കാക്കിക്കുള്ളിലെ കാട്ടാളന്മാര്‍
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കു മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണു കേരളത്തിലേതെന്ന് അവകാശപ്പെടുകയുണ്ടായി. പൊലീസിന്‍റെ മുൻകാല ചരിത്രം ഓർമിപ്പിച്ചുകൊണ്ടും തന്‍റെ സർക്കാർ കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികളുടെ കണക്കുകൾ അവതരിപ്പിച്ചുകൊണ്ടും മുഖ്യമന്ത്രി നടത്തിയ പ്രസംഗം പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താതിരുന്നതു സ്വാഭാവികമാണ്. പൊലീസ് അതിക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നാണു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്. പൊലീസിന്‍റെ നടപടികളെ പ്രതിപക്ഷം വിമർശിക്കുന്നതും ഭരണപക്ഷം ന്യായീകരിക്കുന്നതും ഇതാദ്യമായല്ല. ഈ സർക്കാരിന്‍റെ കാലത്തു തന്നെ പലവട്ടം പൊലീസ് പ്രതിക്കൂട്ടിലായിട്ടുണ്ട്. യുഡിഎഫിന്‍റെ കാലത്തെ പൊലീസ് ആയാലും എൽഡിഎഫ് ഭരണത്തിലെ പൊലീസ് ആയാലും സേനയിൽ ചില പുഴുക്കുത്തുകൾ ഉണ്ടാവും. അതു മൊത്തം പൊലീസിനും നാണക്കേടായി മാറുകയും ചെയ്യും. അതിനിടയിലും എടുത്തു പറയാവുന്ന നിരവധി നേട്ടങ്ങൾ പൊലീസ് സേനയ്ക്ക് അവകാശപ്പെടാനുണ്ടാവും. നേട്ടങ്ങളെ സർക്കാർ ഉയർത്തിക്കാണിക്കുമ്പോൾ പ്രതിപക്ഷം കോട്ടങ്ങളുടെ കെട്ടഴിക്കുന്നതു സ്ഥിരം കാഴ്ചയാണ്.
രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ സ്റ്റാലിന്‍റെ റഷ്യയല്ല, ഇതു ജനാധിപത്യ കേരളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നതു കണ്ടു. പൊലീസ് അതിക്രമങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ ഇന്‍റലിജന്‍സ് സംവിധാനം പിരിച്ചുവിടണമെന്നും അറിയുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണമെന്നുമാണു പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ചെറുപ്പം മുതൽ താൻ ജീവിക്കുന്നതു സ്റ്റാലിന്‍റെ റഷ്യയിലല്ല, നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്തെ പൊലീസിനു കീഴിലാണെന്നാണ് പിണറായി ഇതിനു മറുപടി പറഞ്ഞത്. കോൺഗ്രസ് ഭരണകാലത്ത് സിപിഎം സഖാക്കൾക്ക് ഏറ്റുവാങ്ങേണ്ടിവന്ന പൊലീസ് ക്രൂരതകൾ മുഖ്യമന്ത്രി ഓർമിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരസ്പരം ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാനുള്ള സാധ്യതകൾ ഏതു കാലത്തും പൊലീസ് നൽകിയിട്ടുണ്ട്. കാക്കിക്കുള്ളില്‍ കാട്ടാളന്മാര്‍ എന്ന പ്രതിപക്ഷ മുദ്രാവാക്യം പക്ഷേ, സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയ്ക്കും യോജിക്കുന്നതല്ല എന്ന് എടുത്തുപറയേണ്ടതുണ്ട്. ഏറ്റവും നല്ല നിലയിൽ ജോലി ചെയ്യുന്ന എത്രയോ പൊലീസുകാരെ നമുക്ക് കാണാനാവും. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ എത്രയോ അംഗീകാരങ്ങളാണ് നമ്മുടെ പൊലീസിനു ലഭിക്കുന്നത്. ജനങ്ങൾക്കും നാടിനും വേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കുന്നവരെ അംഗീകരിച്ചു തന്നെ വേണം കുറ്റക്കാരായവരെ തള്ളിപ്പറയുന്നതിന്.
പൊലീസ് അതിക്രമങ്ങൾക്കെതിരേ കർക്കശ നടപടി എന്നതാണ് ഇടതു സർക്കാരിന്‍റെ നയമെന്നു മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ട്. 2016 മുതൽ 2024 ജൂൺ വരെ കുറ്റക്കാരായ 108 പൊലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. 2024 ഒക്റ്റോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെ 36 പൊലീസുകാരെയും പിരിച്ചുവിട്ടിട്ടുണ്ട്. അങ്ങനെ മൊത്തം 144 പൊലീസുകാരെയാണു വിവിധ നടപടികളുടെ ഭാഗമായി ഈ സർക്കാർ പൊലീസ് സേനയിൽ നിന്നു പിരിച്ചുവിട്ടതെന്നാണു കണക്ക്. ഇത്തരത്തിലൊരു നടപടി കോൺഗ്രസ് ഭരണത്തിലുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, ഇത്തരത്തിൽ നടപടിയെടുത്തിട്ടും പൊലീസ് അതിക്രമങ്ങൾ തുടരുന്നുണ്ടെന്നതാണു യാഥാർഥ്യം. പൊലീസ് സേനയിലെ ക്രിമിനലുകളെക്കുറിച്ചു നേരത്തേയും പലതവണ ചർച്ച ചെയ്തിട്ടുള്ളതാണ്. ആറു വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പെട്ടത് 828 പൊലീസുകാരെന്ന് രണ്ടു വർഷം മുൻപ് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിൽ പറഞ്ഞത്. ഗുരുതര കേസുകളിൽ പെട്ടവരെ പിരിച്ചുവിടാനുള്ള സർക്കാർ നടപടികളെക്കുറിച്ചും അന്നു മുഖ്യമന്ത്രി പറയുകയുണ്ടായി. ജനങ്ങളോടും നിയമസംവിധാനങ്ങളോടും പ്രതിബദ്ധത കാണിക്കാത്ത, ക്രിമിനൽ സ്വഭാവം കാണിക്കുന്ന ഒരു പൊലീസുകാരനെയും സർവീസിൽ തുടരാൻ അനുവദിക്കരുത്. പൊലീസ് യൂണിഫോം ദുരുപയോഗിക്കുന്നത് കർശനമായി തടയുക തന്നെ വേണം. മുഖ്യമന്ത്രി അവകാശപ്പെടുന്ന കർക്കശ നടപടി പൊലീസ് സേനയെ പൂർണമായി ശുദ്ധീകരിക്കാൻ സഹായിക്കണം. കുറ്റക്കാരായ പൊലീസുകാർക്കെതിരേ നടപടി സ്വീകരിച്ചതുകൊണ്ട് പൊലീസിന്‍റെ ആത്മവീര്യം തകരുമെന്ന ചിന്ത വേണ്ട. ഗുരുതരമായ കുറ്റം ചെയ്യുന്നവർ പുറത്തുപോകുന്നതു തന്നെയാണു നല്ലത്. കാക്കിയുടെ ബലത്തിൽ എന്തു ചെയ്താലും ആളുകൾ അതു സഹിച്ചുകൊള്ളണം എന്നു കരുതുന്നവരെ സേനയിൽ വച്ചുകൊണ്ടിരിക്കരുത്.
പ്രതിപക്ഷം സഭയിൽ ഉന്നയിച്ച കുന്നംകുളം കസ്റ്റഡി മർദനം വളരെ ഗൗരവമുള്ള വിഷയം തന്നെയാണ്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോടു വിവരങ്ങൾ അന്വേഷിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദിച്ചത്. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, പൊലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി എന്നൊക്കെ പറഞ്ഞ് വ്യാജ എഫ്ഐആറും തയാറാക്കിയത്രേ. വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്നു മനസിലാവുകയും ചെയ്തു. മർദനത്തെത്തുടർന്ന് സുജിത്തിന്‍റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പൊലീസ് മർദനത്തിന്‍റെ ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് എത്ര ക്രൂരമായാണു പൊലീസുകാർ പെരുമാറിയത് എന്നു ജനങ്ങൾ അറിയുന്നത്. കുന്നംകുളത്തു മാത്രമല്ല പീച്ചിയിലും കോഴിക്കോടും നടന്ന പൊലീസ് മർദനങ്ങളുടെ റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംവിധാനം, അഴിമതി ഏറ്റവും കുറഞ്ഞ പൊലീസ് എന്നൊക്കെ അഭിമാനിക്കാൻ കഴിയുന്നതു നല്ലതു തന്നെ. അതിനൊപ്പം സേനയിലെ ചില പുഴുക്കുത്തുകളും ഇല്ലാതാക്കണം.