സംഘർഷം ഒഴിയട്ടെ, ഇന്ധന വില കുറയട്ടെ

 
Editorial

സംഘർഷം ഒഴിയട്ടെ, ഇന്ധന വില കുറയട്ടെ

ഇന്ധന നീക്കത്തിലുണ്ടായിട്ടുള്ള തടസങ്ങൾ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി

Reena Varghese, MV Desk

ഇന്ത്യയടക്കം ലോക രാജ്യങ്ങളെ പശ്ചിമേഷ്യൻ സംഘർഷം ചെറിയ തോതിലൊന്നുമല്ല ബാധിക്കുന്നത്. ഇന്ധന നീക്കത്തിലുണ്ടായിട്ടുള്ള തടസങ്ങൾ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഊർജ പ്രതിസന്ധിക്കൊപ്പം കയറ്റുമതി, ഇറക്കുമതി മേഖലകൾ നേരിടുന്ന പ്രതിസന്ധിയുമുണ്ട്.

സാമ്പത്തിക വ്യവസ്ഥ തന്നെ ഭീതിയിലും ആശങ്കയിലുമാണ്. സംഘർഷം അവസാനിപ്പിക്കാൻ അമെരിക്കയും ഇറാനും തമ്മിൽ പ്രാരംഭ ധാരണ‍യായതായി വ്യക്തമാക്കപ്പെടുമ്പോൾ വലിയ തോതിലുള്ള ആശ്വാസമാണു പൊതുവിൽ ഉണ്ടാവുന്നത്. ഇരു രാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കാൻ സമ്മതിച്ചുവെന്ന് പ്രഖ്യാപനങ്ങൾ വന്നിട്ടുണ്ട്. ഈ മാസം 19ന് സ്വിറ്റ്സർലൻഡിൽ വച്ച് സമാധാനകരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്നാണു പറയുന്നത്. കരാറിന്‍റെ അന്തിമ രൂപരേഖ തയാറാക്കുന്നതിന്‍റെ നടപടികൾ ഇപ്പോൾ നടക്കുകയാണത്രേ.

ഇറാന്‍റെ തുറമുഖങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ഹോർമുസ് കടലിടുക്കു തുറക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇതോടെ എണ്ണ, പ്രകൃതി വാതക മേഖലയിൽ ഇപ്പോഴുള്ള പ്രതിസന്ധി അവസാനിക്കുമെന്നു കരുതണം. എല്ലാവരും കാത്തിരിക്കുന്നത് അതു സംഭവിക്കാനാണ്.

അമെരിക്കയും ഇസ്രയേലും ഫെബ്രുവരി 28നു സംയുക്തമായി ഇറാനെ ആക്രമിച്ചതിനെത്തുടർന്നുണ്ടായ യുദ്ധം വളരെ വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഇന്ത്യക്കാരുടെയും ഉറക്കംകെടുത്തി. മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണല്ലോ ഗൾഫ് രാജ്യങ്ങളിലുള്ളത്.

ക്രൂഡ് ഓയിൽ നീക്കത്തിന്‍റെ പ്രധാന പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ കപ്പൽ ഗതാഗതം തടസപ്പെടുകയും ഊർജ പ്രതിസന്ധി ഉരുണ്ടുകൂടുകയും ചെയ്തു. നിരവധി രാജ്യങ്ങൾ ഇന്ധന പ്രതിസന്ധി നേരിടാൻ തുടങ്ങി.

പാചകവാതക വിതരണത്തിലെ കർശന നിയന്ത്രണം കേരളത്തിലടക്കം ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിച്ചു. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലും പലതവണ വർധന വരുത്തിക്കഴിഞ്ഞു. ലിറ്ററിന് 7.50 രൂപയുടെ വർധനയാണ് കുറച്ചു ദിവസം കൊണ്ട് ഉണ്ടായത്. അതു വലിയ തോതിലുള്ള വിലക്ക‍യറ്റമുണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്നു നേരിട്ട് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നതു വിലക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. വൻകിട ഉപയോക്താക്കൾ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്കു പെട്രോൾ വാങ്ങണമെന്നതാണ് ഈ ഉത്തരവിന്‍റെ ഫലം. മേയ് മാസത്തെ മൊത്ത വ്യാപാര നാണയപ്പെരുപ്പം 9.68 ശതമാനമായി ഉയർന്നുവെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്.

ഏപ്രിലിൽ ഇത് 8.26 ശതമാനമായിരുന്നു. ഇന്ധന വിലയിലുണ്ടാവുന്ന തുടർച്ചയായ വർധന നാണയപ്പെരുപ്പത്തെ ബാധിക്കുന്നതു സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോയാൽ സാമ്പത്തിക വ്യവസ്ഥയപ്പാടെ പ്രതിസന്ധിയിലാവും. ഈ സാമ്പത്തിക വർഷത്തെ നാണയപ്പെരുപ്പ നിരക്ക് 4.6 ശതമാനമാവുമെന്ന അനുമാനത്തിൽ നിന്ന് റിസർവ് ബാങ്കും മാറിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്‍റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ 5.1 ശതമാനമാണ്. പെട്രോൾ, ഡീസൽ വില ഇനിയും ഉയർന്നുകൊണ്ടിരുന്നാൽ ഇതിലും നിൽക്കണമെന്നില്ല. ഹോർമുസ് കടലിടുക്കിന്‍റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം എത്രയും വേഗം ഒഴിയുക എന്നത് അതുകൊണ്ടു തന്നെ വളരെയേറെ പ്രാധാന്യം അർഹിക്കുന്നതാണ്.

സംഘർഷത്തിന് അറുതിവരുന്നു എന്ന പ്രതീക്ഷകൾ ക്രൂഡ് ഓയിൽ വിലയിൽ ഇടിവിനു കാരണമായിട്ടുണ്ട്. ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 85 ഡോളറിൽ താഴെയായിട്ടുണ്ട്. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ക്രൂഡ് ഓയിൽ എത്തിയിരിക്കുന്നു. സമാധാനക്കരാർ ഔദ്യോഗികമായി ഒപ്പുവച്ചാൽ വില ഇനിയും ഇടിയും. ഇന്ത്യയ്ക്കും ഇത് വളരെ വലിയ ആശ്വസമാവും. അങ്ങനെയാണെങ്കിൽ പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പേരിൽ വർധിപ്പിച്ച പെട്രോൾ, ഡീസൽ, പാചക വാതക വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാവുമെന്നും നമുക്കു പ്രതീക്ഷിക്കാം. അമെരിക്ക-ഇറാൻ സമാധാനക്കരാർ നിലവിൽ വരുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും പ്രോത്സാഹനമാവും.

പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതിയിൽ തടസങ്ങൾ ഒഴിവാകുമ്പോൾ രാജ്യത്തെ മാനുഫാക്ചറിങ് മേഖലയിലും അതു വലിയ ചലനങ്ങളുണ്ടാക്കും. രൂപയ്ക്കു സ്ഥിരത കൈവരുന്നതിനും അതു സഹായിക്കും. രാജ്യത്തേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 50 ശതമാനവും എൽപിജി ഇറക്കുമതിയുടെ 70 ശതമാനവും എൽഎൻജി ഇറക്കുമതിയുടെ 90 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്. ഇന്ധന ബിൽ ഗണ്യമായി കുറയേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യാവശ്യം തന്നെയാണ്. അനിശ്ചിതത്വം, സാമ്പത്തിക മാന്ദ്യം, അനാവശ്യമായ ദുരിതങ്ങൾ എന്നിവയിൽ നിന്നുള്ള മോചനമാണ് പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നതോടെ ഉണ്ടാവുക.

സെൻസസ് 2027; സെൽഫ് എന്യൂമറേഷന് ചൊവ്വാഴ്ച മുതൽ

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല, തിരുത്തണം; പിണറായി വിജയൻ

ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ മരം കടപുഴകി വീണു; ഒരു മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; തൃശൂരിൽ 43 കാരൻ മരിച്ചു

സൂപ്പർ ഓവറിനു ശേഷം കൈയാങ്കളി; സൂര്യവംശിക്ക് വിലക്ക് വന്നേക്കും