സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധത്തിൽ അതിസാഹസികമായി റീലുകൾ ചിത്രീകരിക്കുന്നത് സമൂഹത്തിൽ വർധിച്ചുവരുകയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലാവാനുള്ള എളുപ്പവഴി എന്ന നിലയിലാണു പലരും ഇതിനെ കാണുന്നത്. പ്രത്യേകിച്ചു യുവാക്കളിൽ ഒരു വിഭാഗം എങ്ങനെയെങ്കിലും വൈറലാകുന്നതിന് എന്തു വേണമെങ്കിലും കാണിക്കും എന്ന നിലയായിരിക്കുന്നു. പൊലീസ് എത്ര കർശന നടപടികൾ സ്വീകരിച്ചാലും സർക്കാർ എത്ര മുന്നറിയിപ്പുകൾ നൽകിയാലും റീൽ പ്രേമത്തിനു കുറവൊന്നും സംഭവിക്കുന്നില്ല എന്നതാണു കാണുന്നത്. കേരളത്തിൽ മാത്രമല്ല രാജ്യത്തെമ്പാടും "റീൽസ് അഭ്യാസങ്ങൾ' വലിയ വെല്ലുവിളിയായി മാറുന്നുണ്ട്.
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ വിഡിയോ പകർത്താനായി മൂർഖൻ പാമ്പിന്‍റെ തല വായ്ക്കുള്ളിലാക്കിയ യുവാവ് പാമ്പുകടിയേറ്റു മരിച്ചത് അടുത്തിടെയാണ്. ജീവൻ പണയപ്പെടുത്തി കൂറ്റൻ പാറക്കെട്ടുകൾക്കു മുകളിൽ തൂങ്ങിക്കിടക്കുന്നതു പോലുള്ള സാഹസങ്ങളും നാം കണ്ടിട്ടുണ്ട്. തിരക്കേറിയ ഹൈവേയ്ക്കു സമീപം അമ്മ നൃത്തം ചെയ്യുമ്പോൾ റോഡിലേക്കു നടന്നുപോകുന്ന കുട്ടി മറ്റൊരു കുട്ടി ചൂണ്ടിക്കാണിച്ചതു കൊണ്ടു മാത്രം രക്ഷപെട്ട വിഡിയോ വൈറലായതും ഈ ദിവസങ്ങളിലാണ്. ഇരുചക്ര വാഹനങ്ങളിലെ നിയമം ലംഘിച്ചുള്ള സാഹസിക അഭ്യാസ പ്രകടനങ്ങൾ കേരളത്തിലടക്കം പലയിടത്തും കാണുന്നുണ്ട്.
റെയ്‌ൽവേ ട്രാക്കുകളിലും ഓടുന്ന ട്രെയ്‌നുകളിലും മൊബൈൽ ഫോൺ ഉപയോഗിച്ച് സാഹസികമായി റീലുകൾ എടുക്കുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ റെയ്‌ൽവേ ബോർഡ് എല്ലാ സോണുകളോടും നിർദേശിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു വേണ്ടി റീലുകൾ നിർമിക്കുന്നവരോട് ഒരനുകമ്പയും കാണിക്കേണ്ടതില്ലെന്നാണ് ബോർഡ് ആർപിഎഫിനോടു നിർദേശിക്കുന്നത്. റെയ്‌ൽവേ ട്രാക്കിൽ മറ്റു വാഹനങ്ങൾ ഓടിക്കുക, ട്രാക്കിൽ അപകടകരമായ വസ്തുക്കൾ സ്ഥാപിക്കുക, സെൽഫിക്കു വേണ്ടി പാഞ്ഞുവരുന്ന ട്രെയ്‌നിനു മുന്നിൽ കയറിനിൽക്കുക, സ്റ്റണ്ട് വിഡിയോകൾ ചിത്രീകരിക്കുക, ഫുട്ബോർഡിൽ നിന്ന് അപകടകരമായി യാത്ര ചെയ്യുക, ട്രെയ്‌നിനു മുകളിൽ കയറുക തുടങ്ങി പലവിധത്തിലുള്ള സാഹസിക നടപടികൾ തടയേണ്ടതുണ്ടെന്നാണ് റെയ്‌ൽവേ നിർദേശിക്കുന്നത്. കേരളത്തിൽ റീലുകൾക്കായുള്ള അപകടകരമായ ഡ്രൈവിങ്ങും ട്രാഫിക് നിയമലംഘനങ്ങളും തടയുന്നതിനും ഇത്തരം റീലുകളിടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ട്രാക്ക് ചെയ്യുന്നതിനും പൊലീസും മോട്ടോർ വാഹന വകുപ്പും സൈബർ പട്രോളിങ് ശക്തമാക്കുന്നതു പോലുള്ള നടപടികൾ പ്രഖ്യാപിച്ചതാണ്. വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തി റീലുകളാക്കി പ്രചരിപ്പിച്ചവർക്കെതിരേ നടപടികളും എടുക്കുന്നുണ്ട്. പക്ഷേ, ഇത്തരം സാഹസങ്ങൾ തുടരുക തന്നെയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് കാറുകളുടെ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽ പെട്ട് വടകര സ്വദേശിയായ യുവാവ് മരിച്ചത് കേരളത്തെ ഞെട്ടിച്ച സംഭവമായി മാറിയിട്ടുണ്ട്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി കാറുകളുടെ ചേസിങ് വിഡിയോ റോഡിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ഈ യുവാവ് എന്നാണു റിപ്പോർട്ട്. ഇതിനിടെ അമിത വേഗത്തിലെത്തിയ ഈ കാറുകളിലൊന്ന് യുവാവിനെ ഇടിക്കുകയായിരുന്നു. ആ വാഹനത്തിൽ തന്നെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പദ്ധതിയിട്ടതുപോലെ കാർ നിശ്ചിത സ്ഥലത്ത് നിർത്താൻ കഴിയാതെ പോയതാണ് അപകട കാരണമെന്നു പറയുന്നുണ്ട്. "റീൽസ്' തയാറാക്കാനായി കാറുകൾ അമിത വേഗത്തിൽ കുതിക്കുകയായിരുന്നുവെന്നാണു പറയുന്നത്.
അതിദാരുണമായ ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഗതാഗത നിയമങ്ങൾ ലംഘിച്ച് അപകടകരമായ വിധത്തിൽ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞുവെന്നാണ് കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നത്. മത്സര ഓട്ടങ്ങൾക്കുള്ള സ്ഥലമായി പൊതുനിരത്തുകളെ കാണുന്നവർക്കെതിരേ കർശന നടപടിയാണ് കമ്മിഷൻ നിർദേശിക്കുന്നതും. മത്സര ഓട്ടങ്ങൾ വാഹനം ഓടിക്കുന്നവർക്കും അതിലുള്ള മറ്റുള്ളവർക്കും മാത്രമല്ല മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കുമെല്ലാം ഭീഷണിയാണ്. കോഴിക്കോടുണ്ടായതു പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കണം. അതിന് ഇനിയും എന്തൊക്കെയാണു ചെയ്യേണ്ടതെന്ന് സർക്കാർ ആലോചിക്കട്ടെ. ജീവൻ പണയം വച്ചുള്ള "റീൽസ്' കണ്ട് ആസ്വദിക്കുന്നതും വൈറലാക്കുന്നതും നാടിനു നന്നല്ലെന്ന് എല്ലാവരും തിരിച്ചറിയട്ടെ.