‌‌സുരക്ഷിതമാക്കണം, നമ്മുടെ റോഡുകൾ

 
Editorial

‌‌സുരക്ഷിതമാക്കണം, നമ്മുടെ റോഡുകൾ

തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ നാടിനെ നടുക്കിയ അപകടം ഗുരുതരമായ സുരക്ഷാ വീഴ്ചകളുടെ ഫലമായിരുന്നു

MV Desk

ദേശീയപാതയിൽ അടക്കം കേരളത്തിലെ റോഡുകളിൽ എത്രയെത്ര മനുഷ്യ ജീവനുകളാണ് അശ്രദ്ധ കൊണ്ടും അധികൃതരുടെ വീഴ്ചകൾ കൊണ്ടുമൊക്കെ പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. റോഡ് അപകടങ്ങളിൽ ഉറ്റവരെ നഷ്ടപ്പെട്ട എത്രയെത്ര കുടുംബങ്ങളാണു തീരാദുഃഖത്തിൽ ദിവസങ്ങൾ തള്ളിനീക്കുന്നത്. എന്നിട്ടും നാം ഒന്നും പഠിക്കുന്നില്ല എന്നത് ഏറെ നിരാശാജനകമാണ്. റോഡ് സുരക്ഷയിൽ ആവശ്യമായ നടപടികൾ എടുക്കുന്നതിൽ ഉത്തരവാദപ്പെട്ട അധികൃതർ തുടർച്ചയായി അവഗണന കാണിക്കുന്നു എന്നതാണു വാസ്തവം. അമിത വേഗം നിയന്ത്രിക്കുന്നതുപോലുള്ള സുരക്ഷാ നടപടികൾക്കു വാഹനമോടിക്കുന്നവരും തയാറാവേണ്ടതുണ്ട്. തൃശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ നാടിനെ നടുക്കിയ അപകടം ഗുരുതരമായ സുരക്ഷാ വീഴ്ചകളുടെ ഫലമായിരുന്നു എന്നു തന്നെയാണു കരുതേണ്ടത്.

തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേശീയപാത 66ൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ചുകയറിയാണ് അതിദാരുണമായ ഈ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്കു കയറി തകർന്നു തരിപ്പണമായ കാറിലുണ്ടായിരുന്ന ആരും രക്ഷപെട്ടില്ല. നാളെയുടെ വാഗ്ദാനങ്ങളായ എട്ടു യുവാക്കളെയാണു സുരക്ഷാ സംവിധാനങ്ങളുടെ പാകപ്പിഴകൊണ്ട് നഷ്ടമായത്. കാർ അമിത വേഗത്തിലായിരുന്നു എന്നു പറയുന്നുണ്ട്. അപ്പോഴും അപകടമുണ്ടായത് ഫാസ്റ്റ് ട്രാക്കിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചാണ് എന്നത് അവഗണിക്കാനാവില്ല. സംഭവസ്ഥലത്തു വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. യാതൊരു സൂചനകളുമില്ലാതെ ഒന്നല്ല മൂന്നു ലോറികളാണ് അവിടെ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നത്. എന്നു മാത്രമല്ല ദേശീയപാതയിൽ ദിശാബോർഡുകൾ അടക്കം വേണ്ടത്ര മുന്നറിയിപ്പു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല എന്നു പറയുന്നുണ്ട്. മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതം സർവീസ് റോഡിലേക്കു തിരിച്ചുവിട്ടിരിക്കുന്നതു വ്യക്തമായി മനസിലാക്കാൻ പോലും കഴിയുമായിരുന്നില്ല. സർവീസ് റോഡിലേക്കു കയറുന്നതിനായി സ്ഥാപിച്ചിരുന്ന സൈൻ ബോർഡുകളെ മറച്ചാണ് ചരക്കു ലോറികൾ പാർക്ക് ചെയ്തിരുന്നതും.

കയ്പമംഗലത്തു മാത്രമല്ല സംസ്ഥാനത്ത് ദേശീയപാതയിൽ പലയിടത്തും ഇത്തരത്തിലുള്ള അനധികൃത പാർക്കിങ് കാണുന്നുണ്ട്. ചരക്കു ലോറി പോലുള്ള വലിയ വാഹനങ്ങൾ ഫാസ്റ്റ് ട്രാക്കിൽ പാർക്ക് ചെയ്തിട്ടും അതൊന്നും വേണ്ടപ്പെട്ട അധികൃതർ കാണുന്നില്ല എങ്കിൽ എത്ര ലാഘവത്തോടെയാണ് നാം റോഡ് സുരക്ഷയെ നോക്കിക്കാണുന്നത് എന്നാലോചിക്കുക. പാർക്ക് ചെയ്തിരിക്കുന്ന വാഹനം ദൂരെ നിന്നു തിരിച്ചറിയാനുള്ള മുന്നറിയിപ്പു സംവിധാനങ്ങൾ പോലുമില്ലാതെയാണ് രാത്രിയിൽ വലിയ ട്രക്കുകൾ അടക്കം ദേശീയപാതയിൽ പാർക്ക് ചെയ്യുന്നത്. റോഡിൽ വെളിച്ചമില്ല എന്നതു കൂടിയാവുമ്പോൾ അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കു മുന്നിൽ ഇരുട്ടിൽ പെട്ടെന്നാണ് ഈ വാഹനങ്ങൾ കാണുന്നത്. അതിവേഗത്തിലാണ് എന്നതു കൊണ്ടു തന്നെ പെട്ടെന്നു വാഹനം നിയന്ത്രിക്കാനും കഴിയില്ല. ഇത്തരത്തിൽ മനുഷ്യ ജീവനെടുക്കുന്നവർക്കെതിരേ കർശനമായ നടപടികൾ സംസ്ഥാന വ്യാപകമായി സ്വീകരിക്കേണ്ടതാണ്. കനത്ത പിഴയും കർശനമായ നിയമ നടപടികളും ഇത്തരക്കാർക്കെതിരേ ഉണ്ടാവേണ്ടതുണ്ട്. നിയമലംഘനം ആവർത്തിക്കാതിരിക്കാൻ തക്കവണ്ണമുള്ള കനത്ത ശിക്ഷ നൽകുകയാണ് ഇതിനൊക്കെ ചെയ്യേണ്ടത്. റിഫ്ലക്റ്ററുകളും ടെയിൽ ലാമ്പുകളും ഹസാർഡ് ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും ഇല്ലാതെ ഹെവി വാഹനങ്ങൾ ഓടുന്നതു തടയുക തന്നെ വേണം.

കയ്പമംഗലത്തുണ്ടായ അപകടത്തിന്‍റെ നടുക്കം മാറും മുൻപേയാണ് കുന്നംകുളത്തും ദാരുണമായ മറ്റൊരപകടം ഉണ്ടായിരിക്കുന്നത്. ആർത്താറ്റു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം അർധരാത്രിയോടെ കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേരാണു മരിച്ചത്. റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നുവത്രേ. കാറിന്‍റെ അമിത വേഗമാണ് ഈ അപകടത്തിനു കാരണമെന്നാണു സൂചന. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിക്കുന്നുണ്ട്. അമിത വേഗത്തിനും മദ്യപിച്ചു വണ്ടിയോടിക്കുന്നതിനും എതിരേ നിരന്തരം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മനോഭാവമാണു പലർക്കും.

ദേശീയപാതയിലും പ്രധാന നിരത്തുകളിലും നിരന്തരം പട്രോളിങ് നടത്താനും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കാനും സംസ്ഥാന പൊലീസും മോട്ടോർ വാഹന വകുപ്പും തയാറാവേണ്ടതുണ്ട്. റോഡുകളിൽ മതിയായ വെളിച്ചം ഉറപ്പാക്കണം. ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാവണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഉത്തരവാദിത്വമാണ്. ആവശ്യമായ ബാരിക്കേഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ വ്യക്തമായി കാണാവുന്ന സുരക്ഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കണം.

റോഡ് സുരക്ഷ സംബന്ധിച്ച് തൃശൂർ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ ജില്ലാ കലക്റ്റർ ശിഖ സുരേന്ദ്രൻ നിർദേശിച്ചിട്ടുള്ളത് സ്വാഗതാർഹമാണ്. എൻഎച്ച്എഐ പ്രോജക്റ്റ് ഡയറക്റ്റർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണു പരിശോധന നടത്തുക എന്നാണു പറയുന്നത്. ദേശീയപാത കടന്നുപോകുന്ന മറ്റു പ്രദേശങ്ങളിലും ഇത്തരത്തിലുള്ള പരിശോധന അടിയന്തരമായി നടത്തേണ്ടതാണ്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി