തൊഴിൽ നിയമങ്ങൾ: ചർച്ചകൾക്കു വാതിൽ തുറന്നു കിടക്കണം

 
Editorial

തൊഴിൽ നിയമങ്ങൾ: ചർച്ചകൾക്കു വാതിൽ തുറന്നു കിടക്കണം

അഞ്ചു വർഷം മുൻപ് പാർലമെന്‍റ് പാസാക്കിയ നിയമങ്ങളാണ് ഇപ്പോൾ നടപ്പിൽ വന്നിരിക്കുന്നത്

MV Desk

തൊഴിൽ നിയമങ്ങളിൽ കാലോചിതമായ പരിഷ്കരണങ്ങൾ ആവശ്യമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. തൊഴിലെടുക്കുന്നവരുടെയും തൊഴിൽ നൽകുന്നവരുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ളതാവണം ഏതു തൊഴിൽ നിയമവും എന്നതിലും തർക്കമുണ്ടാവേണ്ടതില്ല. എന്നാൽ, രാജ്യത്തെ നാ​ലു പു​തി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​പ്പോൾ അതുമായി ബന്ധപ്പെട്ട് ചില ആശങ്കകളും പ്രതിഷേധങ്ങളും ഒക്കെ ഉയരുന്നുണ്ട്. തൊഴിലാളികൾക്ക് അനുകൂലമായ പല വ്യവസ്ഥകളിലും മാറ്റം വന്നിട്ടുണ്ടന്നാണു പ്രതിപക്ഷത്തുള്ള തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ തൊഴിലാളി സംഘടനകൾ രാജ്യവ്യാപക പ്രതിഷേധത്തിനും ഒരുങ്ങുന്നുണ്ട്. ഐഎൻടിയുസിയും സിഐടിയുവും എഐടിയുസിയും അടക്കം പത്തു തൊഴിലാളി യൂണിയനുകൾ സംയുക്തമായി നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. തൊഴിലാളികൾക്കെതിരേയുള്ള യുദ്ധപ്രഖ്യാപനമാണു പുതിയ തൊഴിൽ നിയമങ്ങൾ എന്നാണ് അവർ ആരോപിക്കുന്നത്. മുതലാളിത്തത്തിന്‍റെ താത്പര്യം മാത്രമാണു സർക്കാർ സംരക്ഷിക്കുന്നത് തുടങ്ങിയ ആരോപണങ്ങൾ അവർ ഉയർത്തുന്നുണ്ട്. ചില കർഷക സംഘടനകളും അവരെ പിന്തുണയ്ക്കുന്നു.

ദീർഘകാലമായി തൊഴിലാളികൾക്കുള്ള അവകാശങ്ങൾ അട്ടിമറിക്കുന്നതാണു പുതിയ നിയമം എന്നത്രേ സിപിഎം പ്രതികരിക്കുന്നത്. പുതിയ നിയമപ്രകാരം തൊഴിലാളികൾക്ക് വേണ്ടത്ര സംരക്ഷണം ഇല്ലാതാവുന്നു എന്നാണ് ആരോപണം. സർക്കാർ ഏകപക്ഷീയമായി നിയമം നടപ്പാക്കുന്നു എന്നുമുണ്ട് ഇടതുപക്ഷത്തിന്‍റെ വിമർശനം. തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം പുതിയ നിയമം നൽകുന്നില്ലെന്ന് കോൺഗ്രസും ആരോപിക്കുന്നുണ്ട്. ദേശീയ തലത്തിൽ കുറഞ്ഞ ദിവസ വേതനം 400 രൂപയായി ഉറപ്പുവരുത്തുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സമഗ്ര സാമൂഹിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. പുതിയ നിയമം ജോലിസ്ഥിരത ഇല്ലാതാക്കുമെന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നു. അമ്പതിൽ താഴെ തൊഴിലാളികൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനു നഷ്ടപരിഹാരം നൽകേണ്ടതില്ല തുടങ്ങിയ വ്യവസ്ഥകൾ തൊഴിലാളികൾക്ക് എതിരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുൻപ് 100 തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കു വരെ ബാധകമായിരുന്ന പല തൊഴിലാളി അനുകൂല വ്യവസ്ഥകളും പുതിയ നിയമപ്രകാരം 300ൽ ഏറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു മാത്രമായി മാറിയെന്നും പുതിയ നിയമങ്ങളോടു വിയോജിപ്പുള്ളവർ വിശദീകരിക്കുന്നുണ്ട്. ട്രേഡ് യൂണിയനുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും വിവാദമായിരിക്കുകയാണ്.

അഞ്ചു വർഷം മുൻപ് പാർലമെന്‍റ് പാസാക്കിയ നിയമങ്ങളാണ് ഇപ്പോൾ നടപ്പിൽ വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം തൊഴിലാളി സംഘടനകൾ ഈ നിയമങ്ങളെ എതിർത്തുവന്നിരുന്നു. സംഘടനകളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ എതിർപ്പുകൾ അവഗണിച്ച് സർക്കാർ തീരുമാനമെടുത്തു എന്നു വേണം ധരിക്കാൻ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രമായ പരിഷ്കരണമാണ് നടന്നതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. ഇപ്പോൾ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവാദ വ്യവസ്ഥകളെക്കുറിച്ചു വീണ്ടുമൊരു ചർച്ചയ്ക്കു കേന്ദ്ര സർക്കാർ തയാറായേക്കുമെന്നു ചില റിപ്പോർട്ടുകളിൽ കാണുന്നുണ്ട്. രാജ്യം വ്യവസായ സൗഹൃദമായി മാറണമെന്നതിൽ തർക്കമില്ല. അതേസമയം, വ്യവസായ സൗഹൃദമായ നിയമങ്ങൾ വരുമ്പോൾ അത് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതാണെന്ന ധാരണ ഉണ്ടാവാനും പാടില്ല. നി​ല​വി​ലു​ള്ള 29 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ക്ര​മ​പ്പെ​ടു​ത്തി​യാ​ണ് 2019ലെ ​വേ​ത​ന കോ​ഡ്, 2020ലെ ​വ്യ​വ​സാ​യ ബ​ന്ധ കോ​ഡ്, സാ​മൂ​ഹി​ക സു​ര​ക്ഷാ കോ​ഡ്, തൊ​ഴി​ലി​ട സു​ര​ക്ഷാ- ആ​രോ​ഗ്യ- തൊ​ഴി​ൽ സാ​ഹ​ച​ര്യ കോ​ഡ് എ​ന്നി​വ ന​ട​പ്പാ​ക്കി​യ​ത്. അത് കാലത്തിന്‍റെ മാറ്റത്തിനനുസരിച്ചുള്ളതാണെന്നും അവകാശപ്പെടുന്നതിൽ തെറ്റില്ല.

പു​രോ​ഗ​മ​ന​പ​ര​മാ​യ തൊ​ഴി​ൽ സൗ​ഹൃ​ദ പ​രി​ഷ്കാ​രം എന്നു കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് തൊഴിലാളികൾക്ക് അനുകൂലമായ പല വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ടെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. സ്ത്രീകൾക്ക് അവരുടെ താത്പര്യം കണക്കിലെടുത്ത് രാത്രികാല ഷിഫ്റ്റിൽ ജോലിചെയ്യാനുള്ള അവസരം, കരാർ ജീവനക്കാർക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലിചെയ്യുന്നവർക്കും തൊഴിൽ സുരക്ഷ, ഒരു വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ ഗ്രാറ്റുവിറ്റി, ശമ്പള ഘടനയിലും പിഎഫിലും വരുന്ന മാറ്റങ്ങൾ, തു​ല്യ ജോ​ലി​ക്കു തു​ല്യ വേ​ത​നം, ലിം​ഗ​വി​വേ​ച​ന​ത്തി​നു നി​രോ​ധ​നം, എം​എ​സ്എം​ഇ​ക​ളി​ലും സാ​മൂ​ഹി​ക സു​ര​ക്ഷാ പ​രി​ര​ക്ഷ, മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​യ​മ​ന​ പ​ത്രം, 40 വയസിനു മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധന തുടങ്ങി പുതിയ നിയമത്തിന്‍റെ സവിശേഷതകൾ നിരവധിയുണ്ട്. അപ്പോഴും വിയോജിപ്പുള്ള മേഖലകളെക്കുറിച്ചു വീണ്ടും കൂടിയാലോചനകൾ നടക്കുകയും എതിർപ്പുകൾ കുറയാനുള്ള വഴിയൊരുങ്ങുകയും ചെയ്യട്ടെ. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതി​നൊ​പ്പം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുക​യും ​ചെയ്യട്ടെ. കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപ​പ്പെ​ടു​ത്തു​മ്പോൾ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖലാ പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യവസ്ഥയും തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ നി​ബ​ന്ധ​ക​ൾ ഉൾപ്പെടുത്തു​മെ​ന്നും സംസ്ഥാന സർക്കാർ അറിയിക്കുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ചർച്ചകൾക്കുള്ള വാതിൽ തുറന്നു തന്നെ കിടക്കണം.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി