മെഡിക്കൽ കോളെജിലെ സുരക്ഷാ വീഴ്ച പരിശോധിക്കണം
സംസ്ഥാനത്ത് മെഡിക്കൽ കോളെജുകൾ അടക്കം സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളിൽ വീഴ്ചകൾ സംഭവിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് കൃത്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. സുരക്ഷാ കാര്യങ്ങളിൽ അലംഭാവമുണ്ടായാൽ എത്ര വലിയ ദുരന്തത്തിനാണ് അതു വഴിയൊരുക്കാവുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവും കാണിച്ചു തരുന്നുണ്ട്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടാവുകയും പിന്നാലെ കനത്ത പുക ഉയരുകയും ചെയ്തപ്പോൾ നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനായത് മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതുകൊണ്ടാണ്. നിരവധി രോഗികളെയാണ് അത്യാഹിത വിഭാഗത്തിൽ നിന്ന് അടിയന്തരമായി മാറ്റേണ്ടിവന്നത്. ഇവരിൽ പലരുടെയും ആരോഗ്യനില തീരെ മോശമായിരുന്നു. മുപ്പതിലേറെ രോഗികളെ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലേക്കും ചിലരെ ബീച്ച് ആശുപത്രിയിലേക്കും മാറ്റി. ബാക്കിയുള്ളവരെ മെഡിക്കൽ കോളെജിൽ തന്നെ പകരം സംവിധാനമൊരുക്കി അങ്ങോട്ട് മാറ്റുകയും ചെയ്തു.
ഡോക്റ്റർമാരും നഴ്സുമാരും അടക്കം ജീവനക്കാരും രക്ഷാപ്രവർത്തകരും പൊലീസും അഗ്നിശമന സേനയും നാട്ടുകാരും എല്ലാം ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഓരോരുത്തരും വലിയ സേവനമാണു ചെയ്തത്. നിരവധിയാളുകൾ കൈ മെയ് മറന്നു പ്രവർത്തിച്ചതിന്‍റെ ഫലമായാണ് ഏതാനും മണിക്കൂറുകൾ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. നഗരത്തിലെ മറ്റ് ആശുപത്രികളിൽ ഐസിയു അടക്കം സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അങ്ങോട്ടു മാറ്റുകയെന്നതു വലിയ ദൗത്യമാണ്. ആംബുലൻസുകളുടെ വലിയൊരു നിര തന്നെ വളരെ വേഗത്തിൽ മെഡിക്കൽ കോളെജിലെത്തി. അത്യാഹിത വിഭാഗത്തിൽ നിന്നു പുറത്തെത്തിച്ച രോഗികൾക്ക് അവിടെ അത്യാവശ്യമായ ചികിത്സ നൽകിയ ശേഷമാണ് മറ്റ് ആശുപത്രികളിലേക്കും മെഡിക്കൽ കോളെജിലെ തന്നെ മറ്റു ഭാഗങ്ങളിലേക്കും മാറ്റിയത്. ബീച്ച് ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതും മെഡിക്കൽ കോളെജിലെ ഒരു സംഘം ബീച്ച് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കാൻ തീരുമാനിച്ചതും നന്നായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടരാൻ കഴിയാത്തവർക്ക് സർക്കാർ സംവിധാനം ഉപയോഗിക്കണമല്ലോ.
ദുരന്തമുണ്ടായ സമയത്ത് അഞ്ചു രോഗികൾ മരിച്ചതു ദുരന്തത്തിന്‍റെ ഫലമായാണെന്ന ആരോപണം ഉയർന്നത് ഏറ്റവും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ദുരന്തത്തിലല്ല അവർ മരിച്ചതെന്നു മെഡിക്കൽ കോളെജ് അധികൃതർ പറയുന്നുണ്ട്. എന്നാൽ, ചില രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നത് അത്യാഹിത വിഭാഗത്തിൽനിന്നു മാറ്റേണ്ടിവന്നതു കൊണ്ടാണു മരണം സംഭവിച്ചത് എന്നാണ്. പുക ശ്വസിച്ചതു മരണകാരണമായെന്നും ചിലർ സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് വിശദമായ പരിശോധനകളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഷോർട്ട് സർക്യൂട്ട് മൂലമാണു പൊട്ടിത്തെറിയുണ്ടായതെന്നു പറയുന്നുണ്ട്. ഇക്കാര്യത്തിലും കൃത്യമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെങ്കിൽ അതിനു കാരണമായതെന്ത് എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. ആരുടെയെങ്കിലും ഭാഗത്തു പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ കർശനമായ നടപടി സ്വീകരിക്കേണ്ടതാണ്. രോഗികളുടെ ജീവൻ നിസാരമായി കാണാൻ ആരെയും അനുവദിക്കാനാവില്ല.
വടക്കൻ ജില്ലകളിലെ ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന വളരെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളെജ്. കേരളത്തിലെ ഏറ്റവും തിരക്കുള്ള ആശുപത്രികളിലൊന്ന്. അവിടെയാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചിരിക്കുന്നത്. അതിന്‍റെ ഗൗരവത്തിൽ വേണം അതേക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും. ആരെയും സംരക്ഷിക്കാനോ വീഴ്ചകൾ മറയ്ക്കാനോ ശ്രമം ഉണ്ടായിക്കൂടാ. മെഡിക്കൽ കോളെജിലെ സുരക്ഷാ സംവിധാനങ്ങൾ മോശമാണെന്നു പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കെട്ടിടനിർമാണത്തിലെ അശാസ്ത്രീയത അടക്കം വിഷയങ്ങളുണ്ട്. നിലവാരം കുറഞ്ഞ ബാറ്ററികൾ ഉപയോഗിച്ചത് അപകടത്തിനു കാരണമായോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അപകടമുണ്ടാക്കിയ യുപിഎസ് ഓവർലോഡായിരുന്നുവെന്നും സൂചനയുണ്ട്. അഗ്നിരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ചു പറയുന്നുണ്ട്. റാമ്പുകളിൽ മാലിന്യം കൂട്ടിയിട്ടിരുന്നതും പടികളിൽ പഴയ ഫർണിച്ചർ കൂട്ടിയിട്ടിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെന്നും ആരോപണമുണ്ട്. ഇടുങ്ങിയ വഴികൾ അടക്കം രക്ഷാപ്രവർത്തനത്തിനു തടസമായ പ്രശ്നങ്ങളുണ്ട്. ഇവയെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്.
സർക്കാർ ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷയെക്കുറിച്ചു പറയുമ്പോൾ സമീപകാലത്തെ മറ്റു ചില സംഭവങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലും അതിനു സമീപമുള്ള വനിതാ-ശിശു ആശുപത്രിയിലും തൊട്ടടുത്ത ദിവസങ്ങളിൽ തീപിടിത്തമുണ്ടായത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. പുലർച്ചെ മൂന്നു മണിയോടെ ജില്ലാ ആശുപത്രിയിൽ തീ പടർന്നതിനെത്തുടർന്ന് നിരവധി കിടപ്പുരോഗികളെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. രാത്രി പതിനൊന്നരയോടെ വനിതാ-ശിശു ആശുപത്രിയിലുണ്ടായ അഗ്നിബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാത ശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റേണ്ടിവന്നു. രണ്ടിടത്തും ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവനക്കാരുടെയും സ്ഥലത്തുണ്ടായിരുന്നവരുടെയും സമയോചിത ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. തീപിടിത്തം മാത്രമല്ല സുരക്ഷാ ഭീഷണിയായി നിലവിലുള്ളത് എന്നതും മറക്കാനാവില്ല. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോഗി 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ സംഭവമുണ്ട്. സർക്കാർ ആശുപത്രിയിൽ നിന്ന് പാമ്പുകടിയേറ്റ സംഭവമുണ്ട്. എലിശല്യം മെഡിക്കൽ കോളെജിലെ രോഗികളെയും കൂട്ടിരുപ്പുകാരെയും ബാധിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളെജ് അത്യാഹിത വിഭാഗത്തിൽ രോഗിയെ എലി കടിച്ച സംഭവമുണ്ടായിട്ടുണ്ട്. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെക്കുറിച്ച് അഭിമാനിക്കാൻ ഏറെയുണ്ട്. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങളിൽ പ്രശംസ പിടിച്ചുപറ്റാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും സുരക്ഷാവീഴ്ചകൾ പോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കപ്പെടാതെ നോക്കേണ്ടതുണ്ട്.