ശബരിമല തീർഥാടകർക്കായുള്ള സൗകര്യങ്ങൾ വർധിക്കട്ടെ | മുഖപ്രസംഗം 
Editorial

ശബരിമല തീർഥാടകർക്കായുള്ള സൗകര്യങ്ങൾ വർധിക്കട്ടെ | മുഖപ്രസംഗം

കഴിഞ്ഞ വർഷം തിരക്കു നിയന്ത്രിക്കാൻ സാധിക്കാതെ വന്നതു മൂലം അയ്യപ്പഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു

ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനം ഇത്തവണ പരാതിരഹിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലും അഭിമാനത്തിലുമാവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും. സർക്കാരിന്‍റെ വിവിധ വകുപ്പുകൾ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഇക്കുറി പൊതുവേ കാണാനായത്. അയ്യപ്പഭക്തർക്ക് അതു നല്ല തോതിൽ സഹായകരമായിട്ടുമുണ്ട്. തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടും പരാതിരഹിതമായി കാര്യങ്ങൾ നടത്താൻ ബന്ധപ്പെട്ട എല്ലാവർക്കും കഴിഞ്ഞു. ഇത് ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണ്. ഭക്തർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിന് നിരവധി സന്നദ്ധ സംഘടനകളും രംഗത്തുണ്ടായിരുന്നു. അവരുടെ പ്രവർത്തനവും പരാമർശിക്കപ്പെടേണ്ടതാണ്. ഇനിയുള്ള വർഷങ്ങളിൽ പരാതിരഹിതമായ തീർഥാടനം ഒരുക്കാനുള്ള തയാറെടുപ്പുകളിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിക്കാവുന്നതാണ്.

കഴിഞ്ഞ വർഷം തിരക്കു നിയന്ത്രിക്കാൻ സാധിക്കാതെ വന്നതു മൂലം അയ്യപ്പഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പലരും സന്നിധാനത്ത് എത്താനാവാതെ മടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നതാണ്. സന്നിധാനത്തെയും പമ്പയിലെയും തിരക്കുമൂലം വഴിയിൽ കുടുങ്ങിപ്പോയ തീർഥാടകർ ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വലഞ്ഞുവെന്നും പരാതി ഉയർന്നിരുന്നു. കെഎസ്ആർടിസി ബസുകൾ അടക്കം വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ പിടിച്ചിട്ടും തീർഥാടകരെ വലച്ചു. അത്തരം പരാതികളൊന്നും ഇത്തവണ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡിനും സർക്കാരിനും കഴിഞ്ഞു. ഗതാഗതവും പാർക്കിങ്ങും അടക്കം സൗകര്യങ്ങൾ തൃപ്തികരമായിരുന്നു. മണ്ഡലകാലത്തിന്‍റെ തുടക്കം മുതൽ ദിവസവും 18 മണിക്കൂർ ദർശനം ഉറപ്പാക്കിയത് വലിയ തോതിൽ പ്രയോജനം ചെയ്തു. വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്പോട്ട് ബുക്കിങ്ങും അനുവദിച്ചതും പരാതികൾ ഒഴിവാക്കാൻ സഹായകരമായി. പത്തു ലക്ഷത്തിലേറെ പേർ സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തിയിട്ടുണ്ട്. ഇത്തവണ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിനെക്കുറിച്ച് നേരത്തേ റിപ്പോർട്ടുകൾ വന്നതാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. എന്തായാലും സ്പോട്ട് ബുക്കിങ് നിലനിർത്തിയതുകൊണ്ട് ദോഷമൊന്നും ഉണ്ടായില്ല.

ഈ വർഷം ശബരിമലയിൽ 440 കോടി രൂപ വരുമാനം ലഭിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തെക്കാൾ 86 കോടി രൂപ അധികമാണിത്. 55 ലക്ഷം ഭക്തർ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങി. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചു ലക്ഷം പേർ കൂടുതൽ. അരവണ വിൽപ്പനയിലൂടെ മാത്രം ലഭിച്ചത് 196 കോടി രൂപയാണ്. ഇക്കാര്യത്തിൽ 44 കോടിയുടെ അധിക വരുമാനമുണ്ട്. 126 കോടി രൂപ കാണിക്ക ഇനത്തിലും ലഭിച്ചിട്ടുണ്ട്. ശബരിമല തീർഥാടനകാലത്തിന്‍റെ പ്രസക്തി വർധിച്ചു വരുന്നുവെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

അയ്യപ്പഭക്തർ കൂടുതലായി എത്തുന്നു എന്നതു കൊണ്ട് അവർക്കുള്ള സൗകര്യങ്ങളിലും കൂടുതൽ ശ്രദ്ധ വരുംവർഷങ്ങളിൽ നൽകേണ്ടതുണ്ട്. ശബരിമല വികസനത്തിന് 1033 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയാറായതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഈ പദ്ധതി എത്രയും നന്നായി നടപ്പാക്കാൻ സർക്കാരിനു കഴിയട്ടെ. സന്നിധാനത്തിന്‍റെ മൂന്നു ഘട്ടമായുള്ള വികസനത്തിന് 778 കോടി രൂപയാണ് പദ്ധതിയിൽ ചെലവു കണക്കാക്കിയിരിക്കുന്നത്. ഇതിൽ തന്നെ ആദ്യ ഘട്ടത്തിൽ 600 കോടി രൂപയാണ് ചെലവഴിക്കുന്നത്. പമ്പയുമായി ബന്ധപ്പെട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് 255 കോടി രൂപ ചെലവഴിക്കുന്നു. ഈ പദ്ധതികൾക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞതാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഭൂമി ഏറ്റെടുത്തുകൊണ്ടാണു പദ്ധതി നടപ്പാക്കുന്നത്. ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, വിശ്രമത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലുണ്ടാകുന്ന പുരോഗതി അയ്യപ്പഭക്തർ സന്തോഷപൂർവം സ്വാഗതം ചെയ്യും.

ശബരിമലയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ശബരിമല നിധി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കുകയുണ്ടായി. ഫണ്ട് കണ്ടെത്തുന്നതിനുള്ള സർക്കാരിന്‍റെ പരിമിതി മറികടക്കാൻ ഇതു സഹായിക്കും. ഫെഡറൽ ബാങ്കിന്‍റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിയാൽ മാതൃകയിൽ ശബരിമലയിൽ സൗരോർജ പ്ലാന്‍റ് സ്ഥാപിക്കുന്നതും ശ്രദ്ധേയമായ നീക്കമാണ്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ