ഗാസ കരാർ: ആശങ്കകൾ ഒഴിയട്ടെ

 
Editorial

ഗാസ കരാർ: ആശങ്കകൾ ഒഴിയട്ടെ

ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന വെടിനിർത്തലിന്‍റെ ഭാഗമായി ബന്ദികളുടെ കൈമാറ്റം, പ​ല​സ്തീ​ന്‍ ത​ട​വു​കാ​രെ കൈ​മാ​റ​ല്‍ അടക്കമുള്ള നടപടികൾ ഈ മണിക്കൂറുകളിൽ ഉണ്ടാവേണ്ടതുണ്ട്

Namitha Mohanan

ആയിരക്കണക്കിനു നിരപരാധികളുടെ ജീവനെടുത്ത ഗാസയിലെ ഇസ്രയേലിന്‍റെ ആക്രമണങ്ങൾക്ക് അവസാനമാവുന്നു എന്ന പ്രതീക്ഷകൾക്കു മങ്ങലേൽക്കുകയാണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പി​ന്‍റെ സ​മാ​ധാ​ന പ​ദ്ധ​തി​ അതുപോലെ അംഗീകരിക്കാൻ തങ്ങൾ തയാറല്ലെന്നു ഹമാസ് സൂചന നൽകിയതോടെയാണു വീണ്ടും ആശങ്കകൾ ഉയരുന്നത്. സമാധാനക്കരാറിൽ തങ്ങൾ ഔദ്യോഗികമായി ഒപ്പുവയ്ക്കില്ലെന്ന സൂചനയാണു ഹമാസ് കഴിഞ്ഞ ദിവസം നൽകിയിരിക്കുന്നത്. ഗാസ സമാധാനക്കരാർ ഈജിപ്റ്റിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് വിയോജിപ്പുമായി ഹമാസ് രംഗത്തുവരുന്നത്. ട്രംപിന്‍റെ പദ്ധതിപ്രകാരം ഗാസ മുനമ്പിൽ നിന്നു ഹമാസ് പിന്മാറേണ്ടതുണ്ട്. ബന്ദികളെ മോചിപ്പിച്ച ശേഷം ഹമാസ് ആയുധം താഴെവയ്ക്കുകയും വേണം. ഗാസ വിട്ടുപോകാൻ താത്പര്യമുള്ള ഹമാസ് അനുകൂലികൾക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും ട്രംപ് നിർദേശിക്കുന്നുണ്ട്. ‌

എന്നാൽ തങ്ങളെ ഒഴിവാക്കിയുള്ള "സമാധാന'ത്തിനു ഹമാസ് തയാറല്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹമാസ് അംഗങ്ങളായാലും അല്ലെങ്കിലും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്നു പുറത്താക്കുമെന്നു പറയുന്നത് അസംബന്ധമാണെന്നു ഹമാസിന്‍റെ ഒരു രാഷ്ട്രീയ നേതാവ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നു മാത്രമല്ല ഇസ്രയേൽ സൈന്യം പിൻവാങ്ങിയ സാഹചര്യത്തിൽ ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഏഴായിരത്തിലധികം സുരക്ഷാ സേനാംഗങ്ങൾക്ക് ഹമാസ് നേതൃത്വം നിർദേശം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിനെ സഹായിക്കുന്നവരിൽ നിന്ന് ഗാസയെ രക്ഷിക്കാനാണ് ഈ നീക്കമെന്ന് അവർ അവകാശപ്പെടുന്നുണ്ടത്രേ. ഗാസയുടെ നിയന്ത്രണം വിടാനും നിരായുധീകരണത്തിനും അവർ തയാറാവുന്നില്ലെങ്കിൽ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പൂർണമായി പിൻവാങ്ങുമെന്നു കരുതാനാവില്ല. ഇനിയും ചോരപ്പുഴയൊഴുകാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനു ലോകനേതാക്കൾ കൂടുതൽ പരിശ്രമിക്കേണ്ടിവരും എന്നാണ് ഈ സംഭവവികാസങ്ങൾ കാണിക്കുന്നത്.

ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന വെടിനിർത്തലിന്‍റെ ഭാഗമായി ബന്ദികളുടെ കൈമാറ്റം, പ​ല​സ്തീ​ന്‍ ത​ട​വു​കാ​രെ കൈ​മാ​റ​ല്‍ അടക്കമുള്ള നടപടികൾ ഈ മണിക്കൂറുകളിൽ ഉണ്ടാവേണ്ടതുണ്ട്. ഇസ്രയേൽ സേന പിൻവാങ്ങി 72 മണിക്കൂറിനുള്ളിൽ ബന്ദികളുടെ മോചനം ഹമാസ് സാധ്യമാക്കണമെന്നാണു വ്യവസ്ഥ. അതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിനു പ​ക​രമായി ഇ​സ്ര​യേ​ലി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട പ​ല​സ്തീ​ന്‍ ത​ട​വു​കാ​രെയും മോ​ചി​പ്പി​ക്കണം. ഇതുകഴിഞ്ഞ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു വരുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുമെന്നാണു കരുതേണ്ടത്. സംഘർഷം അവസാനിച്ച ശേഷം ഗാസ ആരു ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കുക ഹമാസ് ഇടഞ്ഞുനിന്നാൽ എളുപ്പമാവില്ല. ട്രംപ് നിർദേശിക്കുന്ന "ബോർഡ് ഒഫ് പീസ്' എന്ന അന്താരാഷ്ട്ര ഭര‍ണസംവിധാനം അംഗീകരിക്കില്ലെന്നു ചില ഹമാസ് നേതാക്കൾ പറയുന്നുണ്ട്. ഗാസയുടെ സുരക്ഷാ നിയന്ത്രണം അന്താരാഷ്ട്ര സേന ഏറ്റെടുക്കുന്നതുപോലെയുള്ള നിർദേശങ്ങളും കരാർ പ്രകാരം നടപ്പിലാക്കേണ്ടതുണ്ട്. ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്കു​ന്ന​തു വ​രെ ഗാ​സ​യി​ല്‍ തു​ട​രു​മെ​ന്നാണ് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു വ്യക്തമാക്കിയിട്ടുള്ളത്.

ട്രം​പി​ന്‍റെ സ​മാ​ധാ​ന പ​ദ്ധ​തി​ക്ക് ഇ​സ്ര​യേ​ല്‍ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി മ​ണി​ക്കൂ​റു​ക​ള്‍ക്കുള്ളിൽ ഇ​സ്ര​യേ​ല്‍ സൈ​ന്യം ഗാസയുടെ പല ഭാഗങ്ങളിൽ നിന്നും പി​ന്‍മാറ്റം ആരംഭിച്ചിരുന്നു. അതിനൊപ്പം പലസ്തീനികളെ അവരുടെ സ്വന്തം സ്ഥലങ്ങളിലേക്കു തിരിച്ചുവരാൻ അനുവദിക്കുകയും ചെയ്തു. ആ​യി​ര​ക്ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ളാണ് ഗാ​സ​യി​ലേ​ക്കു തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. യുദ്ധത്തിന്‍റെ ദുരിതം അനുഭവിക്കുന്ന പലസ്തീനിയൻ ജനതയ്ക്കു വേണ്ട സഹായങ്ങൾ വലിയ തോതിൽ തന്നെ എത്തിക്കേണ്ട ആവശ്യമുണ്ട്. ഭക്ഷണവും മരുന്നുമൊക്കെ ഇതിൽ ഉൾപ്പെടും. യുദ്ധം ഏതാണ്ടു പൂർണമായി തകർത്തുകളഞ്ഞ ഗാസയിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കുന്നതിനു പലകൈ സഹായം അനിവാര്യമാവും.

2023 ഒക്റ്റോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതോടെയാണു ഗാസയിൽ സൈനികാക്രമണത്തിന് നെതന്യാഹു തീരുമാനിച്ചത്. ഹമാസിന്‍റെ ആക്രമണത്തിൽ 1219 പേരാണു കൊല്ലപ്പെട്ടത്. അതിനുശേഷം ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ചുരുങ്ങിയത് 67,682 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ ഇരുപതിനായിരത്തോളം കുട്ടികളുണ്ട്. സാരമായി പരുക്കേറ്റവരും ആയിരങ്ങളാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ട ആയിരക്കണക്കിനു കുട്ടികളുണ്ട്. രണ്ടു വർഷം കൊണ്ട് ഗാസ തകർന്നു തരിപ്പണമായി. വിശപ്പും ഭീതിയും ബാക്കിയായി. യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളുടെ ശബ്ദവും ഗാസയെ പൊതിഞ്ഞു. കെട്ടിടങ്ങൾ തകർന്നുവീണ് കോൺക്രീറ്റ് കൂമ്പാരങ്ങളായി. ഇനിയും അവിടെ ചോരപ്പുഴയൊഴുകരുതേ എന്നാണ് എല്ലാവരും ആഗ്രഹിക്കുക. വെടിനിർത്തൽ ചർച്ചകൾ അന്തിമമായി വിജയത്തിലെത്തേണ്ടത് അതിനാൽ തന്നെ അത്യാവശ്യമാണ്.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും