.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇനിയും അമാന്തം വേണ്ട, ശബരി പാതയ്ക്ക്
മൂന്നു പതിറ്റാണ്ടു മുൻപ് റെയ്‌ൽവേ ബജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി- എരുമേലി ശബരി റെയ്‌ൽ പാത ഒടുവിൽ യാഥാർഥ്യമാവാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്നു. പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിച്ചുകൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിലിലെത്തി നിൽക്കുമ്പോഴാണ് കിഫ്ബി വഴി പണം അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇനി അധികാരത്തിൽ വരുന്നത് ഏതു മുന്നണിയുടെ സർക്കാരായാലും ശബരി പാതയ്ക്കു പണം നൽകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും പദ്ധതി പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുപോകുമെന്നും പ്രതീക്ഷിക്കാം. റെയ്‌ൽവേയും സംസ്ഥാന സർക്കാരും യോജിച്ചുകൊണ്ട് എത്രയും പെട്ടെന്നു നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണു വേണ്ടത്. സ്ഥലമേറ്റെടുക്കുന്നതുപോലുള്ള നടപടികളിൽ ഇനി കാലതാമസം ഉണ്ടാവാതിരിക്കട്ടെ. 303.58 ഹെക്റ്റർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. നേരത്തേ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതുകൊണ്ട് ആ നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്.
ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യൂ അധികാരികൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നാണു സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഓഫിസുകൾ തുറക്കാനും ജീവനക്കാരെ നിയോഗിക്കാനും ജില്ലാ കലക്റ്റര്മാര്ക്കു മന്ത്രി വി. അബ്ദുറഹ്മാൻ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇക്കാര്യം കേന്ദ്ര റെയ്‌ൽവേ മന്ത്രാലയത്തെയും അറിയിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ആവശ്യമായ അംഗീകൃത അലൈന്മെന്റും മാപ്പുകളും സംസ്ഥാനത്തിനു കൈമാറുമെന്നു റെയ്ല്‍വേ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിന് സ്പെഷ്യൽ തഹസീൽദാർമാരെ ചുമതലപ്പെടുത്തുന്നതടക്കം നടപടികളുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചുകൊണ്ട് 2019ൽ റെയ്‌ൽവേ ഉത്തരവിറക്കിയിരുന്നതാണ്. അത് അടുത്തിടെ റദ്ദാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് പദ്ധതി നടപ്പാക്കുന്നതിനു തടസങ്ങളില്ലെന്നാണു റെയ്‌ൽവേ മന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന തർക്കങ്ങൾ ഇനിയും പദ്ധതിയെ വലയ്ക്കാതിരിക്കണം.
തർക്കങ്ങളിലും അനാസ്ഥയിലും കുടുങ്ങിപ്പോയതുകൊണ്ടാണ് ശബരി പാതയുടെ നിർമാണച്ചെലവ് ഇത്രയധികം ഉയർന്നത്. നേരത്തേയുള്ള കണക്കു പ്രകാരം 2,815 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്. അതിപ്പോൾ 3,800 കോടി രൂപയായി വർധിച്ചിരിക്കുകയാണ്. ഇതിന്റെ പകുതി വിഹിതമായ 1,900 കോടി രൂപയാണു സംസ്ഥാനം വഹിക്കുക. ഭൂമിയേറ്റെടുക്കാൻ 1,361 കോടി രൂപയും നിർമാണ പ്രവർത്തനത്തിന് 2,439.93 കോടി രൂപയും ചെലവ് എന്നാണു കണക്കാക്കുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലയുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ റെയ്‌ൽ പദ്ധതിയാണിത്. ശബരിമല തീർഥാടകർക്കു സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം ഒരുക്കുന്നതിനൊപ്പം പാത കടന്നുപോകുന്ന മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്കും പദ്ധതി ഊർജം പകരും. അതുകൊണ്ടു തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ പാത പൂർത്തിയാവുന്നതു കാത്തിരിക്കുന്നത്.
1997ലെ റെയ്‌ൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ 111 കിലോമീറ്റർ വരുന്ന പാതയാണുള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകൾ. ഈ മേഖലയുടെ മൊത്തം വികസനത്തിനു പ്രധാന പങ്കുവഹിക്കാൻ ശബരി പാതയ്ക്കു കഴിയും. അങ്കമാലിയിൽ നിന്ന് കാലടി വരെയുള്ള പാത നിർമാണവും കാലടി സ്റ്റേഷൻ നിർമാണവും വർഷങ്ങൾക്കു മുൻപേ പൂർത്തിയായതാണ്. അതു കഴിഞ്ഞാണു പദ്ധതി മുടന്തുകയും നിലയ്ക്കുകയും ചെയ്യുന്നത്. ചരക്കുനീക്കത്തിലൂടെ റെയ്‌ൽവേയ്ക്കു നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പാത കൂടിയാണിത്. തടിവ്യാപാരത്തിന്‍റെ കേന്ദ്രവും അരിമില്ലുകളുടെ കേന്ദ്രവും പൈനാപ്പിൾ, ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കേന്ദ്രങ്ങളും എല്ലാം ഈ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്കും പാത ഗുണകരമാവും. ശബരി പാത യാഥാർഥ്യമായാൽ ഇപ്പോൾ ട്രെയ്നിൽ വരുന്ന ശബരിമല തീർഥാടകരിൽ നല്ലൊരു പങ്കും ഈ പാത ഉപയോഗിക്കുമെന്നാണു കണക്കാക്കേണ്ടത്. ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാവാനും പാത സഹായിച്ചേക്കും. യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നതാണ് അതിനു കാരണം.
ഇതിനൊപ്പം ഗുരുവായൂർ- തിരുനാവായ റെയ്‌ൽ പാതയുടെ കാര്യത്തിലും അലംഭാവമില്ലാത്ത സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഈ പദ്ധതി മരവിപ്പിച്ച നടപടി റെയ്‌ൽവേ മന്ത്രാലയം നേരത്തേ പിൻവലിച്ചിരുന്നു. പാതയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി അശ്വനി വൈഷ്ണവ് ഏതാനും ദിവസം മുൻപു വ്യക്തമാക്കിയതാണ്. ഈ പാതയുടെ സ്ഥലം ഏറ്റെടുക്കലിനും സംസ്ഥാന സർക്കാരിന്‍റെ പിന്തുണ റെയ്‌ൽവേയ്ക്ക് ആവശ്യമായി വരും. മലബാറിലേക്കുള്ള റെയ്‌ൽ യാത്രാദൂരം കുറയ്ക്കുന്ന പദ്ധതിയെന്ന നിലയിൽ ഇതിനു വലിയ പ്രാധാന്യമുണ്ട്. 1995ൽ അന്നത്തെ കേന്ദ്ര മന്ത്രി സുരേഷ് കൽമാഡി തറക്കല്ലിട്ട പദ്ധതിയാണിത്. സർവേ നടപടികളും ആരംഭിച്ചതാണ്. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പ്രശ്നങ്ങൾ അടക്കം തടസങ്ങൾ നേരിട്ടു. കേരളത്തിൽ നിന്ന് ആവശ്യമായ സഹായം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാണിച്ചാണു കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിച്ചത്. ഇപ്പോൾ പദ്ധതിക്കു വീണ്ടും ജീവൻ നൽകാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. അത് ഒരു കാരണവശാലും തടസപ്പെടരുത്.