പശ്ചിമേഷ്യൻ സംഘർഷം ഏതുതലം വരെ എത്തുമെന്ന ആശങ്ക വ്യാപകമാണ്

 
Editorial

ഇസ്രയേൽ - ഇറാൻ യുദ്ധഭീതി ഒഴിയട്ടെ

ഏതു യുദ്ധവും വിനാശകരമാണ് എന്നതുകൊണ്ടു തന്നെ എത്രയും വേഗം ഈ പോരാട്ടം അവസാനിപ്പിക്കേണ്ടതുണ്ട്

പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടം ഏതുതലം വരെ എത്തുമെന്ന ആശങ്ക വ്യാപകമായുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന വ്യോമാക്രമണങ്ങൾ വലിയ തോതിലുള്ള സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ലോകം മറ്റൊരു യുദ്ധത്തിന്‍റെ ഭീതിയിലായിരിക്കുന്നു. ഏതു യുദ്ധവും വിനാശകരമാണ് എന്നതുകൊണ്ടു തന്നെ എത്രയും വേഗം ഈ പോരാട്ടം അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ, പെട്ടെന്നൊന്നും അവസാനിക്കുന്ന പോരാട്ടമല്ല തുടങ്ങിവച്ചിരിക്കുന്നതെന്നാണ് ഇസ്രയേൽ നൽകുന്ന സൂചന. തങ്ങളുടെ അതിജീവനത്തിനുള്ള ഭീഷണി ഇല്ലാതാവും വരെ ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിന്‍റെ ഭീഷ‍ണികൾക്കു വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാനുള്ളതും.

ദീർഘകാല ശത്രുക്കളായ രണ്ടു രാജ്യങ്ങൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനിറങ്ങിയാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതം വളരെ വലുതാണ്. തങ്ങൾക്കെതിരേ പോരാട്ടത്തിലുള്ള ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാൻ പിന്തുണ നൽകുന്നത് ഇസ്രയേലിനെ ചൊടിപ്പിക്കുന്നുണ്ട്. ഗാസായുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹിസ്ബുള്ളയും ഹൂതികളും ഇസ്രയേലിനു നേരേ ആക്രമണം ശക്തമാക്കിയിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടത്തിൽ ഇറാൻ സൈനിക, സാമ്പത്തിക പിന്തുണ നൽകുന്നതായി ഹമാസ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്ങളുടെ നിലനിൽപ്പിനും സമാധാനത്തിനും ഇറാൻ ഭീഷണിയാണ് എന്നുതന്നെയാണ് ഇസ്രയേൽ കരുതുന്നത്. ഇറാന്‍റെ നേതൃത്വത്തിലുള്ള "തിന്മയുടെ അച്ചുതണ്ടി'നെ തകർക്കണമെന്നതാണ് ഇസ്രയേൽ നിലപാട്.

ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ അതു തങ്ങൾക്കു ഭീഷണിയാണെന്ന ആശങ്കയിലാണ് ഇസ്രയേൽ അവരുടെ ആണവപദ്ധതിയെ എതിർക്കുന്നത്. ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ തടയാനുള്ള ഓപ്പറേഷൻ എന്ന നിലയ്ക്കാണ് ഇസ്രയേൽ ഇപ്പോഴത്തെ ആക്രമണം തുടങ്ങിയിരിക്കുന്നതും. എത്രയും പെട്ടെന്ന് ആണവ കരാറിൽ ഒപ്പുവയ്ക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെടുന്നുണ്ട്. യുഎസ്- ഇറാൻ ആണവ കരാർ ചർച്ചകൾ ആറാം ഘട്ടത്തിലേക്കു കടക്കാനിരിക്കെയാണ് ഇസ്രയേൽ ഇറാനെ നേരിട്ട് ആക്രമിക്കുന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യുഎസുമായുള്ള ആണവ ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയിട്ടുണ്ട്. എന്നാൽ, ആണവ ഉടമ്പടിക്ക് തയാറായില്ലെങ്കിൽ തുടർ ആക്രമണങ്ങളിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നാണ് ട്രംപ് മുന്നറിയിപ്പു നൽകുന്നത്. ഇസ്രയേലിന്‍റെ ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. കരാറിൽ ഒപ്പുവയ്ക്കാൻ ഇറാന് അവസരങ്ങൾ നൽകിയ താൻ അവരെ രക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്തായാലും ആണവ ചർച്ചകളുടെ ഭാവി എന്താവുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇസ്രയേലിന്‍റെ ആക്രമണത്തെ യുഎസ് പിന്തുണച്ചുവെന്നാണ് ഇറാന്‍റെ ആരോപണം. ഇനി യുഎസുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നും ഇറാൻ പറയുന്നു.

ഇറാന്‍റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണം വലിയ തോതിലുള്ള നാശം സൃഷ്ടിച്ചിട്ടുണ്ട്. ഇറാൻ ആണവ പദ്ധതിയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന നദാൻസ് ആണവ കേന്ദ്രത്തിലടക്കം ആക്രമണമുണ്ടായി. ഇറേനിയൻ സായുധസേനാ മേധാവിയടക്കം സൈന്യത്തിന്‍റെ തലപ്പത്തുള്ളവരും പ്രമുഖരായ ആണവ ശാസ്ത്രജ്ഞൻമാരും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ആണവ പദ്ധതിയുമായി ദീർഘകാലത്തെ ബന്ധമുള്ള ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടത് ഇറാനു തിരിച്ചടിയാണെന്നു വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടങ്ങളും ഇസ്രയേൽ ആക്രമിച്ചു. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തും ആക്രമണമുണ്ടായി. മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ ഇറാൻ‌ ഇസ്രയേലിനു മറുപടി നൽകി‍യപ്പോൾ ജറൂസലേമും ടെൽ അവീവും കുലുങ്ങി. ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണ ശാലയ്ക്കു സമീപവും ഇറേനിയൻ മിസൈൽ പതിച്ചു. സംഘർഷം അയയേണ്ടതിന്‍റെ ആവശ്യകത പല ലോക നേതാക്കളും ചൂണ്ടിക്കാണിക്കുന്നു. സംഘർഷം വ്യാപിക്കുന്നതിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിലേക്ക് ഇന്ത്യക്കാർ തത്കാലം യാത്ര ചെയ്യേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകുന്നത്. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സംഘർഷത്തിന് അയവു വരുത്താനുള്ള ശ്രമങ്ങൾ ഊർജിതമാവുകയും അവ ഫലപ്രാപ്തിയിലെത്തുകയും ചെയ്യട്ടെ.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ