വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി-എരുമേലി ശബരി റെയ്‌ൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതു സംബന്ധിച്ചു പ്രതീക്ഷകൾ ഉയരുകയാണ്. പദ്ധതിക്കായി ത്രികക്ഷി കരാർ തയാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരിക്കുകയാണെന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്‍റെ സാധ്യതകൾ കേരള സർക്കാർ ആലോചിച്ചുവരുന്നുവത്രേ. കരാർ തയാറാക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി കെ റെയ്‌ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ നടപടികളുണ്ടാവുമെന്നു കരുതാം. പദ്ധതി നടപ്പിലായാൽ അതു ഗുണകരമാവുന്നത് ശബരിമല തീർഥാടകർക്കു മാത്രമല്ല; ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ മലയോര മേഖലകൾക്കു കൂടിയാണ്. തടസങ്ങളെല്ലാം മാറി ഇനിയെങ്കിലും ഈ പാത പൂർത്തിയായി കാണാൻ ആയിരക്കണക്കിന് ആളുകളാണു കാത്തിരിക്കുന്നത്. ചരക്കുനീക്കത്തിലൂടെ റെയ്‌ൽവേയ്ക്കു നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പാത കൂടിയാണിത്. തടിവ്യാപാരത്തിന്‍റെ കേന്ദ്രവും അരിമില്ലുകളുടെ കേന്ദ്രവും പൈനാപ്പിൾ, ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കേന്ദ്രങ്ങളും എല്ലാം ഈ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്കും പാത ഗുണകരമാവും.
പദ്ധതിച്ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണു നേരത്തേ തന്നെ കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് റെയ്‌ൽവേയും കേരളവും റിസർവ് ബാങ്കുമായി ത്രികക്ഷി കരാർ ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ നിർദേശം. സംസ്ഥാനം പകുതി ചെലവ് വഹിക്കുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ ആ ചെലവ് റിസർവ് ബാങ്ക് വഹിക്കണം എന്നതാവും കരാർ. കേരളത്തിന്‍റെ അക്കൗണ്ടിൽ നിന്നെടുത്താണ് റിസർവ് ബാങ്ക് കേന്ദ്രത്തിനു നൽകുക. അങ്ങനെ വരുമ്പോൾ റെയ്‌ൽവേയ്ക്ക് പാതിവഴിയിൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരില്ല. റെയ്‌ൽവേ പദ്ധതികൾക്കുള്ള ഫണ്ടിങ്ങിനായി മഹാരാഷ്ട്ര സർക്കാർ റിസർവ് ബാങ്കിനെക്കൂടി ഉൾപ്പെടുത്തി ത്രികക്ഷി കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതിന്‍റെ മാതൃകയിലാണു കേരളവും കരാറുണ്ടാക്കുക. മുന്നിൽ ഒരു മാതൃകയുണ്ട് എന്നതു കൊണ്ടു തന്നെ ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാവേണ്ടതില്ല. നടപ്പാക്കാനുള്ള ആത്മാർഥതയുണ്ടായാൽ മാത്രം മതി.
1997ലെ റെയ്‌ൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. 111 കിലോമീറ്റർ വരുന്ന പാത. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകൾ. ഈ മേഖലയുടെ മൊത്തം വികസനത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന പദ്ധതി. ഇതിനായി ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുത്തിരുന്നു. അങ്കമാലിയിൽ നിന്ന് കാലടി വരെയുള്ള പാത നിർമാണവും വർഷങ്ങൾക്കു മുൻപേ പൂർത്തിയായതാണ്. അതു കഴിഞ്ഞാണു പദ്ധതി മുടന്തുകയും നിലയ്ക്കുകയും ചെയ്യുന്നത്. 2019ൽ കേന്ദ്രം പദ്ധതി പൂർണമായി മരവിപ്പിച്ചു. രണ്ടായിരത്തി എണ്ണൂറിലേറെ കുടുംബങ്ങളാണു സ്ഥലം ഏറ്റെടുപ്പിൽ കുടുക്കിലായിപ്പോയത്. നഷ്ടപരിഹാരം കിട്ടിയതുമില്ല, സർവെക്കല്ലുകൾ നാട്ടിയ സ്ഥലങ്ങളിൽ ഒന്നും ചെയ്യാൻ കഴിയുന്നുമില്ല. നിർമാണ പ്രവർത്തനങ്ങൾ നടത്താനോ വിൽക്കാനോ പണയം വയ്ക്കാനോ ഒന്നും കഴിയാതെ ഈ ജനങ്ങളെല്ലാം വലയുകയാണ്. ഈ ഗതികേടു തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. പുതിയ പദ്ധതികൾക്കു വേണ്ടി സ്ഥലം വിട്ടുനൽകാൻ തയാറാവുന്നവരെ ഇതുപോലെ ത്രിശങ്കുവിലാക്കുന്നത് ഇനിയൊരിക്കലും എവിടെയും ആവർത്തിക്കാൻ പാടില്ലാത്തതാണ്.
2,815 കോടി രൂപ നിർമാണച്ചെലവു കണക്കാക്കിയിരുന്നതാണ് ഇപ്പോൾ 3,810 കോടി രൂപയായി ഉയർന്നിരിക്കുന്നത്. ഇതിൽ 1,905 കോടി രൂപയാണു കേരളം വഹിക്കേണ്ടത്. പകുതി ചെലവ് നൽകാൻ തയാറാണെന്ന് കേന്ദ്രത്തെ 2021ൽ തന്നെ അറിയിച്ചതാണെന്ന് കേരള സർക്കാർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, കേരളത്തിന്‍റെ നിസഹകരണം മൂലമാണ് പദ്ധതി മുടങ്ങിയത് എന്നാണു കേന്ദ്ര സർക്കാരിന്‍റെ വാദം. രണ്ടു കൂട്ടരും പരസ്പരം പഴിചാരിക്കൊണ്ട് മുന്നോട്ടുപോകുകയായിരുന്നു ഇതുവരെ. ഇതിനിടെ, കഴിഞ്ഞ ബജറ്റുകളിൽ 100 കോടി രൂപ വീതം ടോക്കൺ തുക എന്ന നിലയിൽ പദ്ധതിക്കായി കേന്ദ്ര സർക്കാർ നീക്കിവച്ചിരുന്നു. അതൊക്കെ പാഴായി. എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ഈ പാതയെ ബന്ധിപ്പിക്കണമെന്ന നിർദേശവും അടുത്തകാലത്ത് ശബരി റെയ്‌ൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ മുന്നോട്ടുവച്ചു. വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കാനാവില്ലെന്നും വിഴിഞ്ഞത്തിനു സമീപമുള്ള സ്റ്റേഷനായ നേമവുമായി ബന്ധിപ്പിക്കുന്നതാവും ഉചിതമെന്നും റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവും അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരത്തിൽ പാത നീട്ടിയാൽ കിഴക്കൻ ജില്ലകളുടെ സമഗ്ര പുരോഗതിക്ക് അതു സഹായിക്കുമെന്നാണ് അവകാശവാദം ഉയർന്നത്. ഇത്തരം നിർദേശങ്ങളൊക്കെ പരിഗണിക്കുന്നതു നല്ലതാണ്. എന്നാൽ, അതിനു മുൻപ് അങ്കമാലി- എരുമേലി പാതയുടെ നിർമാണം പുനരാരംഭിക്കേണ്ടതുണ്ട്.