സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതിയും

 
Editorial

ഛത്തീസ്ഗഡിലെ മതപ്രശ്നം

മൂന്നു പെൺകുട്ടികളും പ്രായപൂർത്തിയായവരും മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോയവരുമാണെന്നും പറഞ്ഞെങ്കിലും മൊഴികൾ പ്രശ്നമായി

മതചിഹ്നങ്ങൾ ധരിച്ച എല്ലാ ആത്മീയ നേതാക്കളെയും ആദരിക്കുക എന്നതു നിയമമല്ല, നമ്മുടെ പാരമ്പര്യമാണ്. അവർക്കു സാധാരണ പൗരന്മാരെക്കാൾ മുന്തിയ പ്രത്യേക പരിഗണനയൊന്നും നിയമത്തിലില്ല എങ്കിലും ഭാരത സംസ്കാരം അതല്ല പിന്തുടരുന്നത്. അതിനാൽ, ഛത്തീസ്ഗഡ് എന്ന പിന്നാക്ക സംസ്ഥാനത്തു കഴിഞ്ഞദിവസമുണ്ടായ സംഭവം ഏറെ ചർച്ചകൾക്കു വഴിവയ്ക്കുന്നു. രണ്ടു കന്യാസ്ത്രീകളെ, അതും മലയാളികളായ രണ്ടുപേരെ, അവിടത്തെ റെയ്‌ൽവേ പൊലീസ് ദുർഗ് സ്റ്റേഷനിൽ നിന്നു പിടികൂടുന്നു. ഒപ്പം മൂന്നു പെൺകുട്ടികളും ഒരാളുടെ സഹോദരനും. പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ നിന്നതിനാൽ ചോദ്യം ചെയ്യുന്നു, കസ്റ്റഡിയിലെടുക്കുന്നു, ചോദ്യം ചെയ്യുന്നു. പരസ്പരവിരുദ്ധമായ മൊഴികളാണെന്നു പറഞ്ഞു ലോക്കൽ പൊലീസിനു കൈമാറുന്നു. അവർ ചാർജ് ചെയ്തത് മതപരിവർത്തം, മനുഷ്യക്കടത്ത് എന്നീ ഗുരുതരമായ വകുപ്പുകൾ. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു.

സംഭവം രാജ്യമാകെ വലിയ കോലാഹലമായി. പാർലമെന്‍റിലടക്കം വിഷയമായി. എറണാകുളം അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ സിറോ മലബാർ സഭയുടെ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ടവരാണ് ഇരു കന്യാസ്ത്രീമാരും. തങ്ങളുടെ ആശുപത്രിയിലും ഓഫിസിലും ജോലിക്കായി മൂന്നു പെൺകുട്ടികളെ കൂട്ടി പോകുന്നതിനിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ സ്റ്റേഷനിൽ തടയുകയായിരുന്നു. എന്നാൽ, ഈ കുട്ടികളുടെയും മാതാപിതാക്കളുടെയും മൊഴികളിലെ വൈരുദ്ധ്യമാണു കേസിനും അറസ്റ്റിനും കാരണമായതെന്നാണു സംസ്ഥാന അധികൃതർ പറയുന്നത്.

20 വർ‍ഷത്തിലധികമായി സിസ്റ്റർ മേരി പ്രീതി ഉത്തരേന്ത്യയിൽ നഴ്സായി സേവനമനുഷ്ഠിക്കുകയാണ്. രണ്ടു മാസം മുൻപു നാട്ടിൽ വന്നു പോയി. അവിടെ സ്ഥിതിഗതികൾ മോശമാണെന്നും കന്യാസ്ത്രീ വേഷമിട്ടു പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. മൂന്നു പെൺകുട്ടികളും പ്രായപൂർത്തിയായവരും മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോയവരുമാണെന്നും പറഞ്ഞെങ്കിലും മൊഴികൾ പ്രശ്നമായി. പെൺകുട്ടികളുടെ പക്കൽ തിരിച്ചറിയിൽ രേഖകൾ ഉണ്ടായിരുന്നില്ല. എല്ലാ രേഖകളും കന്യാസ്ത്രീകളുടെ കൈയിലായിരുന്നു. അതും സംശയത്തിനിടയാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ഭയന്നാണു ജീവിക്കുന്നതെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത് അടക്കമുള്ള ക്രൈസ്തവ സഭാ നേതാക്കൾ പറയുന്നു. നേരത്തേ ജബൽപ്പുരിൽ പുരോഹിതർ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാൻ പാടില്ലെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന രീതിയിലാണു പെരുമാറ്റമുണ്ടായത്. ആഗ്രയിൽ നടത്തുന്ന ആശുപത്രിയിലേക്കു ജോലിക്കാരെ നോക്കിയിരുന്നു. അങ്ങനെയാണു മുതിര്‍ന്ന 3 പെൺകുട്ടികളെ കൊണ്ടുവരാൻ കന്യാസ്ത്രീകൾ‍ പോയത്. എന്നാൽ കന്യാസ്ത്രീമാരെ ആ വേഷത്തിൽ കണ്ടപ്പോൾ ആരോ സ്റ്റേഷനിൽ നിന്നു ബജ്‌രംഗ്ദൾ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് ആദ്യം എഫ്ഐആറിൽ ഉണ്ടായിരുന്നത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലും കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയുന്നത്. ഇതു ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനടക്കം മുന്നിലുണ്ടായിരുന്നവരാണു സന്യാസിനി സമൂഹമെന്നും അദ്ദേഹം പറഞ്ഞു.

ആരു ഭരിച്ചാലും മതസ്വാതന്ത്ര്യം ഹനിക്കപ്പെടാൻ പാടില്ല. ഞാൻ ബിജെപിയെ ഒരിക്കലും കുറ്റം പറയില്ല, അവർ സഹായിച്ചിട്ടുണ്ട്; എന്നാൽ തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കണം. പാർലമെന്‍റിൽ വിഷയം ഉന്നയിച്ച എംപിമാരോട് നന്ദി പറയുന്നു. ക്രൈസ്തവർക്കും ഭാരതത്തിൽ സ്വാതന്ത്ര്യത്തോടെ കഴിയണം. അറസ്റ്റിലായ കന്യാസ്ത്രീമാരെ എത്രയും വേഗം മോചിപ്പിക്കുകയും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും വേണം. മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

പക്ഷേ, ഇതൊക്കെ പറയുമ്പോഴും കാര്യങ്ങൾക്കൊന്നും കൃത്യമായ വ്യക്തത വരുന്നില്ല എന്നതാണു വലിയ പ്രശ്നം. കേരളത്തിൽ നിന്നു ബിജെപി നേതൃസംഘം ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയുടെ നേതൃത്വത്തിൽ അങ്ങോട്ടു പോയിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ് കാര്യങ്ങൾ സഭകളെ മനസിലാക്കാൻ ചർച്ചകൾ നടത്തുന്നുണ്ട്. ക്രൈസ്തവരുമായി അടുക്കാൻ ബിജെപി കേരളത്തിൽ ശ്രമിക്കുമ്പോൾ ഛത്തീസ്ഗഡിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ചോദ്യങ്ങൾ ഉയരുന്നു. ബിജെപി ക്രൈസ്തവരുമായി അടുക്കുന്നതു കൊണ്ട് ഇതര സംസ്ഥാനങ്ങലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു നേരേ കണ്ണടയ്ക്കണമോ എന്ന ചോദ്യം മറുവശത്തു നിന്നും ഉയരുന്നുമുണ്ട്.

യഥാർഥത്തിൽ ഉത്തരഭാരതത്തിലെ സംസ്ഥാനങ്ങളിൽ എന്താണു നടക്കുന്നത് എന്നതു രാഷ്‌ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്നാണു വിവേകമുള്ളവർ പറയുന്നത്. അവിടെ സേവനമാണോ മതം മാറ്റമാണോ നടക്കുന്നത് എന്നതിൽ അവധാനതോടെയുള്ള ചർച്ചകൾ ആവശ്യമാണ്. വളരെ സെൻസിറ്റീവായ വനവാസി സമൂഹത്തിനിടയിൽ മതം പ്രചരിപ്പിക്കുമ്പോൾ സംഘർഷം വരാതെ നോക്കേണ്ടത് അതു ചെയ്യുന്നവരുടെ പ്രാഥമിക കടമയാണ്. മതപ്രചാരണവും മതംമാറ്റവും ഭരണഘടന അംഗീകരിച്ചിരിക്കുന്നതിനാൽ അതിനെ ബലപ്രയോഗത്തിലൂടെ എതിർക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. കേന്ദ്ര സർക്കാരിനു മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുക, കോടതികൾക്കു മുന്നിൽ വാദങ്ങൾ നിരത്തുക. അങ്ങനെയേ ഇതിനു പരിഹാരമാകൂ. മതം വലിയൊരു സംഘർഷ വിഷയമാണ് എന്ന് എല്ലാവരും ഓർക്കുക.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

''വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടും''; ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ സുപ്രീംകോടതി

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നതിൽ ഉറച്ചു നിൽക്കുന്നു: കാന്തപുരം

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കെഎസ്ആർടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു