സഹകരിച്ചു തളയ്ക്കാം, മയക്കുമരുന്നു കടത്തുകാരെ

 

drugs- Representative Images

Editorial

സഹകരിച്ചു തളയ്ക്കാം, മയക്കുമരുന്നു കടത്തുകാരെ

കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ലഹരി കടത്തു തടയാൻ കഴിഞ്ഞാൽ തന്നെ അതു കേരളത്തിനു വലിയ ആശ്വാസമാവും

MV Desk

ലഹരിമരുന്നു വ്യാപനത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കുന്നതിനും മയക്കുമരുന്നു കടത്തു ശൃംഖലകളുടെ അടിവേരറുക്കുന്നതിനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന "ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി വി.ഡി. സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്കു കത്തയക്കുകയും ചെയ്തിരുന്നു. അതിന്‍റെ തുടർച്ചയെന്നോണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം തിരുവനന്തപുരത്തു ചേരുകയുണ്ടായി.

മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫിസറെ നിയമിക്കുമെന്നാണ് ഈ യോഗത്തിനു ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും കേന്ദ്ര ഏജൻസികളും ചേർന്നുള്ള പ്രവർത്തനമാണ് അടുത്ത ഘട്ടത്തിൽ നടക്കുകയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള സഹകരണം വഴി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു ലഹരി കടത്തുന്നതു തടയാനാവുമെന്നാണു പ്രതീക്ഷ.

അയൽ സംസ്ഥാനങ്ങളെല്ലാം ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചു നിന്നാൽ മയക്കുമരുന്നു മാഫിയയെ അടിച്ചമർത്തുക എളുപ്പമാവും. അതിർത്തികളിൽ കർശന ജാഗ്രത പാലിക്കുന്നതടക്കം നടപടികൾ ഊർജിതമായി ഉണ്ടാവേണ്ടതുണ്ട്. എല്ലായിടത്തും ഒരുപോലെ പരിശോധനയും മറ്റു നടപടികളും ഉണ്ടാവുന്നു എന്നുവന്നാൽ സൗകര്യം പോലെ അങ്ങോട്ടുമിങ്ങോട്ടും മാറി പ്രവർത്തിക്കാനുള്ള അവസരവും മയക്കുമരുന്നു ലോബികൾക്കു നഷ്ടമാവും.

ഏതാനും ദിവസം മുൻപ് അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചെന്നൈയിലെ മറീന ബീച്ചിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി വിജയ് അതിനുശേഷം ഓട്ടത്തിൽ പങ്കു ചേർന്നത് നൂറുകണക്കിനു യുവാക്കൾക്കാണ് ആവേശം പകർന്നത്. "സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ് ' എന്നതായിരുന്നു ഈ മാരത്തണിന്‍റെ സന്ദേശം.

മയക്കുമരുന്നിൽ നിന്നു വിട്ടുനിൽക്കുക മാത്രമല്ല ലഹരിക്ക് അടിമപ്പെട്ട സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അതിൽ നിന്നു മോചിപ്പിക്കാൻ സഹായിക്കുക എന്ന സന്ദേശവും ഈ പരിപാടിയിൽ നൽകുകയുണ്ടായി. തമിഴക വെട്രി കഴകം സർക്കാരിന്‍റെ പ്രധാന വാഗ്ദാനമാണ് ലഹരി നിർമാർജനം. അതുകൊണ്ടു തന്നെ ലഹരിയൊഴുക്കിന്‍റെ വഴികൾ അടയ്ക്കുന്നതിൽ കേരളത്തോടും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും സഹകരിച്ചു പ്രവർത്തിക്കുന്നതിൽ വിജയ് സർക്കാരിനു താത്പര്യമുണ്ടാവും.

"ഓപ്പറേഷന്‍ തൂഫാന്' പിന്തുണ തേടി ബംഗളൂരുവിലെത്തിയ രമേശ് ചെന്നിത്തല കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഈ പോരാട്ടത്തിനു കർണാടക സർക്കാരിന്‍റെ എല്ലാ പിന്തുണയും ശിവകുമാർ വാഗ്ദാനം ചെയ്തു. കേരളത്തിലെയും കർണാടകയിലെയും പൊലീസ് സേനകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി മയക്കുമരുന്നു വേട്ട നടത്തുമെന്ന് അദ്ദേഹം ചെന്നിത്തലയ്ക്ക് ഉറപ്പുനൽകിയതാണ്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇന്‍റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാനും കർണാടക തയാറാണെന്നാണു ശിവകുമാർ പറഞ്ഞത്. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ലഹരി കടത്തു തടയാൻ കഴിഞ്ഞാൽ തന്നെ അതു കേരളത്തിനു വലിയ ആശ്വാസമാവും.

തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകള്‍, ഏകോപിത ആസൂത്രണം എന്നിങ്ങനെ വിവിധ തലങ്ങളിൽ സംസ്ഥാനങ്ങൾക്കു സഹകരിച്ചു പ്രവർത്തിക്കാനാവും. ഇതിനൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് കേന്ദ്ര ഏജൻസികളുടെ പിന്തുണ. കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളുമായി രമേശ് ചെന്നിത്തല നേരത്തേ ചർച്ച നടത്തിയിരുന്നതാണ്. ആ ഏജൻസികളെല്ലാം "ഓപ്പറേഷന്‍ തൂഫാന്' പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി.

എന്തായാലും "ഓപ്പറേഷൻ തൂഫാൻ' മറ്റു സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കുന്നു എന്നതു നല്ല കാര്യമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു ലഹരി ഒഴുകുന്ന ഉറവിടങ്ങൾ കണ്ടെത്തി തകർക്കാൻ പരസ്പര സഹകരണം സഹായിക്കട്ടെ. അന്തർ സംസ്ഥാന ട്രെയ്‌നുകൾ, ദീർഘദൂര ബസുകൾ, കൊറിയർ ശൃംഖലകൾ എന്നിവയൊക്കെ ലഹരി കടത്തിനുള്ള മാർഗമായി ഉപയോഗിക്കുന്നുണ്ടാവാം.

ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് നടപടികൾ എടുക്കേണ്ടതും വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കേണ്ടതുമുണ്ട്. ലഹരി ഇടപാടുകൾക്കായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതു തടയാൻ സൈബർ നിരീക്ഷണവും കർശനമാക്കേണ്ടതാണ്. ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്നു കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്നു രമേശ് ചെന്നിത്തല പറയുന്നുണ്ട്. ഇക്കാര്യത്തിലും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

വരും ദിവസങ്ങളിൽ മഴ കുറയും

ദക്ഷിണേന്ത്യ മുഴുവൻ 'തൂഫാൻ' വീശിയടിക്കും

ഇന്ത്യയുടെ ദയനീയ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും

ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ചെന്നൈയിൽ

ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദന മരം മുറിച്ചു; മൈലാഞ്ചിയെന്നു കരുതിയെന്ന് വിശദീകരണം