ശബരിമല: മുഴുവൻ സത്യവും പുറത്തുവരട്ടെ

 

ശബരിമല ദ്വാര പാലക ശിൽപ്പം - file image

Editorial

ശബരിമല: മുഴുവൻ സത്യവും പുറത്തുവരട്ടെ

1998ല്‍ വ്യവസായി വിജയ് മല്യ ശബരിമല ശ്രീ കോവിലും ദ്വാരപാലക ശില്‍പ്പങ്ങളും എല്ലാം സ്വര്‍ണം പൊതിഞ്ഞു നല്‍കിയതാണ്.

MV Desk

ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരെ ഇനിയും മുഴുവനായി പുറത്തുവരാത്ത ഒരു സംഘം വിദഗ്ധമായി വഞ്ചിച്ചിരിക്കുകയാണെന്നു തോന്നിപ്പിക്കുന്നതാണ് ശബരിമലയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്വർണപ്പാളി തട്ടിപ്പ്. കോടിക്കണക്കിനു രൂപയുടെ സ്വർണം ആരൊക്കെയോ ചേർന്നു കവർച്ച ചെയ്തിരിക്കുന്നു എന്നതാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ തട്ടിപ്പു നടന്നുവെന്ന സംശയത്തെ ബലപ്പെടുത്തുകയാണു ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് മുഴുവൻ സത്യവും പുറത്തുകൊണ്ടുവരണം. ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തലയിൽ മുഴുവൻ കുറ്റവും ചുമത്തി സർക്കാരിനും ദേവസ്വം ബോർഡിനും തലയൂരാൻ കഴിയില്ല. സ്വർണം എങ്ങനെ ചെമ്പായി മാറിയെന്ന് ഈ നാട്ടിലെ മുഴുവൻ വിശ്വാസികളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. കോടിക്കണക്കിനു രൂപ വരുമാനമുള്ള ക്ഷേത്രമാണു ശബരിമലയിലേത്. അവിടേക്കു വഴിപാടായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കളിൽ എന്തൊക്കെ അടിച്ചുമാറ്റപ്പെട്ടിട്ടുണ്ട് എന്നു പരിശോധിച്ചു കണ്ടെത്തുമ്പോഴേ തട്ടിപ്പിന്‍റെ വ്യാപ്തി പൂർണമായി മനസിലാവൂ.

ഭക്തർ സമർപ്പിക്കുന്ന സ്വർണം അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കണക്കും രജിസ്റ്ററുമില്ലാതെയാണു സൂക്ഷിച്ചിരിക്കുന്നതെങ്കിൽ തട്ടിപ്പു നടത്താനുള്ള സാധ്യതകളും വളരെയേറെയാണല്ലോ. എന്തായാലും വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തി അവയുടെ പട്ടിക തയാറാക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരിക്കുന്നതു സ്വാഗതാർഹമാണ്. സ്വർണപ്പാളി അപ്രത്യക്ഷമായതു പോലുള്ളതല്ലെങ്കിലും മറ്റു പലവിധത്തിലുള്ള തട്ടിപ്പുകൾ ദേവസ്വം ബോർഡുകളുടെ മറ്റു പല ക്ഷേത്രങ്ങളിലും നടക്കാനുള്ള സാധ്യത ഇതിനൊപ്പം പരിശോധിക്കപ്പെടേണ്ടതുണ്ട്. ശബരിമലയിൽ നടന്നെങ്കിൽ മറ്റെവിടെയാണു നടന്നുകൂടാത്തത്. ശബരിമലയിലെ ഇപ്പോഴത്തെ സ്വർണപ്പാളി തട്ടിപ്പിനു പിന്നിൽ വൻ ഗുഢാലോചന നടന്നിട്ടുണ്ടെന്നും അടിമുടി ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ കണ്ണടച്ചു തള്ളാവുന്നതല്ല. 1998ല്‍ വ്യവസായി വിജയ് മല്യ ശബരിമല ശ്രീ കോവിലും ദ്വാരപാലക ശില്‍പ്പങ്ങളും എല്ലാം സ്വര്‍ണം പൊതിഞ്ഞു നല്‍കിയതാണ്. ഇതിനു മങ്ങലേറ്റു എന്നു പറഞ്ഞാണ് 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സ്പോൺസറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സമീപിക്കുന്നത്.

സ്വർണം പൂശാനായി പോറ്റി സ്വർണപ്പാളികൾ അഴിച്ച് ചെന്നൈയ്ക്കു കൊണ്ടുപോയത് ദേവസ്വം ഉദ്യോഗസ്ഥർ അറിയാതെയല്ല. ക്ഷേത്രത്തിൽ വച്ച് നടത്തേണ്ട പണികളാണ് ചെന്നൈയിൽ നടത്താൻ തീരുമാനിച്ചത്. അതിനു ദേവസ്വം ബോർഡിന്‍റെ അനുമതിയും ഉണ്ടായിട്ടുണ്ട്. ദേവസ്വം പ്രതിനിധിയില്ലാതെ സ്പോൺസറുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തുവിട്ടതും പിഴവാണ്. എന്നു മാത്രമല്ല 39 ദിവസത്തിനു ശേഷം മാത്രമാണ് ഈ പാളികൾ ചെന്നൈയിൽ എത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെമ്പു പാളികളാണെന്നാണു സ്വർണം പൂശിയ സ്ഥാപനം വിശദീകരിക്കുന്നത്. തനിക്കു ലഭിച്ചത് ചെമ്പു പാളികളാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും പറയുന്നുണ്ട്. സ്വർണം പൊതിഞ്ഞ പാളികൾ അഴിച്ചെടുത്ത ശേഷം അവയുടെ പകർപ്പ് ചെമ്പിൽ ഉണ്ടാക്കിയെന്നു പോലും സംശയിക്കാവുന്ന സാഹചര്യമാണ്. പാളികൾ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏൽപ്പിക്കുമ്പോൾ ചെമ്പുപാളി എന്നാണു ദേവസ്വം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതെന്നും പറയുന്നുണ്ട്. വിജയ് മല്യ നൽകിയ സ്വർണപ്പാളികൾ എവിടെപ്പോയി എന്നതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം. 2019ൽ ചെന്നൈയിൽ കൊണ്ടുപോകാനായി അഴിച്ചെടുത്ത പാളികൾ അവിടെ തൂക്കി നോക്കിയപ്പോൾ നാലു കിലോ തൂക്കം കുറഞ്ഞു എന്നും പറയുന്നുണ്ട്.

ഇതിനൊപ്പം പീഠവിവാദവും ഉയരുകയുണ്ടായി. 2019ല്‍ പാളികൾ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശിൽപ്പങ്ങള്‍ക്ക് സ്വര്‍ണം പൂശിയ രണ്ടു താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇതു ദേവസ്വത്തിന്‍റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തുകയായിരുന്നു. വലിയ ചര്‍ച്ചകള്‍ക്ക് ഇതു വഴിവച്ചു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. 2025 സെപ്റ്റംബറിൽ പാളിയിൽ വീണ്ടും സ്വർണം പൂശാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതാണ് ക്രമക്കേടുകൾ ഇപ്പോൾ വെളിച്ചത്തുവരാൻ കാരണമായത്. സ്വർണപ്പാളി അഴിച്ചെടുത്ത് ചെന്നൈയിലേക്കു കൊണ്ടുപോയത് തന്‍റെ അറിവോടെയല്ലെന്നു കാണിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിനു പിന്നാലയാണു വിവാദങ്ങൾ ഉയരുന്നത്.

എന്തായാലും സ്വർണക്കൊള്ള വിവാദം അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണ പരിധിയിൽ വരുമെന്നാണു കോടതി വ്യക്തമാക്കിയിട്ടുള്ളത്. സ്വർണപ്പാളിയും സ്വർണം പൂശലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിലുള്ളതെന്നാണ് അറിയുന്നത്. കോടതി നിയോഗിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘം അയ്യപ്പഭക്തരുടെ എല്ലാ സംശയങ്ങൾക്കും മറുപടി കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. തട്ടിപ്പുകാർക്ക് അഴിഞ്ഞാടാനുള്ള സ്ഥലമായി ഒരു ആരാധനാലയവും മാറിക്കൂടാ. അത്തരം തട്ടിപ്പുകാരെ ആരും സംരക്ഷിച്ചുകൂടാ. ശബരിമല ചിലർക്ക് തട്ടിപ്പു കേന്ദ്രമായി മാറിയെങ്കിൽ അതിന് ഉത്തരം പറയാൻ ദേവസ്വം ബോർഡിനു ബാധ്യതയുണ്ട് എന്നതും വിസ്മരിക്കാനാവില്ല. തട്ടിപ്പുകൾ ഒഴിവാക്കാൻ ആവശ്യമായ ജാഗ്രത ആരൊക്കെയാണു പുലർത്താതിരുന്നത് എന്നു കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഹിമാചലിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞു വീണു; 15 യാത്രക്കാർ മരിച്ചു

പ്ലസ്ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

പരുക്കേറ്റ് ആശുപത്രിയിലെത്തി; പരിശോധനയിൽ കണ്ടെത്തിയത് അമീബിക് മസ്തിഷ്കജ്വരം

ഡൽഹിയിൽ കനത്ത മഴ; 15 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ തന്നെ യാത്രാ തീയതി മാറ്റാം