വിഴിഞ്ഞം: നമുക്കു പ്രധാനം നമ്മുടെ താത്പര്യങ്ങൾ

 
Editorial

വിഴിഞ്ഞം: നമുക്കു പ്രധാനം നമ്മുടെ താത്പര്യങ്ങൾ

കേരളത്തെ തുറമുഖ നഗരമായി വികസിപ്പിക്കുക എന്ന യുഡിഎഫ് സർക്കാരിന്‍റെ കാഴ്ചപ്പാടിലും മുഖ്യ പങ്കു വഹിക്കേണ്ടതു വിഴിഞ്ഞം തുറമുഖവും അതിനോടനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങളുമാണ്

MV Desk

വളരെ ചുരുങ്ങിയ സമയം കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൈവരിച്ച വിസ്മയകരമായ നേട്ടങ്ങളൊക്കെയും മലയാളികൾ അഭിമാനത്തോടെയാണ് ഓർക്കുക. ഭാവി കേരളത്തിന്‍റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന അതിപ്രധാനമായ തുറമുഖ പദ്ധതിയാണു വിഴിഞ്ഞത്തേത് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. കേരളത്തെ തുറമുഖ നഗരമായി വികസിപ്പിക്കുക എന്ന യുഡിഎഫ് സർക്കാരിന്‍റെ കാഴ്ചപ്പാടിലും മുഖ്യ പങ്കു വഹിക്കേണ്ടതു വിഴിഞ്ഞം തുറമുഖവും അതിനോടനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങളുമാണ്. ഇതിന്‍റെ രണ്ടാം ഘട്ടം വികസന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുന്നത് വലിയ പ്രതീക്ഷകളോടെയാണു കേരളം ഉറ്റുനോക്കുന്നതും. 2024 ജൂലൈയിൽ ആദ്യ ചരക്കുകപ്പൽ ബർത്ത് ചെയ്ത വിഴിഞ്ഞത്ത് രണ്ടുവർഷം തികയുന്നതിനു മുൻപ് ആയിരം കപ്പലുകൾ നങ്കൂരമിട്ടുകഴിഞ്ഞു. ഈ ചരിത്രനേട്ടം നാം ആഘോഷിച്ചത് ഏതാനും ദിവസം മുൻപാണ്. ആയിരാമത്തെ കപ്പലായിരുന്ന എംഎസ്‌സി ലൂസിയാനയെ വാട്ടർ സല്യൂട്ടോടെയാണ് ബെർത്തിലെത്തിച്ച് ആഘോഷിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് അമ്പരപ്പിക്കുന്ന കുതിപ്പാണ് ഈ തുറമുഖം ഇതുവരെ കാഴ്ചവച്ചിരിക്കുന്നതും. ലോകത്തെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടുകഴിഞ്ഞു. അതുവഴി ഈ തുറമുഖത്തിന്‍റെ കരുത്ത് ലോകം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെയാണ് ഇപ്പോൾ തുറമുഖവുമായി ബന്ധപ്പെട്ടു വലിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇത് പലവിധത്തിലുള്ള ആശങ്കകൾ സംസ്ഥാനത്തെ ജനങ്ങളിൽ ഉളവാക്കുന്നുണ്ട്. അതിനാൽ തന്നെ എത്രയും വേഗം കൃത്യതയും വ്യക്തതയും വരുത്തേണ്ടതുണ്ട്. എല്ലാ ആശങ്കകളും ഒഴിവാക്കുന്നതിനു സർക്കാർ മുൻകൈ എടുക്കണം. എല്ലാ നടപടികളും സുതാര്യമാണെന്ന് അദാനി ഗ്രൂപ്പും ഉറപ്പാക്കേണ്ടതുണ്ട്. അദാനിയും സർക്കാരും തമ്മിലുള്ള വടംവലിയോ ഭരണ‍പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമോ ഒന്നുമല്ല ജനങ്ങൾ ഈ വിഷയത്തിൽ ആഗ്രഹിക്കുന്നത്. എല്ലാവരും ഒന്നിച്ചുനിന്ന് ഈ നാടിന്‍റെയും ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതാണ്. വിഴിഞ്ഞം തുറമുഖം തുറന്നുതരുന്ന വിശാലമായ സാധ്യതകളെ വിവാദങ്ങളിൽ മുക്കി ആരും നശിപ്പിക്കരുത്. ആരുടെയെങ്കിലും സ്വാർഥ താത്പര്യങ്ങൾ ഒരു നാടിന്‍റെ വികസന പ്രതീക്ഷകളെ അപ്പാടെ തകർക്കുന്നതുമാവരുത്.

തുറമുഖത്തിന്‍റെ ഓഹരികൾ അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‌സി)ക്കു കൈമാറാൻ ധാരണയുണ്ടാക്കിയതാണ് ഇപ്പോൾ കോളിളക്കമുണ്ടാക്കുന്നത്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരികൾ യൂറോപ്പിലെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി വാങ്ങുകയാണെന്നാണു പറയുന്നത്. ഏകദേശം 13,270 കോടി രൂപയ്ക്കാണ് ഈ കൈമാറ്റമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാജ്യത്തു തന്നെ തുറമുഖ മേഖലയിലുണ്ടാവുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാമെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ആശങ്കകൾ പലതാണ്. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നാണ് എംഎസ്‌സി. അവർ കൂടി ഈ തുറമുഖ പദ്ധതിയുടെ ഭാഗമാവുന്നതു നല്ലതല്ലേ എന്നൊക്കെ ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. പക്ഷേ, എംഎസ്‌സിയുടെ കുത്തകാവകാശം ഇവിടെ സ്ഥാപിക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നിട്ടുണ്ട്. മറ്റു ഷിപ്പിങ് കമ്പനികളോടുള്ള എംഎസ്‌സിയുടെ സമീപനം എന്തായിരിക്കും എന്നതടക്കം വിഷയമാണ്. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും താത്പര്യങ്ങൾക്കു മുകളിൽ എംഎസ്‌സിയുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാവുമോ എന്ന ചോദ്യവുമുണ്ട്. വിദേശ കമ്പനികളുടെ നിയന്ത്രണത്തിലേക്കു തുറമുഖ പദ്ധതിയുടെ നിയന്ത്രണം എത്തുന്നത് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാവുമോ എന്ന സംശയം പോലും ഓഹരി കൈമാറ്റത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നുണ്ട്.

അതു മാത്രമല്ല ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെയാണ് ഓഹരി കൈമാറ്റത്തിനുള്ള ശ്രമം നടന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുകയുണ്ടായി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ സെബിയെ അറിയിച്ചിട്ടും സർക്കാരിനെ അറിയിച്ചില്ല. ഓഹരി ഘടനയിൽ മാറ്റം വരുത്തണമെങ്കിൽ അതിനു സർക്കാർ അനുമതി ആവശ്യമാണ്. മുൻകൂട്ടി അറിയിക്കാതെ നടത്തിയ വിദേശ നിക്ഷേപ നീക്കത്തിൽ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണു പറയുന്നത്. കരാർ വ്യവസ്ഥകൾ അദാനി ലംഘിക്കുന്നു എന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. അതേസമയം, അദാനിയും സർക്കാരും തമ്മിൽ ഒത്തുകളി സംശയിക്കുന്നുവെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ഓഹരി കൈമാറ്റത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്കും എന്‍‌എസ്‌സിക്കും കത്തയച്ചിട്ടുണ്ട്. ഗുരുതരമായ കരാർ ലംഘനം നടന്നുവെന്നു തന്നെയാണു പിണറായിയും പറയുന്നത്.

എന്നാൽ, എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ അന്തിമ കരാര്‍ ആയിട്ടില്ലെന്നാണ് അദാനി പോര്‍ട്‌സ് വ്യക്തമാക്കുന്നത്. കമ്പനി സെബിക്കു നല്‍കിയ കത്തില്‍ പറയുന്നതു പ്രാഥമിക ധാരണയാണെന്നും അത് ഓഹരി വിൽപ്പനയ്ക്കുള്ള ആദ്യ കടമ്പയാണെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാരുമായുള്ള എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്തിമ കരാറില്‍ ഒപ്പിടില്ലെന്നും അവർ പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തു തങ്ങളുടെ പക്കലുള്ള ഓഹരികളിൽ 49 ശതമാനം എംഎസ്‌സിക്കു കൈമാറിയാലും അവർക്കു കുത്തകാവകാശം ഉണ്ടാവില്ലെന്നും അദാനി അവകാശപ്പെടുന്നു. എന്തായാലും എല്ലാ വശങ്ങളെക്കുറിച്ചും കർശനമായ പരിശോധന നടത്താൻ സർക്കാർ തയാറാവണം.

വനിതാ ലോകകപ്പ് ഫൈനൽ പോരാട്ടം മുറുകുന്നു; കിരീടം ചൂടാൻ ഓസീസിന് വേണ്ടത് 151 റൺസ്

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം