നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നപ്പോൾ അതു നൽകുന്ന സന്ദേശമെന്താണ് എന്നതിൽ ആർക്കും സംശയമുണ്ടാവേണ്ടതില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, ഉത്തരേന്ത്യയിൽ ബിജെപിയുടെ ആധിപത്യം വ്യക്തമായി പ്രതിഫലിച്ചിരിക്കുകയാണ് ഈ ജനവിധിയിൽ. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും നേടിയ വിജയം പാർട്ടിക്കു നൽകുന്ന ആവേശം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അവരുടെ ഒരുക്കങ്ങൾക്കു കൂടുതൽ കരുത്തുനൽകും. തുടർച്ചയായി മൂന്നാം തവണയും കേന്ദ്രഭരണം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി എത്താനുള്ള സാധ്യത വളരെയേറെയാണെന്ന് ഈ "സെമി ഫൈനൽ' വിളിച്ചോതുന്നുണ്ട്.
മൂന്നാം തവണയും പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ ജൈത്രയാത്രയിൽ പ്രധാന നാഴികക്കല്ലു തന്നെയാണിത്. രാജ്യത്ത് ജവഹർലാൽ നെഹ്റു ഒഴികെ ഒരു പ്രധാനമന്ത്രിയും തുടർച്ചയായി മൂന്നു തവണ അധികാരത്തിലിരുന്നിട്ടില്ല. ആ അപൂർവതയിലേക്ക് മോദിയും ചേർക്കപ്പെടുന്നതിനുള്ള സാധ്യതകളാണ് ഈ ജനവിധി ശോഭനമാക്കുന്നത്.
അങ്ങനെ പറയാൻ കാരണം, ഈ വിജയത്തിലേക്കു നയിച്ചത് മോദിയുടെ നേതൃശേഷിയും പ്രതിച്ഛായയുമാണ് എന്നതു കൊണ്ടാണ്. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോ രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയോ മുന്നിൽ നിന്നു നയിച്ച പ്രചാരണമാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് ആരും കരുതുന്നില്ല. ചൗഹാന്റെ സർക്കാരിനെതിരേ ജനവികാരമുണ്ടെന്നും കോൺഗ്രസിന് അതു സാധ്യത നൽകുന്നുവെന്നും തുടക്കത്തിൽ അഭിപ്രായ സർവെക്കാർ പറഞ്ഞിരുന്നതാണ്. പിന്നീട് കടുത്ത മത്സരമാണ് നടക്കുന്നതെന്നു പ്രവചനങ്ങളുണ്ടായപ്പോഴും ഇതുപോലൊരു ബിജെപി തൂത്തുവാരൽ പലരും പ്രതീക്ഷിച്ചതല്ല. ഇതു മോദി നൽകിയ വിജയമാണെന്ന് ചൗഹാൻ തന്നെ പ്രതികരിച്ചിട്ടുണ്ട്. മോദിയുടെ റാലികൾ ജനങ്ങളുടെ ഹൃദയത്തിൽ തൊട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. ഛത്തിസ്ഗഡിൽ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ സർക്കാരിനെ താഴെ വീഴ്ത്താൻ കഴിയുമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കു വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്നപ്പോഴും കേന്ദ്ര നേതൃത്വം വീറോടെ പൊരുതുകയായിരുന്നു.
എല്ലായിടത്തും ബിജെപിക്കു വേണ്ടി മുന്നിൽ നിന്നത്, പട നയിച്ചത് മോദിയായിരുന്നു. കൃത്യമായി സ്ട്രാറ്റജികൾ ആസൂത്രണം ചെയ്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളായിരുന്നു പ്രചാരണത്തിൽ ഏറെയും ഉയർത്തിക്കാണിച്ചത്. മോദിയുടെ പ്രചാരണ റാലികളാണ് കോൺഗ്രസിനെതിരായ ആക്രമണങ്ങൾക്കു മൂർച്ച കൂട്ടിയത്. ഇരട്ട എൻജിൻ ഭരണം സംസ്ഥാനത്തിനുണ്ടാക്കാവുന്ന നേട്ടങ്ങൾ പാർട്ടി പൊതുവിൽ പ്രചാരണ വിഷയമാക്കി. തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയ സമയത്ത് ബിജെപി എംപി സുധാംശു ത്രിവേദി പറഞ്ഞു: ""രാജ്യത്തെ രാഷ്ട്രീയം "മോഡി-ഫൈഡ്' ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യത്തിന് ഇന്ന് ഒരു ഗ്യാരന്റിയേയുള്ളൂ. അതു മോദിയുടെ ഗ്യാരന്റിയാണ്''- പ്രധാനമന്ത്രിയിൽ ബിജെപിക്കുള്ള ആത്മവിശ്വാസം മുഴുവൻ ഇതിലുണ്ട്.
മോദിയുടെ ഗ്യാരന്റി ഉത്തരേന്ത്യയിലെ ജനങ്ങളും വിശ്വാസത്തിലെടുത്തിട്ടുണ്ട്. അതല്ലെങ്കിൽ കോൺഗ്രസ് അവരുടെ പ്രകടന പത്രികകളിൽ നൽകിയ മോഹനസുന്ദര വാഗ്ദാനങ്ങളൊക്കെ ജനങ്ങൾ അവഗണിക്കുമായിരുന്നില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കുമ്പോൾ കൂടുതൽ കരുത്തനായ പ്രധാനമന്ത്രിയെയാണ് പ്രതിപക്ഷത്തിനു നേരിടേണ്ടിവരുന്നത്.
കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ഈ തെരഞ്ഞെടുപ്പിൽ നിന്നു തിരിച്ചറിയേണ്ടത് മോദിയെ ചെറുതായി കണ്ട് സ്ട്രാറ്റജികൾ ആവിഷ്കരിക്കരുത് എന്നതാണ്. തുടരെയുള്ള മോദിവിരുദ്ധ പ്രസംഗങ്ങൾ കൊണ്ടുമാത്രം ബിജെപിയെ തോൽപ്പിക്കാനാവില്ല. മോദി പ്രധാന ഘടകമാണെന്ന് അംഗീകരിച്ചു തന്നെ പ്രധാനമന്ത്രിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രതിപക്ഷ സഖ്യം ശക്തമാക്കേണ്ടിവരും. എസ്പിയും ബിഎസ്പിയും കോൺഗ്രസും സിപിഎമ്മും എല്ലാം പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിൽ വിഭജിച്ചുപോകുന്ന വോട്ടുകൾ ചെറിയ ശതമാനമാണെങ്കിൽ പോലും അതു ബിജെപിയുടെ വിജയത്തിനു സഹായിക്കും. പാർട്ടികൾക്കുള്ളിലുള്ള ആഭ്യന്തര കിടമത്സരങ്ങൾ ഒഴിവാക്കി വോട്ട് ചോർച്ച തടയുകയും വേണം. ഈ തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് പഠിക്കേണ്ട പ്രധാന പാഠവും അതാണ്.
ഇന്നലെ ഫലം വന്ന നാലു സംസ്ഥാനങ്ങളിൽ മൂന്നിലും ഭരണമാറ്റമാണ് ഉണ്ടാവുന്നത്. കോൺഗ്രസിന് രണ്ടിടത്തു ഭരണം നഷ്ടപ്പെട്ടപ്പോൾ തെലങ്കാനയിൽ ബിആർഎസിന്റെ ഹാട്രിക് മോഹമാണു പൊലിഞ്ഞത്. കോൺഗ്രസിന്റെ ആശ്വാസജയം അവിടെയായി. കേവലം ഒരു എംഎൽഎ മാത്രമുണ്ടായിരുന്ന തെലങ്കാനയിൽ പത്തോളം സീറ്റുകളുമായി ബിജെപി വലിയ മുന്നേറ്റം കാഴ്ചവയ്ക്കുകയും ചെയ്തു. ഈ നാലിൽ ബിജെപി ഭരിച്ചിരുന്ന ഏക സംസ്ഥാനം മധ്യപ്രദേശാണ്. അവിടെ അവർ ഭരണം നിലനിർത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിലും. കമൽനാഥ് എന്ന മുൻമുഖ്യമന്ത്രിയെ പൂർണമായി വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിച്ച കോൺഗ്രസ് ഹൈക്കമാൻഡിന് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. ഇതു തന്നെയാണ് രാജസ്ഥാനിലും സംഭവിച്ചത്. അശോക് ഗെഹ്ലോട്ട് എന്ന സീനിയർ നേതാവും മുഖ്യമന്ത്രിയും അത്ഭുതങ്ങൾ കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്കു പിഴച്ചു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ മോദിയെപ്പോലൊരു നേതാവ് ഇല്ല എന്നത് കോൺഗ്രസിനെയും പ്രതിപക്ഷത്തെ മൊത്തത്തിലും ബാധിക്കുന്നുണ്ട്.