ജനവിധിയറിയാം, അംഗീകരിക്കാം

 
Editorial

ജനവിധിയറിയാം, അംഗീകരിക്കാം

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര- സംസ്ഥാന സേനകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നത്.

MV Desk

കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്നാണ്. രാവിലെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്നു സൂചന ലഭിക്കും. നിലവിലുള്ള സർക്കാരുകളുടെ തുടർച്ചയായാലും പ്രതിപക്ഷത്തിന്‍റെ ഭരണത്തിലേക്കുള്ള കടന്നുവരവായാലും അതു നിശ്ചയിച്ചതു ജനങ്ങളാണ്. എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും ജനവിധി അംഗീകരിക്കാനുള്ള സമയമാണിത്. ജയവും തോൽവിയും ജനാധിപത്യത്തിന്‍റെ ഭാഗമാണ്. ഒരു കക്ഷിയോ മുന്നണിയോ അധികാരത്തിലെത്തുമ്പോൾ മറുപക്ഷം സ്വാഭാവികമായും പ്രതിപക്ഷത്തിരിക്കണം. ഭരണപക്ഷത്തിനെന്നതുപോലെ പ്രതിപക്ഷത്തിനും വ്യക്തമായ പങ്കുള്ളതാണു നമ്മുടെ ജനാധിപത്യ സംവിധാനം.

സർക്കാരുകൾ ജനവിരുദ്ധ പ്രവർത്തനങ്ങളിലേക്കു പോകുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ജനതാത്പര്യത്തിന് അനുസരിച്ചു കാര്യങ്ങൾ പോകുന്നുവെന്ന് ഉറപ്പാക്കാനും പ്രതിപക്ഷം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. സർക്കാരിന്‍റെ നല്ല കാര്യങ്ങൾക്കു പിന്തുണ നൽകുക എന്നതും ആരോഗ്യപരമായ പ്രവർത്തനമാണ്. ജനഹിതമനുസരിച്ചു പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ഭരണപക്ഷത്തുമുണ്ടാവണം. മുഖ്യമന്ത്രിമാരും മന്ത്രിമാരുമായി തെരഞ്ഞെടുക്കപ്പെടുന്നവർ ജനങ്ങളെ മറന്നു പ്രവർത്തിക്കില്ലെന്നു മനസിൽ ഉറപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമസംഭവങ്ങൾക്കു ജനാധിപത്യത്തിൽ യാതൊരു സ്ഥാനവുമില്ല. രാഷ്‌ട്രീയ വാശിയും വെല്ലുവിളിയുമൊക്കെ തെരഞ്ഞെടുപ്പോടെ അവസാനിക്കേണ്ടതാണ്. ഇനി ജനങ്ങൾക്കു വേണ്ടി ഒന്നിച്ചുപ്രവർത്തിക്കുക എന്നതാണ് ആവശ്യം. ജനസേവനമെന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണല്ലോ രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത്. ഇത് അവസരമായി കണ്ട് വോട്ടെണ്ണലിനു ശേഷം അക്രമത്തിനു തുനിയുന്ന സമൂഹവിരുദ്ധർക്കെതിരേ പൊലീസ് സംവിധാനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര- സംസ്ഥാന സേനകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നത്.

എന്തായാലും ജയിച്ചുവരുന്ന മുഴുവൻ ജനപ്രതിനിധികൾക്കും വലിയ ഉത്തരവാദിത്വമാണുള്ളത്. വരുന്ന അഞ്ചുവർഷക്കാലവും അവർ അത് ഏറ്റവും ഭംഗിയായി നിറവേറ്റുമെന്നു നമുക്കു പ്രതീക്ഷിക്കാം. ഏതു സംസ്ഥാനത്തായാലും വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കേണ്ടവരാണ് എംഎൽഎമാർ. നിയമസഭാംഗമെന്ന നിലയിൽ അവരുടെ ചുമതലകൾ പലതാണ്. നിയമ നിർമാണം തന്നെ എടുത്തുപറയേണ്ടതുണ്ട്. നിയമസഭയിൽ ചർച്ചകളിലും വോട്ടെടുപ്പിലുമൊക്കെ പങ്കെടുത്തുകൊണ്ട് ജനങ്ങൾക്ക് ആവശ്യമുള്ള നിയമങ്ങളിൽ തീരുമാനമെടുക്കാൻ തന്‍റേതായ പങ്കു വഹിക്കണം. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുക എന്നതു പ്രധാനമാണ്. തങ്ങളുടെ നിയോജക മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നൂറു ശതമാനം ആത്മാർഥത കാണിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ, പരാതികൾ തുടങ്ങിയവ ഏറ്റവും ഗൗരവത്തിൽ പരിഗണിക്കുന്നതും ആവശ്യമാണ്. അവ സർക്കാരിനു മുന്നിലെത്തിക്കുന്ന കണ്ണികളും എംഎൽഎമാരാണല്ലോ. വോട്ടു ചെയ്തവരുടെ പ്രതീക്ഷകൾ തകിടം മറിച്ചാൽ ജനങ്ങൾ അവരിൽ നിന്ന് അകന്നുപോകും. ഇന്നു ജയിച്ചുവരുന്ന എല്ലാ ജനപ്രതിനിധികളും അത് നല്ല ഓർമയിൽ വയ്ക്കട്ടെ.

കേരളത്തെ സംബന്ധിച്ചിടത്തോളം വോട്ടെടുപ്പു കഴിഞ്ഞ് ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് അവസാനമാകുന്നത്. കേരളം, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള വോട്ടെടുപ്പു നടന്നത് ഏപ്രിൽ ഒമ്പതിനായിരുന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 23നു വോട്ടെടുപ്പു നടന്നു. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ടു ഘട്ടമായി ജനങ്ങൾ പോളിങ് ബൂത്തിലെത്തി. എല്ലായിടത്തും മികച്ച പോളിങ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. 79.70 ശതമാനമാണു കേരളത്തിലെ പോളിങ്. തമിഴ്നാട്ടിലും അസമിലും 85 ശതമാനത്തിലേറെ പേർ വോട്ടു ചെയ്തു. പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും 90 ശതമാനത്തിനു മുകളിലാണു പോളിങ് ഉണ്ടായത്. വോട്ടർപട്ടിക പരിഷ്കരണം അടക്കം തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടികൾ വോട്ടിങ് ശതമാനം ഉയർത്തുന്നതിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്. അതിനൊപ്പം എടുത്തു പറയേണ്ടതാണു വോട്ടവകാശം വിനിയോഗിക്കുന്നതിൽ വോട്ടർമാർ കാണിച്ച ആവേശം. അത് ജയിച്ചുവരുന്ന പ്രതിനിധികൾ ഉൾക്കൊള്ളട്ടെ.

സംസ്ഥാനത്തെ മൂന്നു മുന്നണികളും വലിയ പ്രതീക്ഷകളാണു വച്ചുപുലർത്തുന്നത്. ഭരണത്തുടർച്ചയുണ്ടാവുമെന്ന് എൽഡിഎഫും അധികാരത്തിലെത്തുമെന്നു യുഡിഎഫും വിശ്വസിക്കുന്നു. നല്ലൊരു മുന്നേറ്റം ഉറപ്പാണെന്ന വിലയിരുത്തലിലാണു ബിജെപിയും എന്‍ഡിഎയുമുള്ളത്. 2016 മുതൽ അധികാരത്തിനു പുറത്തുള്ള യുഡിഎഫ് ഇതു ജീവന്മരണ പോരാട്ടമായി കാണുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേടിയ വിജയങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. 2021ൽ തുടർഭരണം നേടിയ സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് എൽഡിഎഫും വിശ്വസിക്കുന്നു. 2021ൽ ഒരു സീറ്റ് പോലും നേടാനാവാതിരുന്ന ബിജെപിക്കു കേരളത്തിൽ ചുവടുറപ്പിക്കാൻ മികച്ച പ്രകടനം അനിവാര്യം. ജനമനസിൽ ഇടം നേടാനുള്ള നേതാക്കളുടെ ശ്രമങ്ങൾ എത്രമാത്രം വിജയിച്ചുവെന്ന് വോട്ടിങ് യന്ത്രങ്ങൾ ജനവിധിയുടെ യഥാർഥ കണക്കു പറയുമ്പോൾ വ്യക്തമാവും.

ലോ സ്കോറിങ് ത്രില്ലറിൽ പഞ്ചാബിനെ വീഴ്ത്തി ഗുജറാത്ത്

ഹോട്ടൽ- റസ്റ്ററന്‍റ് മേഖലയെ തകർക്കുന്ന നടപടി; പാചകവാതക വിലവർധനയെ വിമർശിച്ച് പിണറായി

"വരാന്ത‍യിൽ പോലും കയറ്റരുത്"; ബിജു പ്രഭാകറിനെതിരേ കോൺഗ്രസ്

പല തവണ ഛർദ്ദിച്ചു, വിമാനത്തിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ

പശ്ചിമ ബംഗാളിലെ ഫാൽത്തയിൽ മുഴുവൻ ബൂത്തുകളിലും 21ന് റീപോളിങ്