സംസ്ഥാന സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഓണക്കാലത്ത് സാധാരണക്കാർക്കും കർഷകർക്കും ദുരിതം വർധിപ്പിക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്. ഓണത്തിന് ഇത്തവണ എല്ലാവർക്കും കിറ്റ് നൽകാൻ കഴിയില്ല എന്നു പറയുന്നതു മാത്രമല്ല പ്രശ്നം. നെല്ല് സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ളത് കോടിക്കണക്കിനു രൂപയാണ്. അതു കിട്ടാതെ ഓണം ആഘോഷിക്കാൻ മാത്രമല്ല അടുത്ത കൃഷിയിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണു നെൽ കർഷകർ പലരും. നെല്ലിന്റെ സംഭരണ വില നൽകാത്തതിൽ പ്രതിഷേധിച്ച് പലയിടത്തും കർഷകർ മാർച്ചും ധർണയുമൊക്കെ നടത്തിവരികയാണ്. എന്നു പണം ലഭിക്കുമെന്നു പോലും കൃത്യമായി സപ്ലൈകോ പറയുന്നില്ലെന്നു കർഷകർ പരാതിപ്പെടുന്നുണ്ട്. സർക്കാരിൽ നിന്നു പണം കിട്ടാതെ സപ്ലൈകോയ്ക്ക് ഒന്നും ചെയ്യാനാവില്ല. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രത്തിൽ നിന്ന് 500 കോടിയും സംസ്ഥാനത്തിന്റേതായി 1200 കോടിയോളവും രൂപ സപ്ലൈകോയ്ക്കു ലഭിക്കാനുണ്ട്. ഇതു കിട്ടാത്ത സാഹചര്യത്തിൽ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കേരള ബാങ്കിൽ നിന്നു വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ചില തർക്കങ്ങളെക്കുറിച്ചും കേൾക്കുന്നുണ്ട്. എന്തായാലും എല്ലാ കർഷകർക്കും ഓണത്തിനു മുൻപ് അവർ നൽകിയ നെല്ലിന്റെ പണമെങ്കിലും ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കടംകയറി തലപൊക്കാൻ കഴിയാതിരിക്കുകയാണ് സപ്ലൈകോ. ഈ സ്ഥാപനത്തെ സഹായിക്കാൻ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ ഓണത്തിനു വിപണിയിൽ ഇടപെട്ട് അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിലും പരാജയപ്പെടും. പല സാധനങ്ങളും സപ്ലൈകോ വഴി സബ്സിഡി വിലയ്ക്കു വിതരണം ചെയ്യുന്നത് സാധാരണക്കാരെ സഹായിക്കാറുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും ഈ നടപടി ഉപകരിക്കും. എന്നാൽ, പണമില്ലാതെ പ്രതിസന്ധിയിൽ അകപ്പെട്ട സപ്ലൈകോയ്ക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിലും പരിമിതികളായി. വലിയ തോതിൽ കുടിശ്ശിക വന്നതോടെ സപ്ലൈകോയ്ക്കു സാധനങ്ങൾ എത്തിക്കാൻ വിതരണക്കാർ തയാറാവുന്നില്ല. ഓണക്കാലത്ത് പേരിനു മാത്രമായി ഈ ഔട്ട് ലെറ്റുകളുടെ പ്രവർത്തനം ഒതുങ്ങിയാൽ സാധാരണക്കാർ വിലക്കയറ്റത്തിന്റെ പിടിയിൽ അകപ്പെടും. ജനങ്ങളെ ചൂഷണത്തിനു വിട്ടുകൊടുക്കുന്നതിനു തുല്യമാവും അത്.
നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക നൽകാനും വിപണി ഇടപെടലിനുമായി സപ്ലൈകോയ്ക്ക് 250 കോടി രൂപ നൽകാനാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് തീരുമാനിച്ചത്. ഇതിൽ 180 കോടി രൂപ നെല്ല് സംഭരിച്ചതിനും 70 കോടി വിപണി ഇടപെടലിനുമാണ്. 450 കോടിയോളം രൂപയാണ് നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ കർഷകർക്കു നൽകാനുള്ളത്. വിപണി ഇടപെടലിനായി സാധനങ്ങൾ വാങ്ങിയ വകയിൽ വിതരണക്കാർക്ക് ഇപ്പോൾ തന്നെ 560 കോടി രൂപ കുടിശ്ശികയുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന 250 കോടി രൂപ കൊണ്ട് എന്തു ചെയ്യാനാണ്. പൊതുഖജനാവിന്റെ സ്ഥിതി മോശമായിരിക്കുന്നതിനാൽ വലിയ സഹായമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രാലയം പറഞ്ഞാൽ ഓണക്കാലത്ത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയാവും സപ്ലൈകോയുടേത്.
സർക്കാരിന്റെ പ്രതിസന്ധി തീരണമെങ്കിൽ എടുത്താൽ പൊന്താത്ത കടമെടുപ്പു വേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സപ്ലൈകോയ്ക്കും കർഷകർക്കും മാത്രമല്ല കോടികളുടെ കുടിശ്ശികയുള്ളത്. മൂന്നു മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷൻ കുടിശ്ശിക കൊടുക്കാനുണ്ട്. മൂവായിരം കോടിയോളം രൂപ അതിനു വേണ്ടിവരും. ഈ പെൻഷൻ കൊടുത്തില്ലെങ്കിൽ എത്രയോ പാവപ്പെട്ടവരുടെ ഓണമാണു കണ്ണീരിലാവുക. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ബോണസും ഉത്സവബത്തയും എല്ലാം വിതരണം ചെയ്യാൻ വേണ്ടിവരുന്നതും കോടികളാണ്. ഇരുപതിനായിരം കോടിയോളം രൂപയുടെ ക്ഷാമബത്ത കുടിശ്ശികയാണ് സർക്കാർ ജീവനക്കാർക്കു നൽകാനുള്ളത്. അത് ഉടൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് പതിവുപോലുള്ള സർക്കാർ സഹായം മതിയാവില്ല, ഓണം കടന്നുകിട്ടാൻ. എന്തിന് കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ കടക്കാർക്കും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിൽ പ്രഥമാധ്യാപകർക്കും പാചകത്തൊഴിലാളികൾക്കും വരെ കോടികളുടെ സർക്കാർ കുടിശ്ശികയുണ്ട്. വിദ്യാർഥികളുടെ സ്കോളർഷിപ്പ് നൽകുന്നില്ല. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ആശുപത്രികൾ നടത്തിയ സൗജന്യ ചികിത്സയ്ക്കു നൽകാനുള്ളത് കോടികളാണ്. സർക്കാർ ആശുപത്രികളിലേക്ക് മരുന്നു വാങ്ങിയതിന്റെ കുടിശ്ശികയും പ്രശ്നമായിട്ടുണ്ട്.
ഓണച്ചെലവു മുൻനിർത്തിയുള്ള സർക്കാർ കടമെടുപ്പു കൂടി കഴിയുമ്പോൾ ഈ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ബാക്കിയുണ്ടാവുക തുച്ഛം തുകയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇനിയും മാസങ്ങൾ പലതു കിടക്കുന്നു. സാമ്പത്തിക സ്ഥിതി ഇത്രയും മോശമായ സാഹചര്യം എങ്ങനെ മറികടക്കുമെന്നതിൽ അതീവ ഗൗരവമായ ചർച്ചകൾ ആവശ്യമായിരിക്കുകയാണ്. സംസ്ഥാനത്തിനകത്തു നിന്നു തന്നെ വരുമാനമുണ്ടാക്കുക, കേന്ദ്ര സർക്കാർ കുറച്ചുകൂടി ഉദാരമായ സമീപനം സ്വീകരിക്കുക തുടങ്ങിയ രണ്ടു മാർഗങ്ങളും എത്രമാത്രം പ്രായോഗികമാവുമെന്നു കണ്ടുതന്നെ അറിയണം.