അമ്പരപ്പിക്കുന്ന ജനവിധികൾ

 
Editorial

അമ്പരപ്പിക്കുന്ന ജനവിധികൾ

യുഡിഎഫ് ഭരണം ഉറപ്പ് എന്നു പ്രവചിച്ചവരിൽ ഏറെയും ഇതുപോലൊരു തരംഗം പ്രതീക്ഷിച്ചു കാണില്ല

MV Desk

രാഷ്‌ട്രീയ കക്ഷികളെ അമ്പരപ്പിക്കുന്ന ജനവിധിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ചിൽ മൂന്നിടത്തും ജനങ്ങൾ വിധിയെഴുതിയിരിക്കുന്നതു ഭരണമാറ്റത്തിനാണ്. അതും ഭരിക്കുന്ന കക്ഷികൾക്കു കടുത്ത പ്രഹരം നൽകിക്കൊണ്ട്. കേരളവും പശ്ചിമ ബംഗാളും തമിഴ്നാടും പുതിയ സർക്കാരുകൾക്കു ഹാർദമായി സ്വാഗതമോതുന്നു. കേരളത്തിലെ യുഡിഎഫ് വിജയം കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ളതാണ്. യുഡിഎഫ് നൂറു സീറ്റ് നേടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംശയമില്ലാതെ ആവർത്തിച്ചു പറഞ്ഞെങ്കിലും എൽഡിഎഫിന് അവരുടെ ശക്തികേന്ദ്രങ്ങളിലടക്കം ഇത്ര കനത്ത ആഘാതം നേരിടേണ്ടിവരുമെന്നു വിശ്വസിക്കാൻ പലർക്കുമായിരുന്നില്ല. യുഡിഎഫ് ഭരണം ഉറപ്പ് എന്നു പ്രവചിച്ചവരിൽ ഏറെയും ഇതുപോലൊരു തരംഗം പ്രതീക്ഷിച്ചു കാണില്ല. ചുവപ്പിന്‍റെ കോട്ടകൊത്തളങ്ങൾ ഒന്നൊന്നായി തകർന്നു വീണത് ഇടതുപക്ഷ പ്രവർത്തകരുടെ നെഞ്ചു പിളർത്തുന്ന വേദനയോടെയാണ്. സംസ്ഥാനത്തുടനീളം ജനങ്ങൾ വ്യക്തമായ ലക്ഷ്യത്തോടെ വോട്ടു ചെയ്ത് കൃത്യമായ സന്ദേശം എല്ലാവർക്കും നൽകി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. അവർ ഈ നാടിന്‍റെ ഭരണം താലത്തിലെന്നപോലെയാണു യുഡിഎഫിനു സമ്മാനിച്ചിരിക്കുന്നത്. അതിന്‍റെ മഹത്വം മനസിലാക്കി ഏറ്റവും മികച്ച രീതിയിൽ ജനങ്ങൾക്കു വേണ്ടി ഭരിക്കുക എന്നതാണ് ഇനി യുഡിഎഫിനു ചെയ്യാനുള്ളത്.

പാർട്ടിയിൽ തിരുത്തൽ ആവശ്യമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അതിനായി രംഗത്തുവരികയും പാർട്ടി വിട്ട് യുഡിഎഫിനോടു ചേർന്നു മത്സരിക്കുകയും ചെയ്തവരുടെ വിജയങ്ങൾ സിപിഎം എന്ന പ്രസ്ഥാനത്തിന്‍റെ പോക്കു ശരിയായിരുന്നില്ലെന്നു പാർട്ടി പ്രവർത്തകർ തന്നെ വോട്ടുകുത്തി കാണിച്ചുകൊടുത്തതിനു തെളിവായി. അതൃപ്തരായ കുറച്ചു സഖാക്കൾ പാർട്ടി നേതാക്കൾക്കു നൽകിയ ഷോക്ക് ട്രീറ്റ്മെന്‍റ് എന്ന നിലയിൽ കാണാവുന്ന വിജയങ്ങൾ യുഡിഎഫ് മുന്നേറ്റത്തിനിടയിലുണ്ടെന്നതു സിപിഎം തിരിച്ചറിയേണ്ടതുണ്ട്. അതിനൊപ്പം 10 വർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിത്. 2021ൽ തുടർ ഭരണം ലഭിച്ച ശേഷമുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കു തൃപ്തികരമായി തോന്നുന്നില്ല എന്നതിനു സൂചനകൾ ഇതിനു മുൻപേ പലതുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം, ഉപതെരഞ്ഞെടുപ്പുകളിലെ തോൽവി, തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നിങ്ങനെ. അതെല്ലാം കഴിഞ്ഞിട്ടും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് സിപിഎമ്മിനും എൽഡിഎഫിനും തിരിച്ചറിവുണ്ടായില്ല എന്നതാണല്ലോ ഈ ഫലം തെളിയിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലുണ്ടായതിലും കനത്ത പരാജയമാണ് ഇപ്പോൾ എൽഡിഎഫിനു നേരിടേണ്ടിവന്നിരിക്കുന്നത്. തോൽവി വിശദമായി പഠിച്ച് വിലയിരുത്തി തെറ്റുതിരുത്തി മുന്നോട്ടുപോകുക എന്നതാണ് ഇനി സിപിഎമ്മിനും എൽഡിഎഫിനും ചെയ്യാനുള്ളത്. ഏതെങ്കിലും തരത്തിലുള്ള മുടന്തൻ ന്യായങ്ങൾ നിരത്തി തോൽവിയുടെ ആഘാതം സ്വയം കുറച്ചു കണ്ടതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാനില്ല.

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്നു എന്നു മാത്രമല്ല നില മെച്ചപ്പെടുത്താനും ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. അത്രയും നേട്ടം തന്നെയാണ്. അപ്പോഴും അവർ പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടായോ എന്ന പരിശോധന ആവശ്യമായി വരും. എൻഡിഎ സഖ്യകക്ഷികൾക്ക് സീറ്റ് നിലയിൽ ബിജെപിയെ സഹായിക്കാൻ കഴിഞ്ഞില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ കൂടി ഫലമെടുക്കുമ്പോൾ വലിയ മുന്നേറ്റമാണു ബിജെപി കാഴ്ചവച്ചത്. പശ്ചിമ ബംഗാളിൽ ഭരണം പിടിക്കുക എന്നതു സ്വപ്നസമാനമായ നേട്ടം തന്നെയാണ്. കേരളത്തിലെന്നപോലെ അവിടെയും ഭരിക്കുന്ന കക്ഷിയെ ജനങ്ങൾ കണക്കിനു ശിക്ഷിച്ചിരിക്കുന്നു. 2011 മുതൽ ഭരണത്തിലുള്ള മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ് ഇനി പ്രതിപക്ഷത്തിരുന്നാൽ മതിയെന്നാണു ജനവിധി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടതുഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ഒരു വിസ്മയം പോലെ മമത ബാനർജി അധികാരത്തിലേക്കു വന്നത്. പിന്നീട് അവിടെയൊരു തിരിച്ചുവരവിന് ഇടതു പാർട്ടികൾക്കു കഴിഞ്ഞില്ല. പ്രതിപക്ഷത്തിന്‍റെ സാധ്യതകൾ കൃത്യമായി ഉപയോഗിച്ചാണ് ബിജെപി ജനവിശ്വാസം പിടിച്ചെടുത്തത്. മമതയുടെ ഭരണം മടുത്തപ്പോൾ വോട്ടർമാർക്കു മുന്നിലുണ്ടായിരുന്ന സാധ്യത ബിജെപിയായി. തങ്ങളിലുള്ള പശ്ചിമ ബംഗാളിന്‍റെ വിശ്വാസം ഭരണത്തിലേറുമ്പോഴും കാത്തുസൂക്ഷിക്കാൻ സദ്ഭരണമാണ് ബിജെപിക്കു മുന്നിലുള്ള മാർഗം.

തമിഴ്നാട്ടിൽ ഡിഎംകെയുടെ പതനവും ആഴത്തിലുള്ളതാണ്. കേരളത്തിലും പശ്ചിമ ബംഗാളിലും എന്നപോലെ ഭരണവിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിച്ചു എന്നു പറയണം. വിജയ്‌യുടെ ടിവികെ സർവരെയും ഞെട്ടിച്ച മുന്നേറ്റം കാഴ്ചവച്ചപ്പോൾ, ഭരണകക്ഷിയായ ഡിഎംകെ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു എന്നതാണ് അമ്പരപ്പുളവാക്കുന്നത്. കന്നി മത്സരത്തിൽ തന്നെ ടിവികെ നേടിയ ഈ അസാധാരണ കുതിപ്പിൽ ഇപ്പോൾ പ്രതിപക്ഷത്തുള്ള അണ്ണാ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കു പതിച്ചു. പുതിയ പാർട്ടിയുടെ മുന്നേറ്റത്തിനിടയിലും എടപ്പാടി പളനി സ്വാമിയുടെ പാർട്ടി പിടിച്ചുനിന്നു എന്നുവേണം പറയാൻ. പതിറ്റാണ്ടുകളായി ഡിഎംകെയും അണ്ണാ ഡിഎംകെയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്താണു പുതിയൊരു ശക്തി ഉദയം ചെയ്തിരിക്കുന്നത്. പ്രചാരണ യോഗങ്ങളിൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കാൻ വിജയ്ക്കു കഴിഞ്ഞിരുന്നു. അവർക്ക് അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ നിരവധിയാണ്. സർക്കാരുണ്ടാക്കിയാൽ അവയൊക്കെ പാലിക്കുക എന്നതാണു മുഖ്യമായിട്ടുള്ളത്.

ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും ഭരണം മാറുമ്പോൾ അസമിലും പുതുച്ചേരിയിലും എൻഡിഎയ്ക്കു ഭരണവിരുദ്ധ വികാരം നേരിടേണ്ടിവന്നില്ല. അസമിൽ ബിജെപിയുടെ ഹാട്രിക് വിജയമാണു കാണുന്നത്. തിരിച്ചുവരവിനുള്ള കോൺഗ്രസിന്‍റെ എല്ലാ സാധ്യതകളും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബിജെപി അടച്ചു എന്നു പറയണം. പശ്ചിമ ബംഗാളിലെ അട്ടിമറി വിജയം കൂടി വച്ചു നോക്കുമ്പോൾ ദേശീയ തലത്തിൽ ബിജെപിക്ക് ഏറെ ആത്മവിശ്വാസം നൽകുന്ന തെരഞ്ഞെടുപ്പാണിത്.

ഇനി യുഡിഎഫ്; തകർന്നടിഞ്ഞ് ഇടതുപക്ഷം, കൈ പിടിച്ച് കേരളം

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു; സ്വീകരിച്ച് ഗവർണർ

ഇനി എംപിയും എംഎൽഎയും ഒരു വീട്ടിൽ; എംപി വി.കെ. ശ്രീകണ്ഠന്‍റെ ഭാര്യ തുളസി നിയമസഭയിലേക്ക്

ശബരിമല സ്വർണക്കൊള്ള മുതൽ ബിജെപി-സിപിഎം ഡീൽ വരെ; നിർണായകമായത് കെസിയുടെ ഇടപെടൽ

"ഇതാണ് റിയല്‍ കേരള സ്റ്റോറി"; മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് കെ.സി.വേണുഗോപാല്‍