കേരളത്തിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ നടുക്കത്തിൽ തന്നെയാണു മലയാളികളുള്ളത്. ഉരുളെടുത്തുപോയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഇപ്പോഴത്തെ ദൃശ്യങ്ങൾ ആരുടെയും ഹൃദയം തകർക്കുന്നതാണ്. മണ്ണിനടിയിൽ നിന്നും ചാലിയാർ പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളുടെ സംഖ്യ ആരു കേട്ടാലും ഞെട്ടിപ്പോകുന്നതു തന്നെ. എന്നിട്ടും നിരവധിയാളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഉറ്റവരെ കാത്ത് ക്യാംപുകളിൽ കഴിയുന്ന നിസഹായരുടെ മുഖങ്ങൾ കേരളത്തിന് എളുപ്പം മറക്കാനാവുന്നതല്ല.
ഭാവിജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറങ്ങാൻ കിടന്ന രണ്ടു ഗ്രാമങ്ങളിലെ ജനങ്ങളെയാണു നേരം പുലരും മുൻപേ ഉരുൾ കൊണ്ടുപോയത്. സംസ്ഥാനത്തിനു വലിയ പാഠങ്ങളാണ് ഈ ദുരന്തം നൽകുന്നത്. അതിൽ പ്രധാനം പ്രകൃതിദുരന്ത സാധ്യതകളെ ചെറുതായി കാണരുത് എന്നതാണ്. ദുരന്തങ്ങളെ നേരിടുന്നതിനു വേണ്ട മുന്നൊരുക്കങ്ങൾ കേരളത്തിനു വളരെ പ്രധാനമായിരിക്കുന്നു. ദുരന്തമുണ്ടായിക്കഴിഞ്ഞ് രക്ഷാപ്രവർത്തനം നടത്തുന്നതിലെ മികവു മാത്രം പോരാ, ദുരന്തത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിലുള്ള മികവു കൂടി കേരളത്തിനുണ്ടാവണം. അതിന് എന്തൊക്കെ ചെയ്യണമെന്ന് സർക്കാർ വളരെ ഗൗരവത്തിൽ ആലോചിക്കേണ്ടതുണ്ട്. വയനാട്ടിലെ തെരച്ചിൽ കഴിയുമ്പോൾ അവസാനിക്കേണ്ടതല്ല പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള ആശങ്ക. ഇനിയും ഇത്തരം ദുരന്തങ്ങൾ മനുഷ്യ ജീവനുകൾ കവരുന്നത് ഒഴിവാക്കുമെന്ന ദൃഢനിശ്ചയം നമുക്കുണ്ടാവണം.
സമീപകാലത്തായി പ്രകൃതിദുരന്തങ്ങൾ ഏറിയിട്ടുണ്ട് എന്നതിനാൽ തന്നെ കൂടുതൽ ശ്രദ്ധയും അവയുടെ പ്രതിരോധത്തിലേക്കു നൽകേണ്ടതുണ്ട്. തീവ്ര അപകടസാധ്യതയുള്ള മേഖലകളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള 50 ജില്ലകളിൽ ആലപ്പുഴയൊഴികെ കേരളത്തിലെ 13 ജില്ലകളും ഉൾപ്പെടുന്നുവെന്നാണ് ഐഎസ്‍ആർഒയുടെ 2023ലെ ലാൻഡ്സ്ലൈഡ് അറ്റ്ലസ് ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യതയുള്ള 30 ജില്ലകളിൽ പത്തും കേരളത്തിലാണ് എന്നും പറയാം. രാജ്യത്ത് മണ്ണിടിച്ചിലുകൾ ഉണ്ടാവുന്നതിന്‍റെ 15 ശതമാനവും പശ്ചിമ ഘട്ടത്തിലാണെന്നും ഐഎസ്ആർഒ പഠനം കാണിക്കുന്നുണ്ട്. കേരളത്തിലെ പശ്ചിമ ഘട്ട മേഖലയിൽ ജനസംഖ്യയും വീടുകളും കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
ഈ റിപ്പോർട്ട് മുൻപ് പുറത്തുവന്നിട്ടുള്ള നിരവധി പഠന റിപ്പോർട്ടുകൾക്കൊപ്പം ചേർത്ത് പരിശോധിച്ചാൽ ഉരുൾപൊട്ടൽ സാധ്യത ലാഘവത്തോടെ എടുക്കാനാവില്ലെന്നു വ്യക്തമാവും. കേരളത്തിലെ ഉരുൾപൊട്ടൽ ഹോട്ട്സ്പോട്ടുകൾ പശ്ചിമ ഘട്ടത്തിലാണെന്നു നേരത്തേ തന്നെ പഠന റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ചു വിശദമായി പഠിച്ചു റിപ്പോർട്ട് തയാറാക്കിയ മാധവ് ഗാഡ്ഗിലും ഉരുൾപൊട്ടലുകളെക്കുറിച്ചും പ്രകൃതി ദുരന്ത സാധ്യതയെക്കുറിച്ചും മുന്നറിയിപ്പു നൽകിയിരുന്നത് ഓർക്കേണ്ടതാണ്. പശ്ചിമ ഘട്ട മേഖലയാകെ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശ വിവാദ വിഷയമായി നിലനിൽക്കുകയാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ എതിർപ്പുയർന്നതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ മയപ്പെടുത്തിയ റിപ്പോർട്ടും വിയോജിപ്പുകൾക്കു വഴിവച്ചു.
പശ്ചിമ ഘട്ടത്തിലെ 56,826 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ആറാമതും പുതുക്കി പുറപ്പെടുവിച്ചതിന്‍റെ പ്രാധാന്യം ഇതുമായി ബന്ധപ്പെടുത്തിയാണു കാണേണ്ടത്. പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ 60 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. പൊതു പ്രതികരണം കൂടി കണക്കിലെടുത്ത് അന്തിമ വിജ്ഞാപനം ഉണ്ടാവും എന്നാണു പറയുന്നത്. മഹാരാഷ്‌ട്ര, കർണാടക, കേരള, തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലായാണ് വിജ്ഞാപനത്തിന്‍റെ പരിധിയിൽ വരുന്ന പ്രദേശങ്ങളുള്ളത്. ഇതിൽ വയനാട്ടിലെ 13 വില്ലെജുകൾ ഉൾപ്പെടെ കേരളത്തിലെ പതിനായിരത്തോളം ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുന്നുണ്ട്. പരിസ്ഥിതി ദുർബല മേഖലയാകുന്ന പ്രദേശങ്ങളിൽ നിർമാണങ്ങൾക്കുൾപ്പെടെ നിയന്ത്രണമുണ്ടാകും എന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉയരുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും അടങ്ങിയ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിർണയിക്കണമെന്നതാണ് കേരളം നേരത്തേ തന്നെ സ്വീകരിച്ചിരിക്കുന്ന നിലപാട്. സംസ്ഥാനത്തിന്‍റെ ഈ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
കേരളം മാത്രമല്ല പശ്ചിമ ഘട്ടത്തിന്‍റെ പരിധിയിൽ വരുന്ന മറ്റു സംസ്ഥാനങ്ങളും തർക്കങ്ങളുള്ളവരാണ്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിച്ച് ഇക്കാര്യത്തിൽ വ്യക്തമായൊരു തീരുമാനമുണ്ടാക്കാൻ എന്നു കഴിയുമെന്നതു വലിയ ചോദ്യമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതു കൊണ്ടു മാത്രം പ്രകൃതി ദുരന്ത പ്രതിരോധമാവില്ല എന്നതും വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനം അടക്കം പരിഗണിക്കപ്പെടേണ്ടതുണ്ട്. ദുരന്ത സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ആളുകളെ ഒഴിപ്പിക്കാൻ കഴിയുന്ന സംവിധാനം ഫലപ്രദമാക്കുന്നതു നിർണായകമാണ്. ഏതു വിധത്തിലൊക്കെ പ്രകൃതി ദുരന്ത വ്യാപ്തി കുറയ്ക്കാമെന്നു കൃത്യമായി കണ്ടെത്താൻ വിദഗ്ധരുടെ സഹായം സർക്കാർ ഉപയോഗപ്പെടുത്തണം.