സംസ്ഥാനത്ത് മദ്യത്തിന്റെ ഉത്പാദനവും ഉപയോഗവും വർധിപ്പിക്കാൻ ഇടവരുത്തുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം എന്ന വിമർശനം ഉയരുന്നുണ്ട്. ബുധനാഴ്ച മന്ത്രിസഭാ യോഗം അംഗീകരിച്ച നയം അനുസരിച്ച് അടഞ്ഞു കിടക്കുന്ന 250 ചില്ലറ വില്‍പ്പന ശാലകൾ കൂടി തുറക്കാന്‍ പോകുകയാണ്. ആകെ 559 വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകള്ക്കാണു സംസ്ഥാനത്ത് അനുമതിയുള്ളതെന്നും അതിൽ 309 ചില്ലറ വില്‍പ്പന ശാലകളാണ് ഇപ്പോൾ പ്രവര്ത്തിക്കുന്നതെന്നുമാണു സർക്കാർ വാദം. എന്തായാലും നിലവിലുള്ളതിൽനിന്നും വലിയ തോതിലാണു വിൽപ്പനശാലകൾ വർധിക്കുന്നത്. അതിനനുസരിച്ച് മദ്യത്തിന്റെ ലഭ്യതയും വാങ്ങാനുള്ള സൗകര്യവും കൂടും. സ്വാഭാവികമായും അത് ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കും.
ഇതിനു പുറമേ പുതിയ ഡിസ്റ്റിലറികൾക്കും ബിയർ, വൈൻ നിർമാണ യൂണിറ്റുകൾക്കും അംഗീകാരം ലഭിക്കാനും പുതിയ നയം ഇടയാക്കും. വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തു തന്നെ നിര്‍മിക്കാൻ സംവിധാനം ഒരുക്കുമെന്നാണല്ലോ പുതിയ നയത്തിൽ വ്യക്തമാക്കുന്നത്. അതായത് സംസ്ഥാനത്ത് ഇവയുടെ ഉത്പാദനം വർധിക്കും. പഴവര്ഗങ്ങളില് നിന്നു വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നുണ്ട്.
ഐടി പാര്‍ക്കുകൾ കൂടാതെ വ്യവസായ പാര്‍ക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പാൻ ലൈസന്‍സ് നൽകും. വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്ററന്റുകള്‍ക്ക് സീസണില്‍ ബിയറും വൈനും വില്ക്കാന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. ക്ലാസിഫിക്കേഷന്‍ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റു നിയമ തടസങ്ങളില്ലെങ്കില്‍ കമ്മിറ്റിയുടെ പരിശോധന നടക്കും വരെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതെല്ലാം ലഭ്യത കൂട്ടുന്ന നയതീരുമാനങ്ങളാണ്.
കള്ളുചെത്തു വ്യവസായ മേഖല ബാറുടമകൾക്കു കൂടി തുറന്നുകൊടുക്കുന്നതാണു പുതിയ നയമെന്നു വിമർശിക്കുന്നതിൽ സിപിഐയുടെ തൊഴിലാളി സംഘടന വരെയുണ്ട്. ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിനു മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കും ടൂറിസം മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള തെങ്ങ് ചെത്തി കള്ളെടുത്ത് അതിഥികള്‍ക്കു വിളമ്പാൻ അനുവാദം നല്‍കുമെന്നാണു പുതിയ നയത്തിൽ പറയുന്നത്. ബാറുകളിൽ കള്ള് വിൽക്കാനുള്ള തീരുമാനം അംഗീകരിക്കില്ലന്ന് എഐടിയുസി മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. കള്ള് ഉത്പാദനം എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷന് അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കുമെന്നും പുതിയ നയം അവകാശപ്പെടുന്നു. "കേരള ടോഡി' എന്ന പേരില്‍ കള്ള് ബ്രാന്‍ഡ് ചെയ്യുമെന്നും വിശദീകരിക്കുന്നുണ്ട്.
പൂർണ മദ്യനിരോധനം അപ്രായോഗികമാണ് എന്നു വാദിച്ചാൽപോലും ലഭ്യത കൂട്ടാനുള്ള നടപടികൾ നാടിന് അഭികാമ്യമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. മദ്യത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് അവകാശപ്പെടുമ്പോൾ തന്നെയാണ് ലഭ്യത കൂട്ടാനുള്ള നടപടികളും സ്വീകരിക്കുന്നത് എന്നതിലെ വിരോധാഭാസം കാണാതിരിക്കാനാവില്ല. ബോധവത്കരണം കൊണ്ട് മദ്യ ഉപയോഗം കുറഞ്ഞുവെന്നും പറയാനാവില്ല. സർക്കാരിനുള്ള മദ്യ വിൽപ്പന വരുമാനം വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സംസ്ഥാനത്തിനു മദ്യത്തിൽ നിന്നുള്ള നികുതി വരുമാനമായി ലഭിച്ചത് 24,540 കോടി രൂപയാണെന്നാണു കണക്ക്. പ്രതിമാസ നികുതി വരുമാനം ആയിരം കോടിയിലേറെ രൂപയായിരിക്കുന്നു. 32,000 കോടിയോളം രൂപയുടെ വിദേശ മദ്യമാണ് ഈ രണ്ടുവർഷക്കാലത്തിനിടെ മലയാളികൾ കുടിച്ചത്. സംസ്ഥാനത്ത് പ്രതിദിന മദ്യവിൽപ്പന ആറു ലക്ഷത്തോളം ലിറ്ററിന്റേത് എന്നാണു കണക്കാക്കുന്നത്. ബിയർ, വൈൻ വിൽപ്പന ഇതിനു പുറമേയാണ്.
മദ്യവർജനം നയമായി പറയുമ്പോഴും മദ്യവിൽപ്പനയിലെ വരുമാനം ഖജനാവിന്റെ ആരോഗ്യത്തിന് അനിവാര്യമെന്നു സർക്കാർ കരുതുന്നുണ്ട്. ഈ വരുമാനം എത്രകണ്ട് വർധിപ്പിക്കാമോ അതിലാണു പ്രധാനമായും ശ്രദ്ധ നൽകുന്നതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു സർക്കാർ മുന്നോട്ടുപോകുന്നത്. ഈ പ്രതിസന്ധിക്കുള്ള പരിഹാരം മദ്യത്തിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുക എന്നതാവുന്നത് സംസ്ഥാനത്തിനു ഗുണകരമോ എന്നതാണു ചിന്തിക്കേണ്ടത്.