Contributor#8523328
Contributor#8523328
Editorial

ഭീകരർക്കെതിരേ ഒന്നിച്ചുള്ള പോരാട്ടം തന്നെ വേണം

മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത ഭീകര സംഘങ്ങൾ നടത്തുന്ന കൂട്ടക്കുരുതികൾ ലോക രാജ്യങ്ങൾക്കു ഭീഷണിയാവുന്നതു തുടർക്കഥയാണ്. റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം സംഗീത നിശയ്ക്കിടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 150ഓളം പേരുടെ മരണമാണു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. അറുപതോളം പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്ത്രീകളും പിഞ്ചുകുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഈ ആക്രമണം നടുക്കിയത്. സംഗീത നിശ നടക്കുകയായിരുന്ന ക്രോക്കസ് സിറ്റി ഹാളിനകത്തു കയറിയ ഭീകരർ അവിടെയുണ്ടായിരുന്ന ആളുകൾക്കു നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആളുകളുടെ തൊട്ടടുത്തുനിന്ന് ഭീകരർ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഫോടക വസ്തുക്കളും തീപടരാൻ സഹായിക്കുന്ന ഏതോ ദ്രാവകവും ഇവർ ഉപയോഗിച്ചതായും പറയുന്നു. ഹാളിന്‍റെ മേൽക്കൂരയിൽ ഉൾപ്പെടെ പടർന്ന തീ അണച്ചത് പത്തു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ്.

ഒരു സംഗീത പരിപാടി ആസ്വദിക്കാനെത്തിയ ആയിരക്ക‍ണക്കിനു സാധാരണക്കാരായ ആളുകൾക്കിടയിലേക്ക് ഇറങ്ങുന്ന കൊലയാളിക്കൂട്ടം കണ്ടവരെയൊക്കെ വെടിവച്ചു കൊല്ലുന്നതിനെ എത്രമാത്രം അപലപിച്ചാലും മതിയാവില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തുവെന്നാണു പറയുന്നത്. ഐഎസിന്‍റെ അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന വിഭാഗമാണു കൂട്ടക്കുരുതി നടത്തിയത് എന്നാണു നിഗമനം. റഷ്യയിലെ ഒരു ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരേ ആക്രമണം നടത്തി എന്നത്രേ ഭീകര സംഘടന അവകാശപ്പെടുന്നത്. വെടിയുതിർത്ത നാലു ഭീകരരുൾപ്പെടെ 11 പേർ പിടിയിലായിട്ടുണ്ടെന്ന് റഷ്യൻ അധികൃതർ അവകാശപ്പെടുന്നുണ്ട്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും കണ്ടെത്തി ശിക്ഷിക്കാൻ പുടിൻ ഭരണകൂടത്തിനു കരുത്തുണ്ട്. അവർ അതു ചെയ്യുമെന്നു തന്നെ ഉറപ്പിക്കാം. അമെരിക്കയും ഇന്ത്യയും അടക്കം ലോക രാജ്യങ്ങൾ ഇക്കാര്യത്തിൽ റഷ്യയ്ക്കൊപ്പം തന്നെയാവും. ഭീകര പ്രവർത്തനത്തെ ഒരുവിധത്തിലും അംഗീകരിക്കാൻ ലോക രാജ്യങ്ങൾക്കു കഴിയില്ലല്ലോ.

ഐക്യരാഷ്‌ട്ര സഭയും യൂറോപ്യൻ യൂണിയനും അടക്കം ലോകം ഒറ്റക്കെട്ടായാണു ഭീകരരെ നേരിടുന്നതിൽ റഷ്യയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നിരപരാധികളായ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന ഏതു നടപടിയും പരിഷ്കൃത സമൂഹത്തിനു പിന്തുണയ്ക്കാൻ കഴിയുന്നതല്ല. അതുകൊണ്ടു തന്നെയാണ് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ അപലപിക്കുകയും വിമർശിക്കുകയും ചെയ്യുന്ന രാജ്യങ്ങളും റഷ്യയിലെ ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തുവരുന്നത്. ആക്രമണത്തിനു ശേഷം ഭീകരർ യുക്രെയ്ൻ അതിർത്തിയിലൂടെ രക്ഷപെടാൻ ശ്രമിച്ചെന്ന പുടിന്‍റെ ആരോപണം നിഷേധിച്ച യുക്രെയ്ൻ ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

മോസ്കോയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അമെരിക്ക നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നതാണെന്നാണു റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ, അതു പുടിൻ ഭരണകൂടം വിശ്വസിച്ചില്ലെന്നും വിമർശനമുണ്ട്. മറ്റു പലവിധത്തിലുള്ള വിയോജിപ്പുകളുണ്ടാവുമ്പോഴും ഭീകരർക്കെതിരേ ലോകം ഒറ്റക്കെട്ടായി അണിചേരേണ്ടതിന്‍റെ ആവശ്യകത ഇതു കാണിക്കുന്നുണ്ട്. ഈ വർഷം ജനുവരി മൂന്നിന് ഇറാനിലെ കെർമൻ നഗരത്തിലും ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്ത ബോംബ് സ്ഫോടനങ്ങളുണ്ടായി. തൊണ്ണൂറിലേറെ പേരാണ് അന്നു കൊല്ലപ്പെട്ടത്. നിരവധിയാളുകൾക്കു ഗുരുതരമായി പരുക്കേറ്റു. ഈ ബോംബാക്രമണത്തിനുള്ള സാധ്യതയെക്കുറിച്ചും ഒരാഴ്ച മുൻപ് യുഎസ് മുന്നറിയിപ്പു നൽകിയിരുന്നു. അന്ന് ഇറാൻ ഭരണകൂടവും അത് അവഗണിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും തുർക്കിയിലും പാക്കിസ്ഥാനിലും മൊസാംബിക്കിലും കോംഗോയിലും സിറിയയിലും എല്ലാം ഈ വർഷം ഐഎസ് ഉത്തരവാദിത്വമേറ്റ ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇസ്രയേലിൽ നടന്ന സംഗീത പരിപാടിക്കിടയിലേക്കു കടന്നു കയറിയ ഹമാസ് തീവ്രവാദി സംഘാംഗങ്ങൾ ഒട്ടേറെപ്പേരെ നിഷ്കരുണം വെടിവച്ചു കൊന്നതും തട്ടിക്കൊണ്ടുപോയതും ലോകം മറന്നിട്ടില്ല. അതിന്‍റെ തിരിച്ചടികളിൽ നിരപരാധികൾ ഗാസയിൽ കൊല്ലപ്പെടുന്നത് ഇപ്പോഴും തുടരുകയുമാണ്.

പല തവണ ഭീകരാക്രമണങ്ങൾക്ക് ഇരയായിട്ടുള്ള രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനിൽ നിന്നു പിന്തുണയും പരിശീലനവും പ്രോത്സാഹനവും കിട്ടുന്ന ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറി ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതിനു വലിയ തോതിൽ അധ്വാനിക്കേണ്ടിവന്നിട്ടുണ്ട് രാജ്യത്തിന്. അതുകൊണ്ടു തന്നെ ഭീകരാക്രമണങ്ങൾക്കെതിരായ പോരാട്ടത്തിൽ എന്നും മുന്നിലാണ് ഇന്ത്യയുള്ളത്. ഭീകരതക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കാറുമുണ്ട്. റഷ്യയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ റഷ്യയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിനു കൂടുതൽ കരുത്തു പകരാൻ ലോക നേതാക്കൾക്കു കഴിയട്ടെ.

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര

പകർച്ചവ്യാധി പ്രതിരോധത്തിന് ദ്രുതകർമ സേന

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് കർണാടക