.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട
social media
സംസ്ഥാനത്തു ഹോട്ടലുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ചെറിയ കടകളിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു എന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതൽ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. പരിശോധനയും മറ്റു നടപടികളുമൊക്കെ ഉണ്ടാകുന്നുവെന്ന് അവകാശപ്പെടുമ്പോഴും അത് എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
ആർക്കെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമ്പോഴോ മരണം തന്നെ സംഭവിക്കുമ്പോഴോ മാത്രമല്ല ഭക്ഷ്യവിഷബാധാ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യേണ്ടത്. അതല്ലാതെ തന്നെ നിത്യവും നിരവധിയാളുകൾ ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അതിൽ പലതും അധികമാരും പുറത്തറിയാതെ പോകുന്നുമുണ്ട്. പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണം എപ്പോഴും സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
വിഴിഞ്ഞത്തെ ഒരു സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗ കുടുംബത്തിലെ രണ്ടു പേർ മരണമടഞ്ഞത് ഭക്ഷ്യവിഷബാധ മൂലമാണെന്നാണു സംശയം ഉയർന്നിട്ടുള്ളത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. ഈ ഹോട്ടലിൽ മത്സ്യവിഭവങ്ങൾ കഴിക്കാനാണ് ഈ കുടുംബം എത്തിയത് എന്നാണു പറയുന്നത്.
ഹോട്ടലിൽ നിന്ന് ഇറങ്ങിയ ശേഷം ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു പേർക്ക് അസ്വസ്ഥതകളുണ്ടായി എന്നതുകൊണ്ടു തന്നെ ഭക്ഷണത്തെ സംശയിക്കുന്നതു സ്വാഭാവികമാണ്. എന്തായാലും ഭക്ഷ്യസുരക്ഷാ കമ്മിഷണറോടു റിപ്പോർട്ടു തേടിയിരിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമാവേണ്ടതുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പ്രധാനമാണ്. വിഷബാധയാണെങ്കിൽ അതിനുള്ള കാരണമെന്ത് എന്നതും കണ്ടെത്തണം. ഹോട്ടൽ നടത്തുന്നവരുടെ ഭാഗത്തു വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്ന യാഥാർഥ്യം മനസിൽ വച്ചു തന്നെ വേണം.
സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നു വിഷബാധയേറ്റ് നേരത്തേയും ആളുകൾ മരിച്ചിട്ടുണ്ട്. ഷവർമയും കുഴിമന്തിയുമൊക്കെ വില്ലനായ സംഭവങ്ങൾ വലിയ ചർച്ചകൾക്കു കാരണമായിട്ടുമുണ്ട്. ഇതേത്തുടർന്നാണു സമീപ വർഷങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികളുമായി രംഗത്തുവന്നത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ അമാന്തം പാടില്ല എന്നു നിർദേശമുണ്ടായി.
ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും കര്‍ശന നടപടികളുണ്ടാവുമെന്നു പ്രഖ്യാപിക്കപ്പെട്ടു. വ്യാപകമായി റെയ്ഡുകൾ നടന്നു. പക്ഷേ, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ദൗത്യം പൂർണമായി നടപ്പായിട്ടില്ല.
കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്തു തന്നെ ശ്രീകാര്യത്ത് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച അമ്പതോളം പേർക്കു ഭക്ഷ്യവിഷബാധയേറ്റത്. പലർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഇതേത്തുടർന്ന് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിക്കുകയുണ്ടായി.
"കേരളം സുരക്ഷിത ഭക്ഷണ ഇടം' എന്നൊരു പദ്ധതി സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്റ്റർമാരെയും പരിശോധനകളുടെ ഭാഗമാക്കിക്കൊണ്ടാണു പദ്ധതി ആവിഷ്കരിച്ചത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതടക്കം നടപടികളുണ്ടായി.
ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ സ്ഥാപനങ്ങളിലെ ശുചിത്വം ഹെൽത്ത് ഇൻസ്‌പെക്റ്റർമാർ പരിശോധിച്ച് ഉറപ്പാക്കണമെന്നു നിർദേശം നൽകി. മായം കലര്‍ത്തിയതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം പിടിച്ചെടുത്താൽ ആ സ്ഥാപനത്തിന്‍റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുന്നറിയിപ്പും നൽകുകയുണ്ടായി.
ഇതിന്‍റെയെല്ലാം ഫലം എന്താണ് എന്നൊരു പരിശോധനയിലേ ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നു കൂടി അറിയാൻ കഴിയൂ. സംസ്ഥാന വ്യാപകമായി ആയിരക്കണക്കിനു ഹോട്ടലുകളും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളുമുണ്ട്.
ഇതിൽ മുഴുവൻ നിരന്തരം പരിശോധന നടത്തിക്കൊണ്ടിരിക്കുക എളുപ്പമാണെന്നു പറയുന്നില്ല. എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾ മനസുവച്ചാൽ കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ നടക്കും. വൃത്തിഹീനമായ അന്തരീക്ഷം, ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണം എന്നിവ ഒരു കാരണവശാലും അനുവദിക്കരുത്.
പൊതുജനാരോഗ്യത്തിനു ഭീഷണിയാവുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ അതിലിടപെടാനും ആരോഗ്യ വകുപ്പിനെ അറിയിച്ചു നടപടികൾ എടുക്കാനും തദ്ദേശ സ്ഥാപന പരിധിയിലുള്ള ഹെൽത്ത് ഇൻസ്പെക്റ്റർമാർ തയാറാവേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു നടപടിയെടുക്കണം.
തങ്ങളുടെ സ്ഥാപനങ്ങളിൽ സുരക്ഷിതമായ ഭക്ഷണമാണു നൽകുന്നതെന്ന് ഉറപ്പാക്കാൻ ഓരോ സ്ഥാപനങ്ങളും തയാറായാൽ അതു വലിയ മാറ്റമാണുണ്ടാക്കുക. ഭക്ഷണം വിഷമാകുന്ന സാഹചര്യം ഒഴിവാക്കാൻ അത്രമേൽ കരുതൽ ആവശ്യമാണ്. മലിനീകരിക്കപ്പെട്ട ഭക്ഷണം ചെറിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെങ്കിൽ പോലും അത് അനുവദിക്കാനാവില്ല.