ഓപ്പറേഷൻ ഗ്രിപ്പ്: ഗൂണ്ടാവിളയാട്ടത്തിന് അവസാനമാവട്ടെ
സംസ്ഥാനത്ത് ഗൂണ്ടാ സംഘങ്ങളുടെ വിളയാട്ടം അവസാനിപ്പിക്കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ നീക്കങ്ങൾ ജനങ്ങൾ ഉറ്റുനോക്കുകയാണ്. ഗൂണ്ടകളെ പിടികൂടാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതി സജീവമാക്കിയിരിക്കുകയാണെന്നു പൊലീസ് അവകാശപ്പെടുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സെല്ലാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമെല്ലാമായി നിരവധി പേരെ ഇതുവരെ പിടികൂടിക്കഴിഞ്ഞുവെന്നു പൊലീസ് അറിയിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പൊലീസ് തയാറാക്കിയ പട്ടികയിൽ 300 പ്രധാന ഗൂണ്ടകളാണുള്ളതത്രേ. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗൂണ്ടാപ്രവർത്തനം നടത്തുന്നവരുടെ ജാമ്യം നിഷേധിക്കാൻ കോടതിയെ സമീപിക്കാൻ അടക്കം പദ്ധതിയുണ്ട്. ക്രിമിനലുകളെ മാത്രമല്ല അവരെ സ്പോൺസർ ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ ഗ്രിപ്പ് എന്നാണു പറയുന്നത്. ശത്രുക്കളെ നേരിടുന്നതിനായി ഗൂണ്ടകളെ സംരക്ഷിക്കുന്നവർ അവർക്കു വേണ്ടി ചെലവഴിക്കുന്നതു കോടികളാണെന്നു പൊലീസ് പറയുന്നു. വൈരാഗ്യം തീർക്കാൻ ഗൂണ്ടകളെ വിദേശത്തേക്ക് അയച്ച സംഭവങ്ങൾ വരെയുണ്ടത്രേ.
ഗൂണ്ടകളുടെ സ്പോൺസർമാരെയും സാമ്പത്തിക സ്രോതസുകളെയും കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനു നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. എല്ലാം പരിശോധിച്ചു ശക്തമായ നടപടികൾ എടുക്കാൻ പൊലീസ് തയാറാവുകയാണ് എന്നുവേണം കരുതാൻ. ഗൂണ്ടാ ബന്ധമുള്ളവരുടെ സ്ഥാപനങ്ങളും വീടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബർ, ഇന്‍റലിജൻസ് വിഭാഗങ്ങളുടെ പിന്തുണയും ഓപ്പറേഷൻ ഗ്രിപ്പിൽ പൊലീസിനുണ്ട്. ഈ ദൗത്യത്തിൽ പൂർണ വിജയം നേടുന്നതിന് കഠിന പരിശ്രമം തന്നെ ഉണ്ടാവേണ്ടതുണ്ട്. ഗൂണ്ടാ ഭീഷണിയില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കിയാൽ അതുവഴി ജനവിശ്വാസം നേടിയെടുക്കാൻ സർക്കാരിനാവും. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തു ഗൂണ്ടാ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിട്ടുണ്ട്. ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇതിന്‍റെ ഭാഗമായിരുന്നു. ഗൂണ്ടാ നേതാവ് ജയിലിൽ നിന്നു പുറത്തിറങ്ങിയത് പാർട്ടി നടത്തി ആഘോഷിച്ചതുപോലുള്ള സംഭവങ്ങളുമുണ്ടായി. ഗൂണ്ടകളെ അടിച്ചമർത്തുന്നതിൽ പൊലീസ് പരാജയപ്പെടുന്നതായി രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഗൂണ്ടകളെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയ ശേഷവും അവരുടെ വിളയാട്ടങ്ങൾ ആവർത്തിക്കുകയായിരുന്നു. പലവിധ സ്വാധീനത്താൽ കുട്ടികൾ പോലും ഗൂണ്ടാസംഘങ്ങളിൽ എത്തിപ്പെടുന്നുണ്ട് എന്ന ദുഃഖകരമായ യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. ലഹരി വസ്തുക്കൾ അടക്കം ആവശ്യമുള്ളതൊക്കെ കൊടുത്താണ് ഗൂണ്ടാസംഘങ്ങളിൽ നിന്നു പോകാതെ കുട്ടികളെ പിടിച്ചുനിർത്തുന്നത്. ലഹരി വസ്തുക്കളുടെ വിൽപ്പനയ്ക്കും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്.
ഗൂണ്ടകളെയും സാമൂഹിക വിരുദ്ധരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നു പൊലീസിന് അറിയാമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓർമിപ്പിക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗൂണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആരും നിയമത്തിന് അതീതരല്ലെന്നും നിയമത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിലും സ്റ്റേഷനുകളിലും സമഗ്രമായ മാറ്റം വരുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി ഓപ്പറേഷൻ തൂഫാൻ പദ്ധതിയും പൊലീസ് നടപ്പാക്കുന്നുണ്ട്. മയക്കുമരുന്നു വിൽപ്പനക്കെതിരേ സംസ്ഥാന വ്യാപകമായി ശക്തമായ നടപടിയാണ് ഉണ്ടാവുന്നത്. അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന പ്രോജക്റ്റ് സീറോ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കെല്ലാം സമാന്തരമായാണ് ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയും നടപ്പാക്കുന്നത്.
എന്തായാലും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിക്കുന്നതു പോലെ ഇതു ഗൂണ്ടകളുടെ നാടല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടു തന്നെയാണ്. ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്താനുള്ള അതിശക്തമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോൾ അതിനെ സാധാരണ ജനങ്ങൾ എതിർക്കില്ല. സ്വാർഥ താത്പര്യങ്ങൾക്കായി ഗൂണ്ടകളെ സംരക്ഷിക്കുന്ന ചിലരുണ്ടാവാം. അവരെയും കണ്ടെത്തി അതിൽ നിന്നു പിന്തിരിപ്പിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഗൂണ്ടകളെയും അക്രമി സംഘങ്ങളെയും പോറ്റിവളർത്തുന്നവർ സമൂഹത്തോടാണു കടുത്ത ദ്രോഹം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒരു തരത്തിലുള്ള രാഷ്ട്രീയ പരിഗണനകളും ഗൂണ്ടകൾക്കും അവരുടെ സംരക്ഷകർക്കും കിട്ടരുത്. നാട്ടിലെ ക്വട്ടേഷൻ സംഘങ്ങളും ക്രിമിനൽ സംഘങ്ങളും ഒക്കെ പൊലീസിന്‍റെ വലയത്തിലാവട്ടെ. ലഹരി മാഫിയയുടെ വളർച്ച പോലെ ഗൂണ്ടകളുടെ സാന്നിധ്യവും സംസ്ഥാനത്തിനു വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ലഹരി മാഫിയയും ഗൂണ്ടകളും തമ്മിലുള്ള ചങ്ങാത്തം വലിയ തോതിലുള്ള സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാവുന്നു. ഓണക്കാലം വരുകയാണ്. ഈ ആഘോഷ നാളുകളിൽ ജനങ്ങളുടെ സമാധാന ജീവിതത്തിനു തടസം സൃഷ്ടിക്കാൻ ഗൂണ്ടകളോ ലഹരി വിൽപ്പന സംഘങ്ങളോ സാമൂഹിക വിരുദ്ധരോ ഒക്കെ തയാറെടുക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്താനും തക്കതായ നടപടികൾ സ്വീകരിക്കാനും സർക്കാരിനും പൊലീസിനും കഴിയട്ടെ.