പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനത്തിനു തുടക്കമാവുക. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവെ സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതും ഇന്നാണ്. സാമ്പത്തിക വ്യവസ്ഥയുടെ വിവിധ മേഖലകളിലെ പ്രകടനം വിലയിരുത്തുന്ന സർവെ രാജ്യത്തിന്‍റെ സാമ്പത്തികാരോഗ്യം സംബന്ധിച്ച ചൂണ്ടുപലകയാണ്. കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സേവന മേഖലകൾ എന്നിവയുടെ പുരോഗതി, സാമ്പത്തിക വളർച്ച, നാണയപ്പെരുപ്പ സാഹചര്യം എന്നിവയൊക്കെ സർവെയുടെ ഭാഗമാവുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര ബജറ്റ് എങ്ങനെയാവണമെന്നു സൂചിപ്പിക്കുന്നതിലും സാമ്പത്തിക സർവെയ്ക്കു പങ്കുണ്ട്. എല്ലാവരും കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് നാളെയാണ്. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്. കർഷകരും ശമ്പള വിഭാഗക്കാരും വാണിജ്യ- വ്യവസായ രംഗങ്ങളിലുള്ളവരും വലിയ പ്രതീക്ഷകളോടെയാണ് ഈ ബജറ്റിനെ ഉറ്റുനോക്കുന്നത്. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ എന്നതും സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നുണ്ട്.
എന്തായാലും കഴിഞ്ഞ ബജറ്റുകളുടെ തുടർച്ചയിലാവും ധനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നു കരുതുന്നവരുണ്ട്. കമ്മി നിയന്ത്രിക്കാനും അച്ചടക്കം പാലിക്കാനും ബജറ്റിൽ ശ്രമങ്ങളുണ്ടായേക്കും. സാധാരണ ഗതിയിൽ ശനിയാഴ്ച ഓഹരി വിപണി അവധിയാണെങ്കിലും ബജറ്റ് കണക്കിലെടുത്ത് നാളെ പ്രവർത്തനമുണ്ട്. ബജറ്റിൽ നിന്ന് ഊർജം ഉൾക്കൊള്ളാനുള്ള സാധ്യതകൾ ഓഹരി ഇടപാടുകാരും പ്രതീക്ഷിക്കുകയാണ്. സാധാരണക്കാരുടെ വാങ്ങൽ ശേഷി വർധിപ്പിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി കൂടുതൽ ആദായനികുതി ഇളവുകൾ ധനമന്ത്രി പ്രഖ്യാപിക്കുമെന്നു കരുതുന്നവരുണ്ട്. ഇളവു പരിധിയിലും സ്ലാബിലും നിരക്കിലും സ്റ്റാൻഡേർഡ് ഡിഡക്ഷനിലും മാറ്റങ്ങളുണ്ടായേക്കാം. ആദായനികുതിയിൽ എന്ത് ആശ്വാസമാണു ധനമന്ത്രി നൽകാൻ പോകുന്നതെന്നറിയാൻ ശമ്പളവിഭാഗക്കാർ മുഴുവൻ കാത്തിരിക്കുകയാണ്. സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതി കുറയുമ്പോൾ ജനങ്ങളുടെ കൈയിൽ കൂടുതൽ പണമുണ്ടാവും. അവരുടെ വാങ്ങൽ ശേഷി വർധിക്കും. പൊതുവിപണിയിൽ കൂടുതൽ പണമെത്തും. അതു സാമ്പത്തിക പ്രവർത്തനങ്ങളെ മൊത്തത്തിൽ ഉത്തേജിപ്പിക്കും. പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള നടപടികൾ പ്രതീക്ഷിക്കാവുന്നതാണ്.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതിന്‍റെ വളർച്ചയ്ക്ക് പ്രോത്സാഹനം നൽകുന്ന ഘടകങ്ങൾ ബജറ്റിലുണ്ടാവണം. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച സംബന്ധിച്ച പ്രവചനങ്ങൾ ഇപ്പോൾ അത്ര ആശ്വാസകരമല്ല. 2024-25ലെ ജിഡിപി വളർച്ച 6.4 ശതമാനം മാത്രമായിരിക്കുമെന്നാണു വിലയിരുത്തലുകൾ. നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാവും ഇത്. മുൻവർഷം 8.2 ശതമാനമായിരുന്നു വളർച്ച. 6.6 ശതമാനം വളർച്ചയുണ്ടാവുമെന്ന് റിസർവ് ബാങ്ക് കണക്കാക്കിയിരുന്നതാണ്. അതിലും താഴേയ്ക്കു പോവും യഥാർഥ കണക്ക് എന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് വിവിധ മേഖലകളിൽ വളർച്ചയിലുണ്ടാവുന്ന ഇടിവ് ധനമന്ത്രിക്കു കാണേണ്ടതുണ്ട്. എന്തൊക്കെ ഘടകങ്ങളാണ് ജിഡിപി വളർച്ചയെ ബാധിക്കുന്നതെന്നു കണ്ടെത്തി അതിനു പരിഹാരം നിർദേശിക്കേണ്ടതുണ്ട്. കാർഷിക രംഗത്ത് കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട വളർച്ചാനിരക്കു പ്രതീക്ഷിക്കുന്നു. എന്നാൽ, മാനുഫാക്ചറിങ്, ഖനനം, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ തിരിച്ചടിയാണു പ്രവചിക്കപ്പെടുന്നത്. വ്യവസായ രംഗത്തു പൊതുവേ വളർച്ച കുറയുന്നതു തടയേണ്ടതുണ്ട്. അതിനു വ്യവസായികൾ ആവശ്യപ്പെടുന്ന നയസമീപനങ്ങൾ ധനമന്ത്രി ഉൾക്കൊള്ളുമോയെന്നു ബജറ്റ് വ്യക്തമാക്കും.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ തോതിലുള്ള മുതൽമുടക്കു തന്നെയാണ് ആവശ്യമുള്ളത്. ധനമന്ത്രി ഇക്കാര്യത്തിൽ മടി കാണിക്കില്ലെന്നു വിദഗ്ധർ കരുതുന്നുണ്ട്. റോഡ്, ഹൈവേ, റെയ്‌ൽവേ വികസനത്തിന് മോദി സർക്കാർ തുടർച്ചയായി വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ആ പ്രവണത തുടരുമെന്നു കരുതണം. ഭവന നിർമാണ മേഖലയിലും കൂടുതൽ ഫോക്കസ് ഉണ്ടാവുമെന്നു കരുതാവുന്നതാണ്. ഊർജ മേഖലയുടെ പ്രാധാന്യവും കുറച്ചുകാണാനിടയില്ല. 2024-25ലെ ബജറ്റിൽ 11.1 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ മാറ്റിവച്ചത്. ഇതിന്‍റെ തുടർച്ചയായി ഇത്തവണയും ഉയർന്ന വിഹിതം ഈ മേഖലയിൽ ഉണ്ടാവേണ്ടതാണ്. സാമ്പത്തിക പുരോഗതിയുടെ മൂലക്കല്ലായി അടിസ്ഥാന സൗകര്യ വികസനത്തെ കാണുന്നതാണല്ലോ കേന്ദ്ര സർക്കാർ നയം. ഈ മേഖലയിൽ പൊതു- സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും പ്രധാനമാണ്. കേന്ദ്ര സർക്കാർ പദ്ധതികളിലൂടെയുള്ള നഗരവികസനം രാജ്യത്തിന്‍റെ പുരോഗതിയിൽ മുഖ്യപങ്കു വഹിക്കേണ്ടതാണ്. വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം ഗണ്യമായി വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സാങ്കേതികവിദ്യാ വിപ്ലവത്തിന്‍റെ നേട്ടം കൊയ്യുന്നതിന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന് ഉയർന്ന വിഹിതം എന്ന ആവശ്യവും ധനമന്ത്രിയുടെ മുന്നിലുള്ളതാണ്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ തഴയാതെയുള്ള ഒരു ബജറ്റ് കോടിക്കണക്കിനാളുകളാണു മോഹിക്കുന്നത്.