അസദ് ഭരണത്തിന് അന്ത്യമാവുമ്പോൾ  
Editorial

അസദ് ഭരണത്തിന് അന്ത്യമാവുമ്പോൾ

പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയ വിമതർ സർവവും പിടിച്ചെടുത്ത് അസദ് ഭരണത്തിന്‍റെ വേരുകൾ അറുത്തുമാറ്റിയിരിക്കുകയാണ്.

സിറിയയിൽ അസദ് കുടുംബത്തിന്‍റെ അഞ്ചു പതിറ്റാണ്ടു പിന്നിട്ട ഏകാധിപത്യ ഭരണത്തിന‌് അന്ത്യം കുറിച്ചിരിക്കുകയാണു വിമത സേന. ഏകാധിപതിയായിരുന്ന പ്രസിഡന്‍റ് ബാഷർ അൽ അ‍സദ് രാജ്യം വിട്ട് റഷ്യയിലെത്തിയെന്നാണു പറയുന്നത്. മനുഷ്യത്വപരമായ പരിഗണനകൾ വച്ച് അസദിനും കുടുംബത്തിനും അഭയം നൽകുന്നുവെന്നു ക്രെംലിൻ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എക്കാലവും അസദിനെ പിന്തുണച്ചിരുന്ന റഷ്യ ഈ സിറിയൻ ഏകാധിപതിക്ക് അഭയം നൽകുന്നതിൽ അ‍ത്ഭുതമില്ല. എന്തായാലും ദമാസ്കസ് അടക്കം സിറിയയിലെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം അസദിന്‍റെ സേനയെ വിമതർ തുരത്തിക്കഴിഞ്ഞു. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ഇരച്ചു കയറിയ വിമതർ സർവവും പിടിച്ചെടുത്ത് അസദ് ഭരണത്തിന്‍റെ വേരുകൾ അറുത്തുമാറ്റിയിരിക്കുകയാണ്.

വിമതർക്കു നേതൃത്വം നൽകുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) നേതാവ് അബു മുഹമ്മദ് അൽ ജുലാനിയാകും പുതിയ ഭരണകൂടത്തെ നയിക്കുകയെന്നാണു റിപ്പോർട്ടുകൾ. അൽ ജുലാനിയും ഒപ്പമുള്ള മറ്റു നേതാക്കളും രാജ്യത്ത് മതസഹിഷ്ണുതയും നാനാത്വവും അംഗീകരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കു ഭീതി വേണ്ടെന്നാണ് അവർ നൽകുന്ന ഉറപ്പ്. പക്ഷേ, ജനക്ഷേമ ഭരണത്തിലേക്കാണു സിറിയ നീങ്ങുന്നതെന്ന് ഉറപ്പിക്കാറായിട്ടില്ല. അല്‍ ക്വയ്ദ പോലുള്ള ഭീകര സംഘടനകളുമായി ജുലാനിക്കുണ്ടായിരുന്ന ബന്ധങ്ങളാണ് ഒരു ജനാധിപത്യ ഭരണത്തിലേക്കൊന്നുമല്ല സിറിയ നീങ്ങുക എന്ന ആശങ്ക ഉയർത്തുന്നത്. അസദ് ഭരണം അവസാനിക്കേണ്ടതായിരുന്നു എന്നു പറയുമ്പോൾ തന്നെ പുതിയ ഭരണം എങ്ങനെയാവുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട് എന്നു സാരം.

അമെരിക്കയടക്കമുള്ള ലോക രാജ്യങ്ങൾ പുതിയ ഭരണകൂടത്തെ എങ്ങനെ കാണുമെന്നും കണ്ടറിയണം. സിറിയയിൽ യുഎസ് ഇടപെടില്ലെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെയും ഇറാന്‍റെയും ഹിസ്ബുള്ളയുടെയും പിന്തുണയുള്ള അസദ് ഭരണകൂടം തുടരാൻ യാതൊരു സഹായവും അമെരിക്ക ചെയ്യില്ല എന്നു വ്യക്തമാക്കുന്ന ട്രംപ് പുതിയ ഭരണകൂടത്തെ എങ്ങനെ കാണുമെന്നു വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. സിറിയൻ ജനതയ്ക്കു ലഭിച്ച ചരിത്രപരമായ അവസരമാണ് അസദ് ഭരണകൂടത്തിന്‍റെ പതനമെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോ ബൈഡൻ പറയുന്നുണ്ട്. പക്ഷേ, പുതിയ ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങൾ എങ്ങനെയാവുമെന്ന് യുഎസ് ഉറ്റുനോക്കുകയാണ്. നേരത്തേ, അമെരിക്ക 10 കോടി ഡോളർ തലയ്ക്കു വിലയിട്ട ഭീകരനാണ് വിമതരുടെ നേതാവ് അൽ ജുലാനി. സിറിയ പിടിക്കാൻ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനുമായിരുന്നു.

യുഎസ് അധിനിവേശത്തിനെതിരേ അല്‍ ക്വയ്ദയിൽ ചേർന്നതോടെയാണു ജുലാനി പാശ്ചാത്യസേനയുടെ കണ്ണിൽ കരടാകുന്നത്. 2006ല്‍ യുഎസ് സേന അറസ്റ്റ് ചെയ്യുകയും അഞ്ചു വര്‍ഷത്തോളം തടവിലാവുകയും ചെയ്തു. പിന്നീട് സിറിയയിൽ അൽ ക്വയ്ദയുടെ പ്രവർത്തന നേതൃത്വത്തിലെത്തുകയായിരുന്നു ജുലാനി. 2011ൽ അൽ ക്വയ്ദയുടെ സിറിയൻ വിഭാഗം ജബത്ത് അൽ നുഷ്റ രൂപീകരിച്ച് അസദിനെതിരേ യുദ്ധപ്രഖ്യാപനം നടത്തി. അൽ നുഷ്റ ഐഎസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു. അമെരിക്കയും ഇസ്രയേലും ശത്രുക്കളെന്ന് ജുലാനി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീടാണ് മിതവാദി പ്രതിച്ഛായ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ജുലാനി നടത്തിയത്. സംഘടനയുടെ പേര് ഹയാത്ത് തഹ്‌രീർ അൽ ഷാം എന്നു മാറ്റിയതടക്കം നീക്കങ്ങൾ ഇതിന്‍റെ ഭാഗമായിരുന്നു. എന്നാൽ, ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലെത്തിക്കഴിയുമ്പോൾ ജുലാനിയുടെ പഴയ മുഖം തിരിച്ചുവരുമോ എന്നു പ്രമുഖ രാജ്യങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടാവും.

സിറിയയിൽ ജനാധിപത്യത്തിനുവേണ്ടി പതിമൂന്നു വർഷം മുൻപ് ആരംഭിച്ച പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ദശലക്ഷങ്ങൾ വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ഇതുവരെ എല്ലാം അടിച്ചമർത്തിയ അസദ് അടിതെറ്റി വീണതിന്‍റെ ആഘോഷമാണ് ഇപ്പോൾ സിറിയയിൽ കാണുന്നത്. ജനങ്ങൾ ആവേശഭരിതരായി നല്ല നാളെ ഉറ്റുനോക്കുന്നുണ്ട്. പുതുതായി ലഭിച്ച "സ്വാതന്ത്ര്യം' ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദമാസ്കസിലെ തെരുവുകളിൽ നിന്നു ലോകം കാണുന്നുണ്ട്. ഭരണകൂടം ആയിരങ്ങളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ തടവറയിൽ നിന്ന് മോചനം നേടിയ തടവുകാർ അവരുടെ കുടുംബങ്ങളോടു ചേരുന്നതിന്‍റെ ആഹ്ലാദവുമുണ്ട്. ഇതൊക്കെ എത്രകാലം നിലനിൽക്കുമെന്നു വരും നാളുകളിലേ അറിയാനാവൂ. ഭരണകൂട പീഡനങ്ങളുടെ കാലം അവസാനിക്കട്ടെയെന്നും ജനതാത്പര്യങ്ങൾ മാനിക്കുന്ന ഒരു ഭരണകൂടം സിറിയയിൽ ഉണ്ടാവട്ടെയെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്.

സർവകലാശാല സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ബാങ്ക് ഇടപാട് വിവരങ്ങൾ നൽകിയില്ല; സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

യെമൻ പൗരനെ കൊന്ന കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്