വളരെ സൂക്ഷിക്കണം, വൈദ്യുതി ഉപയോഗത്തിൽ

 
Editorial

വളരെ സൂക്ഷിക്കണം, വൈദ്യുതി ഉപയോഗത്തിൽ

ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 30 ശതമാനം പോലും വെള്ളമില്ല

MV Desk

ഇത്തവണ കാലവർഷം ദുർബലമാവുമെന്നു നേരത്തേ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതാണ്. എൽ നിനോ പ്രതിഭാസം മൂലം മഴക്കുറവുണ്ടാകുമെന്ന പ്രവചനം യാഥാർഥ്യമാവുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ജൂലൈയും കർക്കടകവും ആയിട്ടും കേരളത്തിൽ വേണ്ടത്ര മഴയില്ല. ഇതുവരെയുള്ള കുറവു നികത്താൻ തക്കവണ്ണം നല്ല മഴ കിട്ടുമെന്ന പ്രതീക്ഷയും തെളിയുന്നില്ല. ജൂലൈയിൽ പെയ്യേണ്ട മഴയുടെ 34 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണു പറയുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഭേദപ്പെട്ട അവസ്ഥയാണ് എന്നു പറയാം. എന്നാൽ, വയനാട്ടിലും പല തെക്കൻ ജില്ലകളിലും മഴയുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 53 ശതമാനമാണു കുറവ്. എറണാകുളത്തും കൊല്ലത്തും 44 ശതമാനവും തിരുവനന്തപുരത്ത് 42 ശതമാനവും കുറവുണ്ട്. പത്തനംതിട്ടയിൽ 36 ശതമാനം കുറവ് എന്നാണു രേഖപ്പെടുത്തുന്നത്. ഇടുക്കിയിലാണ് ഏറ്റവും ഗുരുതരമായ സാഹചര്യം. 64 ശതമാനം കുറവാണ് ഇവിടെയുള്ളത്. ഇടുക്കി ഡാമിന്‍റെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ. ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 28 ശതമാനമാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 59 ശതമാനത്തോളം വെള്ളമുണ്ടായിരുന്നു. ഇടുക്കിയിലെ പ്രതിദിന വൈദ്യുതി ഉത്പാദനം കുറയുന്നതു കനത്ത തിരിച്ചടിയാണ്. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യാതെ വന്നാൽ വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരും.

ഇടുക്കി ഡാമിൽ സംഭരണ ശേഷിയുടെ 30 ശതമാനം പോലും വെള്ളമില്ല. മറ്റു ഡാമുകളിലും ഇതു തന്നെയാണു സ്ഥിതി. നന്നായി വെള്ളമുയരേണ്ട സമയത്താണ് കടുത്ത വേനൽ പോലെ ഡാമുകൾ വറ്റിക്കിടക്കുന്നത്. ഇതിനൊപ്പമാണ് അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ നിൽക്കുന്നു എന്നതും. അതായത് വൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യത കുറയുകയും വൈദ്യുതി ആവശ്യം മുൻകാലങ്ങളെ അപേക്ഷിച്ച് ഉയരുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുന്നു എന്നാണു വൈദ്യുതി ബോർഡ് പറയുന്നത്. സമീപകാലത്തു പല ദിവസങ്ങളിലും ഇത്തരത്തിൽ മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി കട്ടുകൾ ഉണ്ടായിട്ടുണ്ട്. അതു വലിയ വിമർശനവും ക്ഷണിച്ചുവരുത്തി. ഏതൊക്കെ ഫീഡറിൽ എത്ര മണിക്ക് വൈദ്യുതി വിച്ഛേദിക്കുമെന്ന് ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിക്കുകയുണ്ടായി. എന്നാൽ, വൈദ്യുതി കിട്ടിയില്ലെങ്കിൽ കട്ടുണ്ടാവും എന്നു മാത്രമേ ബോർഡ് പറയുന്നുള്ളൂ.

മുൻകൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി നിലയ്ക്കുമ്പോൾ ജനങ്ങൾക്കു വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. സ്ഥിരമായ വൈദ്യുതി മുടക്കം ആശുപത്രികളുടെ പ്രവർത്തനത്തെ വരെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ വെളിച്ചത്തിൽ രോഗിയുടെ മുറിവ് വച്ചുകെട്ടിയതു വിവാദമുയർത്തിയതാണ്. മഴ ഇനിയും പെയ്യാതിരുന്നാൽ ചൂടു കൂടുകയും എസി ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങിയ വൈദ്യുതി തിരികെ കൊടുക്കേണ്ടതുണ്ട്. ഇതിനുള്ള വൈദ്യുതിയും കണ്ടെത്തേണ്ടത് ആവശ്യമാണ്. സ്വന്തം ഉത്പാദനവും കേന്ദ്ര വിഹിതവും കരാർ പ്രകാരം വാങ്ങുന്നതും എല്ലാം കൂട്ടിയാലും തികയാതെ വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സമീപനാളുകളിൽ പ്രതിദിനം 500 മെഗാവാട്ടിലധികം വൈദ്യുതിയുടെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതും.

200 മെഗാവാട്ട് കൂടി പുറത്തുനിന്നു വാങ്ങാൻ ഏതാനും ദിവസം മുൻപ് റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. യൂണിറ്റിന് 5.96 രൂപയ്ക്ക് ഒരു വർഷക്കാലത്തേക്കാണ് ഇത്തരത്തിൽ വൈദ്യുതി വാങ്ങാനുള്ള അനുമതി. ഇതുകൊണ്ട് വൈദ്യുതി നിയന്ത്രണത്തിന്‍റെ തോത് കുറയ്ക്കാമെന്നല്ലാതെ പ്രശ്നത്തിനു പൂർണ പരിഹാരമാവുന്നില്ല. മഴ പെയ്യുകയും വൈദ്യുതി ആവശ്യം കുറയുകയും ചെയ്തില്ലെങ്കിൽ പ്രതിസന്ധി തുടരും. കൂടുതൽ വില നൽകി അധിക വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ടിവരുമ്പോൾ അതിന്‍റെ ചെലവു മുഴുവൻ ഉപയോക്താക്കളുടെ ബില്ലിലാണു കയറാൻ പോകുന്നത് എന്നതാണു മറ്റൊരു വിഷയം. ഇപ്പോൾ തന്നെ താങ്ങാനാവാത്തതാണു പലരുടെയും വൈദ്യുതി ബില്ല്. ഇനി എത്രയാണു കുതിച്ചുയരാൻ പോകുന്നതെന്നു കണ്ടുതന്നെ അറിയണം. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനായി ഒപ്പുവച്ച ദീർഘകാല കരാർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാണിച്ച് എൽഡിഎഫ് ഭരണകാലത്ത് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. 465 മെഗാവാട്ടിന്‍റെ കരാറാണ് ഇത്തരത്തിൽ റദ്ദാക്കപ്പെട്ടത്. ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമം കെഎസ്ഇബി നടത്തുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ. ഇതിൽ വിജയിച്ചാൽ പ്രതിസന്ധിക്ക് അത്രയും ആശ്വാസമാവും. എന്തായാലും വളരെ സൂക്ഷിച്ച് വൈദ്യുതി ഉപയോഗിക്കേണ്ട സാഹചര്യമാണു നമുക്കു മുന്നിൽ വന്നു ചേർന്നിരിക്കുന്നത്.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ