കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല

 
Editorial

എന്താണിത് എന്ന് ചോദിക്കാതെ വയ്യ

യുഡിഎഫിന്‍റെ ശക്തമായ ഇടതു സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണെന്ന് സതീശന്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു.

MV Desk

10 വർഷത്തെ പിണറായി വിജയൻ സർക്കാരിനെ തൂത്തെറിഞ്ഞ് 102 സീറ്റുകൾ നേടി വമ്പൻ വിജയം നേടിയ യുഡിഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സമയം കഴിഞ്ഞിട്ടും കോണ്‍ഗ്രസില്‍ എന്താണു സംഭവിക്കുന്നത് എന്ന അമ്പരപ്പിലാണ് ഭരണമാറ്റത്തിനായി വോട്ടു ചെയ്തവർ. മുഖ്യമന്ത്രിയാര് എന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ എംഎല്‍എമാരുടെ പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നവരുടെ ക്യാംപുകള്‍.

വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ എംപിയെ പിന്തുണയ്ക്കുന്ന പക്ഷത്തിന്‍റെ വാദം. സ്ഥാനാർഥി നിര്‍ണയത്തിലും പ്രചാരണത്തിനുള്ള സാമ്പത്തിക സഹായത്തിലും വേണുഗോപാല്‍ വഹിച്ച പങ്ക് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാൽ, മുഖ്യമന്ത്രിയാകാൻ ഇദ്ദേഹത്തിനു കടമ്പകളേറെയാണ്. എംപി സ്ഥാനം രാജിവയ്ക്കണം, ഒരു എംഎൽഎയെ രാജി വയ്പ്പിച്ച് അവിടെ മത്സരിച്ചു വിജയിക്കണം. അതു രണ്ടും എത്ര എളുപ്പമാണ് എന്നു കണ്ടറിയണം. സതീശന്‍റെയും രമേശിന്‍റെയുമൊക്കെ അനുയായികൾ ഇതിനു തടയിടുമോ എന്നതാണു പ്രശ്നം.

രാജ്യത്തെമ്പാടും ബിജെപി തരംഗം ആഞ്ഞുവീശുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിന്നു പ്രവർത്തനം മാറ്റുക എന്നത് നിലവിലെ സാഹചര്യത്തിൽ വോണുഗോപാലിന് അനിവാര്യമാണ് എന്നതാണു വിലയിരുത്തൽ. ഇനി രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നിന്നതുകൊണ്ട് വലിയ കാര്യമില്ലെന്ന തോന്നലാവാം അത് എന്നാണു സതീശൻ, രമേശ് പക്ഷങ്ങളുടെ വിലയിരുത്തൽ. എംഎല്‍എമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം വേണുഗോപാല്‍ കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും പോലെയാണെന്നും തന്‍റെ അനുയായികളെ ഒരിക്കലും കൈവിടാത്ത നേതാവാണെന്നുമാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്. അതിനാൽ കേരളത്തിലെത്തി ഒന്നാമനാകാൻ പ്രത്യേക തയാറെടുപ്പിന്‍റെ ആവശ്യമില്ലെന്നും അവരൊക്കെ പറയുന്നു. എൻഎസ്എസ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിമാർക്കും ഇദ്ദേഹത്തോടു വലിയ വിയോജിപ്പൊന്നുമില്ല.

നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍ഡിഎഫിനെതിരേ നടത്തിയ പോരാട്ടവും പൊതുജനസമ്മതിയും തനിക്ക് അനുകൂലമാകുമെന്നാണ് വി.ഡി. സതീശന്‍ കരുതുന്നത്. യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. യുഡിഎഫിന്‍റെ ശക്തമായ ഇടതു സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണെന്ന് സതീശന്‍ പക്ഷം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, സതീശന്‍റെ വ്യക്തിപരമായ കർക്കശമായ പെരുമാറ്റങ്ങളെ പാർട്ടിക്കുള്ളിൽ പോലും അംഗീകരിക്കാത്തവർ ഏറെയാണ്. ഒരു ഏകാധിപതി എന്ന നിലയിലാണു മിക്കവരും അദ്ദേഹത്തെ വിലയിരുത്തുന്നത്. മറ്റൊരു പിണ‍റായി എന്നു പോലും രഹസ്യമായി കോൺഗ്രസുകാർ അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ എംഎൽഎമാരുടെ പിന്തുണയിൽ സതീശൻ മൂന്നാം സ്ഥാനത്താണെന്നാണു സൂചന.

കോൺഗ്രസിൽ സംഘടനാപരമായ സ്വാധീനവും ജനകീയ പ്രതിച്ഛായയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. രമേശ് ചെന്നിത്തലയെപ്പറ്റി ഒരു കോൺഗ്രസുകാർക്കും വ്യക്തിപരമായ വിയോജിപ്പില്ല എന്നതും ശ്രദ്ധേയമാണ്. എന്തായാലും സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന കേന്ദ്ര നിരീക്ഷകള്‍ റിപ്പോര്‍ട്ട് കേന്ദ്ര നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അറിയിക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വീണ്ടും വിളിപ്പിച്ച് ചര്‍ച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം ഘടകകക്ഷികള്‍ ചോദ്യം ചെയ്യാനിടയില്ല. 2021ലെ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് വേണുഗോപാലാണെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്കും ഹൈക്കമാന്‍ഡിനും മുന്നില്‍ തന്നെ പിന്തുണച്ചത് വേണുഗോപാല്‍ ആണെന്നത് സതീശന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല എന്നു ചില മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വേണുഗോപാല്‍ എംഎല്‍എ അല്ലെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് രാഷ്‌ട്രീയമായും ഭരണഘടനാപരമായും സാധ്യമാണ്. നിയമസഭാംഗങ്ങള്‍ അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പദവി ഏറ്റെടുത്ത സി. അച്യുതമേനോന്‍, ഇ.കെ. നായനാര്‍, എ.കെ. ആന്‍റണി എന്നിവരുടെയെല്ലാം ഉദാഹരണങ്ങള്‍ അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, ഹൈക്കമാന്‍ഡ് വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താല്‍ അതില്‍ അസാധാരണമായി ഒന്നുമില്ല.

എന്തായാലും ഇപ്പോൾ നടക്കുന്നത് നാണംകെട്ട സംഭവങ്ങളാണ്. നാടൊട്ടാകെ സ്വന്തം അനുയായികളെക്കൊണ്ട് മൂന്നു നേതാക്കൾ ഫ്ലക്സ് ബോർഡുകൾ വയ്പ്പിക്കുക, താനാണ് മുഖ്യമന്ത്രിയാകാൻ അർഹൻ എന്ന മട്ടിൽ പോസ്റ്ററുകൾ ഇറക്കുക, സോഷ്യൽ മീഡിയകളിൽ തനിക്കുവേണ്ടി പ്രചാരണം നടത്തുക, മത്സരത്തിനു താനില്ല എന്നു പറയാതിരിക്കുക, താനാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും അർഹൻ എന്ന മട്ടിൽ ക്യാംപെയ്‌ൻ നടത്തുക... വോട്ടെണ്ണിക്കഴിഞ്ഞ് ഏതാനും ദിവസങ്ങളായി ഇതൊക്കെ കണ്ട് കേരള ജനത സഹികെട്ടിരിക്കുകയാണ്. മാറ്റത്തിനുവേണ്ടി വോട്ടു ചെയ്ത ജനങ്ങളെ കളിയാക്കുകയും അപഹസിക്കുകയും ചെയ്യുകയാണ് കോൺഗ്രസിലെ ഈ തമ്മിൽത്തല്ല്. ആറു മാസത്തിലേറെ മര്യാദയ്ക്കു ഭരിക്കാൻ ഇവർക്കു കഴിയില്ല എന്നു നാട്ടുകാർ പറഞ്ഞുതുടങ്ങി എന്നതു മറക്കരുത്.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു