.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇനി ഉണ്ടാവാതിരിക്കട്ടെ, ഓൺലൈൻ ഗെയിം ഇരകൾ
പണം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കുന്നതിനുള്ള ബിൽ പാർലമെന്‍റ് അംഗീകരിച്ചത് സുപ്രധാനമായ സംഭവവികാസമാണ്. ബുധനാഴ്ച ലോക്സഭയും ഇന്നലെ രാജ്യസഭയും അംഗീകരിച്ച ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും നിരോധിക്കപ്പെടും. വിവിധങ്ങളായ ഓൺലൈൻ മണി ഗെയിമുകളുടെ ഇരകളായിട്ടുള്ള നൂറുകണക്കിനാളുകൾ രാജ്യത്തുണ്ട്. യുവാക്കളും കുട്ടികളും വലിയ തോതിൽ ഓൺലൈൻ ഗെയിമുകളുടെ ഇരകളായി മാറുന്നുണ്ട്. ഗെയിമുകളുടെ അടിമകളായി മാറുന്നവർക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. ആത്മഹത്യയ്ക്കു വരെ ഇതു കാരണമാവും. കൂടുതൽ ആളുകൾ ഈ കുരുക്കിൽ പെടാതിരിക്കാൻ നടപടികൾ വേണമെന്ന ആവശ്യം കുറച്ചുകാലമായി ഉയരുന്നതാണ്. എന്തായാലും സർക്കാർ ഇപ്പോൾ ഉചിതമായ നടപടിയെടുത്തിരിക്കുന്നു. അതിവേഗം വളരുന്ന ഡിജിറ്റല്‍ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓണ്‍ലൈന്‍ വാതുവയ്പ്പ് നിര്‍ത്തലാക്കുന്നതിനും ഇപ്പോഴത്തെ നടപടി ഉപകരിക്കും.
മണി ഗെയിം നിരോധിക്കുന്നതിനൊപ്പം പണം അടിസ്ഥാനമാക്കിയല്ലാത്ത ഇ-സ്പോർട്സും സാമൂഹികവും വിദ്യാഭ്യാസപരവുമായ ഗെയിമുകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓൺലൈൻ ഗെയിമുകളുടെ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഈ ബിൽ വഴിയൊരുക്കുന്നത്. ഇ-സ്പോർട്സ് മത്സര കായിക ഇനമായി അംഗീകരിക്കപ്പെടുകയാണ്. അംഗീകൃത നിയമങ്ങളോടെ പ്രൊഫഷണൽ ടൂർണമെന്‍റുകൾ അടക്കം സർക്കാർ പരിഗണിക്കുമെന്നാണു പറയുന്നത്. യുവജനകാര്യ- സ്പോർട്സ് മന്ത്രാലയത്തിനു കീഴിലാവും ഇ-സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നത്. ഇ- സ്പോർട്സിനു വേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര കായിക മന്ത്രാലയം തയാറാക്കും. ട്രെയ്നിങ് അക്കാദമികളും ഗവേഷണ കേന്ദ്രങ്ങളും സാങ്കേതിക പ്ലാറ്റ്ഫോമുകളും സ്ഥാപിക്കും. ഇതിനൊപ്പമാണ് വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമൊക്കെ ഉപകരിക്കുന്ന സുരക്ഷിതമായ ഗെയിമുകളും പ്രോത്സാഹിപ്പിക്കുക.
ഓൺലൈൻ ഗെയിമുകൾ നിരീക്ഷിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി ദേശീയതലത്തിൽ ഒരു റഗുലേറ്റർ ഉണ്ടാവും. നാഷണൽ ഓൺലൈൻ ഗെയിമിങ് അഥോറിറ്റിയാണ് എല്ലാം നിയന്ത്രിക്കുക. ഒരു ഗെയിം മണി ഗെയിമാണോ എന്നു തീരുമാനിക്കുന്നതടക്കം അധികാരങ്ങൾ അഥോറിറ്റിക്കുണ്ട്. ഓൺലൈൻ ഗെയിമുകൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതും അഥോറിറ്റി തന്നെ. ഓൺലൈൻ ഗെയിമിങ് വ്യവസായത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗവും സുരക്ഷിതമായവ തന്നെയാണ്. അവയെ പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനു സർക്കാരിനു പദ്ധതിയുണ്ട്. ബില്ലില്‍ നിഷ്കര്‍ഷിക്കുന്നതനുസരിച്ച് തത്സമയം പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി പണം കൈമാറുന്നതിനോ പ്രോസസ് ചെയ്യുന്നതിനോ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അനുവാദമില്ല. ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുകയാണ്.
മണി ഗെയിം പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നവർക്ക് മൂന്നു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന വിധത്തിലാണു നിയമം വരുന്നത്. ഇത്തരം ഗെയിമുകൾ പരസ്യം ചെയ്യുന്നവർക്ക് രണ്ടു വർഷം തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. മണി ഗെയിമുമായി ബന്ധപ്പെട്ടു നടക്കുന്ന ഏതു സാമ്പത്തിക കൈമാറ്റങ്ങളും തടവിനും പിഴ ശിക്ഷയ്ക്കും കാരണമാവും. കുറ്റം ആവർത്തിച്ചാൽ ശിക്ഷയും കൂടും. ഗെയിം കളിക്കുന്നവർ ഇരകളായി കണക്കാക്കപ്പെടുന്നതുകൊണ്ട് അവർ ഇപ്പോൾ പാസാക്കിയ ബിൽ പ്രകാരം ശിക്ഷിക്കപ്പെടില്ല. ഓരോ വർഷവും 45 കോടിയോളം ജനങ്ങളാണ് ഓൺലൈൻ ഗെയിമുകളുടെ ഇരകളായി മാറുന്നതെന്നാണു സർക്കാർ കണക്ക്. ഇത്രയും ആളുകൾക്കായി വർഷം 20,000 കോടിയോളം രൂപ നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ജനക്ഷേമത്തിനു വിരുദ്ധമാണ് ഓൺലൈൻ മണി ഗെയിമുകൾ. അവ നിരോധിക്കപ്പെടുന്നത് സ്വാഗതാർഹവുമാണ്.
ചൂതാട്ടമോ ബെറ്റിങ്ങോ ഒന്നുമല്ല എന്നു തെറ്റിദ്ധരിപ്പിക്കാൻ പല മണി ഗെയിം പ്ലാറ്റ്ഫോമുകളും വൈദഗ്ധ്യത്തിന്റെ ഗെയിമുകൾ എന്നു ചിത്രീകരിക്കാറുണ്ട്. അത്തരം പ്ലാറ്റ്ഫോമുകളെ കൃത്യമായി തിരിച്ചറിഞ്ഞു നടപടിയെടുക്കേണ്ടതാണ്. ചതിക്കുഴികൾ നിറഞ്ഞ അപകടകരമായ ഓൺലൈൻ ഗെയിമുകൾ തിരിച്ചറിയാതെ ഇനിയാരും ഒരു ദുരന്തത്തിലേക്കു വഴുതിപ്പോകാതിരിക്കണം. യുവതലമുറ നേരിടുന്ന വലിയൊരു സാമൂഹിക പ്രശ്നം തന്നെയാണ് ഓൺലൈൻ മണി ഗെയിമുകൾ എന്ന് സർക്കാർ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതു നന്നായി.