സിജെപിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രക്ഷോഭത്തിൽനിന്ന്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവച്ചു. അദ്ദേഹത്തിന്‍റെ രാജിക്കു വേണ്ടി ഡൽഹി ജന്തർ മന്തറിൽ നടന്ന യുവാക്കളുടെ സമരം ചരിത്ര വിജയം കുറിച്ചു. യുവാക്കളുടെ സംഘമായ കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) അതിഗംഭീരമായ നേട്ടം. സർക്കാരിനും ബിജെപിക്കും ഏറ്റവും പ്രിയപ്പെട്ടവനായ മന്ത്രിയെ രാജിവയ്പ്പിക്കാൻ കഴിഞ്ഞു എന്നതു നിസാര കാര്യമല്ല. സിജെപി ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും സർക്കാർ സമ്മതിച്ചു എന്നതാണു മനസിലാക്കേണ്ടത്. സമ്പൂർണ വിജയമായ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചത് ഏറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള രാഷ്ട്രീയ പാർട്ടികളൊന്നുമല്ല. അഭീജിത് ദീപ്കെ സിജെപി രൂപീകരിച്ചിട്ടു മൂന്നു മാസം പോലും തികഞ്ഞിട്ടില്ല. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഒരു പരാമർശത്തെത്തുടർന്നാണ് 'പാറ്റകളു'ടെ പ്രസ്ഥാനത്തിനു യുവാക്കൾ രൂപം നൽകുന്നത്. തൊഴിലില്ലായ്മയെയും പരീക്ഷാ ക്രമക്കേടുകളെയും എതിർത്ത് അവർ രംഗത്തുവരുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിശക്തനായ ഒരു കേന്ദ്ര മന്ത്രിയെ രാജിവയ്പ്പിക്കാൻ അവർക്കു കഴിഞ്ഞു എന്നത് എങ്ങനെയാണു ചരിത്രമല്ലാതായി കാണുക.
ഇതൊരു തുടക്കം മാത്രമാണ് എന്നത്രേ ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ സിജെപി സ്ഥാപകൻ അവകാശപ്പെട്ടത്. ഉത്തരവാദിത്വത്തോടെ പെരുമാറാനും ഭരണകൂടങ്ങളെ തിരുത്തിക്കാനും ജനവിരുദ്ധ നീക്കങ്ങളെ എതിർക്കാനും അവർക്കു കഴിഞ്ഞാൽ ഈ നാട്ടിലെ യുവാക്കൾ മാത്രമല്ല കടുത്ത രാഷ്ട്രീയ പക്ഷഭേദങ്ങളില്ലാത്ത മുഴുവൻ ആളുകളും അവരെ പിന്തണയ്ക്കുമെന്നുറപ്പാണ്. തുടർന്നും ഒരു തിരുത്തൽ പ്രസ്ഥാനമായി നിലനിൽക്കണമെങ്കിൽ ശക്തമായ സംഘടന കെട്ടിപ്പടുക്കുന്നതടക്കം വളരെയധികം കാര്യങ്ങൾ അവർക്കു ചെയ്യാനുണ്ട്. പരീക്ഷാ സംവിധാനം നവീകരിക്കുന്നതിനായി പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കു മുന്നിൽ അവർ ചില പ്രധാന നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുപോലെ നയങ്ങളിലും പരിപാടികളിലും വ്യക്തതയും കൃത്യതയും ഈ പ്രസ്ഥാനത്തിന്‍റെ തുടർന്നുള്ള നിലനിൽപ്പിന് ആവശ്യമാണ്. രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ തന്നെയാണ് അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അരവിന്ദ് കെജ്‌രിവാളിന്‍റെ എഎപി ഉദിച്ചുയർന്നത്. യുവാക്കളും ഉദ്യോഗാർഥികളും വിദ്യാർഥികളുമൊക്കെയായിരുന്നു അന്നത്തെ ജനകീയ പ്രക്ഷോഭത്തിലും അണിനിരന്നത്. അന്ന് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിൽ ഇത്തവണ സോനം വാങ്ചുക്കിന്‍റെ നിരാഹാരവും രാജ്യവ്യാപകമായി ചലനങ്ങളുണ്ടാക്കി. ഈ പ്രക്ഷോഭത്തിനു ശേഷം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് അരവിന്ദ് കെജ്‌രിവാളും സംഘവും ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലെത്തിയത്. സിജെപിയുടെ നീക്കം ഇനിയെന്താവും എന്നു വ്യക്തമാവാനിരിക്കുന്നതേയുള്ളൂ.
ഈ പ്രക്ഷോഭം വിജയമായതിനു പിന്നിൽ രണ്ടു പ്രധാന കാരണങ്ങളാണുള്ളത്. ഒന്ന് അവർ ഉന്നയിച്ച വിഷയത്തിന്‍റെ പ്രാധാന്യം തന്നെയാണ്. രാജ്യത്തെ ഏറ്റവും സമർഥരായ വിദ്യാർഥികൾ വർഷങ്ങൾ നീണ്ട പഠനത്തിനു ശേഷമാണ് ഡോക്റ്റർമാരാവാനുള്ള പ്രവേശന പരീക്ഷ എഴുതാനെത്തുന്നത്. അത്തരത്തിലുള്ള 23 ലക്ഷത്തോളം വിദ്യാർഥികളെയാണ് ഏതാനും ചിലർ ചോദ്യപേപ്പർ ചോർത്തി ലക്ഷങ്ങളും കോടികളും സമ്പാദിച്ചു വഞ്ചിച്ചത്. വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും കൂട്ടുകാരും എല്ലാം ചേരുമ്പോൾ കോടിക്കണക്കിനാളുകൾ വരും. അവരെല്ലാം അത്രയേറെ പ്രാധാന്യത്തോടെയാണ് "നീറ്റി'നെ കാണുന്നത്. രണ്ടാമതും നീറ്റ് എഴുതേണ്ടിവന്നപ്പോൾ അതിന്‍റെ കടുത്ത മാനസിക സമ്മർദം അനുഭവിക്കേണ്ടിവന്നത് ഏതാനും ചിലർ മാത്രമല്ല എന്നു സാരം. രാജ്യവ്യാപകമായി ഇത്രയേറെ ആളുകൾ സർക്കാരിന് എതിരാവുകയാണ്. അതു തിരിച്ചറിയാനും തക്ക സമയത്ത് കർശനമായി നടപടിയെടുക്കാനും സർക്കാരിനു കഴിഞ്ഞില്ല എന്നുതന്നെ പറയണം. പൊലീസും കേസും അന്വേഷണവുമൊക്കെ നീണ്ടു പോകുന്നത് ഇവിടെ പതിവാണല്ലോ. യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്ന് സർക്കാർ തിരിച്ചറിയുന്നതു വൈകിയാണ്.
യുവാക്കളുടെ താത്പര്യമാണോ ഒരു മന്ത്രിയാണോ പ്രധാനം എന്ന ചോദ്യം സർക്കാരിനെ അനുകൂലിക്കുന്നവരിൽ നിന്നു പോലും ഉണ്ടായിക്കാണണം. വിദ്യാർഥികളുടെ ആശങ്കകൾ ന്യായമാണെന്നാണു മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി പറഞ്ഞത്. യുവാക്കളുമായി സമവായത്തിലെത്തണമെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നിർദേശിച്ചത്. പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ കായിക മേഖലകളിലുള്ള നിരവധിയാളുകളാണ് സിജെപിക്കു പിന്തുണ പ്രഖ്യാപിച്ചത്. അതെല്ലാം വിഷയത്തിന്‍റെ ഗൗരവം കൊണ്ടാണ്. മറ്റൊന്ന് ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിൽക്കാൻ സിജെപിക്കാർക്കു കഴിഞ്ഞു എന്നതാണ്. ഏതാനും അറസ്റ്റുകളും ഒന്നോ രണ്ടോ ലാത്തിച്ചാർജും കഴിഞ്ഞാൽ പ്രക്ഷോഭകർ പിരിഞ്ഞുപോയിക്കൊള്ളും എന്നു സർക്കാർ കരുതിക്കാണും. ക്ഷമയും സഹനവും ഏതു പ്രക്ഷോഭത്തിനും കരുത്തേകുന്നതാണ്.
ഈ പ്രക്ഷോഭത്തിന്‍റെ വിജയത്തിൽ നിന്ന് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പഠിക്കാനുണ്ട്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് അവ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്ന് ജനകീയ പിന്തുണ നേടുന്നതിൽ പലപ്പോഴും പ്രതിപക്ഷം പരാജയപ്പെടുകയാണ്. ലക്ഷ്യബോധത്തോടെ അതിശക്തമായ പ്രക്ഷോഭം നയിച്ചാൽ ഏതു സർക്കാരും കുലുങ്ങുമെന്നു സിജെപി കാണിച്ചുതന്നു. യുവാക്കൾ ഒറ്റക്കെട്ടായി രംഗത്തുനിന്നതുകൊണ്ടാണ് പ്രക്ഷോഭം വിജയിച്ചത്. ജനകീയ വിഷയങ്ങളെയും അതുയർത്തുന്നവരെയും ചെറുതായി കാണരുത് എന്നതാണു ഭരണപക്ഷത്തിനുള്ള പ്രധാന പാഠം. ലക്ഷക്കണക്കിനു കുട്ടികൾ എഴുതുന്ന ഒരു പരീക്ഷയുടെയും ഒരു ചോദ്യപേപ്പറും ഇനി ചോരാൻ അനുവദിച്ചുകൂടാ എന്ന ബോധ്യം സർക്കാരിനുണ്ടായിട്ടുണ്ടെങ്കിൽ അതു തന്നെയാണ് ഈ പ്രക്ഷോഭത്തിന്‍റെ പ്രധാന നേട്ടം.