ത്രിഭാഷാ പദ്ധതിയും മണ്ഡല പുനർനിർണയവും

 
Editorial

ത്രിഭാഷാ പദ്ധതിയും മണ്ഡല പുനർനിർണയവും

ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ നിന്ന പാർട്ടിയാണ് ഇപ്പോൾ തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ.

ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആരോപണത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഹിന്ദിയുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിരവധി ബഹുജന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടന്നിട്ടുള്ളതാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ മുൻനിരയിൽ നിന്ന പാർട്ടിയാണ് ഇപ്പോൾ തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ. ദ്രാവിഡ കക്ഷിയുടെ രാഷ്ട്രീയ ശക്തി വർധിപ്പിക്കുന്നതിൽ നിർണായക പങ്കു തന്നെ ഈ പ്രക്ഷോഭങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും ഹിന്ദിക്കെതിരേ ശക്തമായി രംഗത്തുവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മറ്റൊരു ഭാഷായുദ്ധത്തിന് തമിഴ്നാട് തയാറാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പദ്ധതിക്കെതിരേയാണ് സ്റ്റാലിന്‍റെ പ്രതിഷേധം. സംസ്ഥാന ബജറ്റിന്‍റെ ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയുള്ള പ്രതിഷേധമാണ് കൂടുതൽ വിവാദമായിരിക്കുന്നത്. രൂപയുടെ ചിഹ്നത്തിനു പകരം തമിഴ് അക്ഷരമായ "രൂ' ചേർക്കുകയാണു സ്റ്റാലിൻ ചെയ്തത്. പ്രതിഷേധത്തിനു പുതിയൊരു മാനം നൽകുകയാണ് ഇതുവഴി സ്റ്റാലിൻ. എന്നാൽ, രാജ്യം അംഗീകരിച്ച രൂപയുടെ ചിഹ്നത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയുടേത് കടന്നകൈ ആയിപ്പോയി എന്നു കരുതുന്നവർ പലരുമുണ്ട്. അതേസമയം, അതിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവരുമുണ്ട്. എന്തായാലും ഹിന്ദിയും ത്രിഭാഷാ പദ്ധതിയും സജീവ ചർച്ചയാവാൻ ഇതു വഴിതെളിയിച്ചിരിക്കുകയാണ്.

നേരത്തേ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഐഐടികൾ പോലുള്ള ടെക്നിക്കൽ, നോൺ- ടെക്നിക്കൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠന മാധ്യമം ഹിന്ദിയായിരിക്കണമെന്ന് ഒരു പാർലമെന്‍ററി പാനൽ രാഷ്ട്രപതിക്കു ശുപാർശ സമർപ്പിച്ചതിനോട് കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കയോടെ പ്രതികരിക്കുകയുണ്ടായി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കുകയും ചെയ്തു. ഐഐടികളും ഐഐഎമ്മുകളും കേന്ദ്ര സർവകലാശാലകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദിയിലാണു പഠനം എന്നു വരുന്നതു രാജ്യത്തിന്‍റെ ഫെഡറൽ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. ഹിന്ദിവത്കരണമുണ്ടായാൽ അതു രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളെ പ്രതികൂലമായി ബാധിക്കുമെന്ന‌ും കത്തിൽ പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാന ഭാഷ‍യായി ഹിന്ദി ഉപയോഗിക്കാനാവില്ലെന്ന നിലപാടുമായി അന്നു സ്റ്റാലിനും രംഗത്തെത്തി. അന്നത്തെ തെലങ്കാന സർക്കാരും ഹിന്ദി പഠന മാധ്യമമാക്കുന്നതിനെ എതിർത്തു.

ഒരു വശത്ത് ഹിന്ദി വിരുദ്ധ പോരാട്ടം നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള നീക്കത്തിനെതിരായ തമിഴ്നാട് സർക്കാരിന്‍റെ പോരാട്ടവും. ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയ നീക്കം നടത്തുന്നതെന്ന് സ്റ്റാലിൻ ആരോപിക്കുന്നു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം പ്രതികൂലമായി വരുമെന്നാണ് ഈ സംസ്ഥാനങ്ങളുടെ പൊതുവിലുള്ള ആശങ്ക. പിണറായി വിജയൻ അടക്കം ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ പിന്തുണ അതുകൊണ്ടു തന്നെ സ്റ്റാലിനുണ്ടാവും. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്‍റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവുണ്ടാകാതെയാവണം പുനർനിർണയമെന്നതു ന്യായമായ ആവശ്യമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്‍റിൽ പ്രാതിനിധ്യ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളുടെ ആശങ്ക എങ്ങനെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കുകയെന്നു കാത്തിരുന്നു കാണേണ്ടതാണ്. മണ്ഡല പുനർനിർണയത്തിനെതിരേ ചെന്നൈയിൽ സ്റ്റാലിൻ വിളിച്ചു ചേർക്കുന്ന സമ്മേളനത്തിൽ കർണാടക, തെലങ്കാന സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും രേവന്ത് റെഡ്ഡിയും വ്യക്തമാക്കിയിരിക്കുകയാണ്.

ഹിന്ദിയുടെ പേരിലും മണ്ഡല പുനർ നിർണയത്തിന്‍റെ പേരിലും കേന്ദ്ര സർക്കാരിനെതിരേ പോർമുഖം തുറക്കുന്നതു വഴി തന്‍റെ രാഷ്ട്രീയ അടിത്തറ ശക്തമായി സൂക്ഷിക്കാനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുനർ നിർണയം വന്നാൽ തമിഴ്നാടിന് എട്ടു ലോക്സഭാ സീറ്റുകൾ നഷ്ടമാവുമെന്നാണ് സ്റ്റാലിൻ പറയുന്നത്. ഇപ്പോഴുള്ള മുപ്പത്തൊമ്പതിനു പകരം മുപ്പത്തൊന്ന് എംപിമാരാവുമത്രേ. എന്നാൽ, ഇത് ഭാവന മാത്രമാണെന്നു ബിജെപി നേതാക്കൾ പറയുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കാൻ തയാറാവാത്ത തമിഴ്നാടിന് കേന്ദ്ര ഫണ്ട് നഷ്ടമാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സ്റ്റാലിൻ അതിനു വഴങ്ങുന്നില്ല. തമിഴിനെയും മറ്റ് ഭാഷകളെയും നശിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ രഹസ്യ പദ്ധതിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. എന്തായാലും ഒരു കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തതയുണ്ടാക്കേണ്ടതുണ്ട്. അത് ഇങ്ങനെയാണ്- ഒരു ഭാഷയും ആരിലും അടിച്ചേൽപ്പിക്കേണ്ടതില്ല. അതേസമയം, ഏതെങ്കിലും ഭാഷ പഠിക്കാൻ താത്പര്യമുള്ളവരെ തടയേണ്ടതുമില്ല. ഹിന്ദി പഠിക്കാൻ താത്പര്യമുള്ളവർ പഠിക്കട്ടെ. അതിന് അവർക്ക് അവസരമുണ്ടാവട്ടെ. ഹിന്ദി പഠിച്ചതുകൊണ്ട് നേട്ടമല്ലാതെ കോട്ടമൊന്നും സംഭവിക്കാനില്ലല്ലോ. പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒട്ടും പ്രാധാന്യം കുറയ്ക്കേണ്ടതില്ല. ഹിന്ദിക്ക് അമിത പ്രാധാന്യം നൽകേണ്ടതുമില്ല.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ