി ചർച്ച നടത്താനും അവരുടെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കാനും സർക്കാർ തയാറാവേണ്ടതുണ്ട്. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുന്നത് ആയിരക്കണക്കിനു പാവപ്പെട്ട രോഗികളെയാണു ബാധിക്കുക. ഒരു ദിവസം ഡോക്റ്റർമാരുടെ സേവനം തടസപ്പെടുന്നതു പോലും രോഗികൾക്കു വലിയ വിഷമമായി മാറും. ആരോഗ്യ പ്രവർത്തകർ നാടിനു ചെയ്യുന്ന സംഭാവനകൾ എത്ര വലുതാണെന്ന തിരിച്ചറിവിൽ നിന്നുവേണം അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടത്.

കൊച്ചിയിൽ 80 ലക്ഷം കവർന്നതിൽ ദുരൂഹത; നോട്ടിരട്ടിപ്പ് ഇടപാടെന്ന് സംശയം

മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകുന്നത് തടഞ്ഞത് ആരാണ്? കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് മോദി

ഭിന്നശേഷി സംവരണത്തില്‍ പ്രശ്നം പരിഹരിച്ചു പോകും: വി. ശിവന്‍കുട്ടി

വ്യാഴാഴ്ച ഡോക്റ്റർമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു