‌കടലിലെ സുരക്ഷ ഉറപ്പാക്കിയേ പറ്റൂ

 
Editorial

കടലിലെ സുരക്ഷ ഉറപ്പാക്കിയേ പറ്റൂ

കേരളത്തിന്‍റെ പുറംകടലിലെ കപ്പൽച്ചാലുകളിൽ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നത് കപ്പലുകളുടെയും ബോട്ടുകളുടെയും സുരക്ഷയ്ക്കു തന്നെ ഗുരുതരമായ ഭീഷണിയാണ്

വിഴിഞ്ഞത്തു നിന്നു കൊച്ചിക്കു പോയ എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പൽ അറബിക്കടലിൽ കേരള തീരത്തിനടുത്ത് ആലപ്പുഴ- കൊച്ചി പുറങ്കടലിൽ മുങ്ങിയതിന്‍റെ ആഘാതം എത്രമാത്രമുണ്ടെന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. അതിലുണ്ടായിരുന്ന 650ഓളം കണ്ടെയ്നറുകളിലെ ഉത്പന്നങ്ങൾ വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് മറ്റൊരു കപ്പലിനു കൂടി കേരള തീരത്തു തീപിടിച്ചിരിക്കുന്നത്. കൊളംബോയിൽ നിന്നു മുംബൈയ്ക്കു പോവുകയായിരുന്ന എംവി വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് കോഴിക്കോട് തീരത്തിനടുത്തു വച്ച് തീപിടിച്ചത്.

തീരസംരക്ഷണ സേനയും നാവിക സേനയും കടലിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ഈ കപ്പലിലെ കണ്ടെയ്നറുകളിലും ആശങ്ക ഉയർത്താൻ പോന്ന മാരക രാസവസ്തുക്കളും തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും നൂറുകണക്കിനു ടൺ ഇന്ധനവുമൊക്കെയുണ്ട് എന്നാണു റിപ്പോർട്ടുകൾ. കപ്പലിലെ കണ്ടെയ്നറുകളിലുള്ള രാസവസ്തുക്കളും കീടനാശിനികളും കപ്പലിന്‍റെ ഇന്ധനവും ഡീസലുമൊക്കെ കടലിൽ വീണാൽ അതു വലിയ തോതിൽ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുമെന്നുറപ്പ്. എത്ര മാത്രം മലിനീകരണമാണ് ഇതുണ്ടാക്കുകയെന്നു പറയാറായിട്ടില്ല. എന്തായാലും അത്യന്തം ഗുരുതരമായ അപകടകരമായ സാഹചര്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ സർക്കാരും ബന്ധപ്പെട്ട സംവിധാനങ്ങളും ഉദ്യോഗസ്ഥരും എല്ലാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. എത്രയും വേഗം സുരക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയട്ടെ.

അപകടത്തിൽപ്പെട്ട രണ്ടു കപ്പലുകളിൽ നിന്നും വീണ കണ്ടെയ്നറുകളിലെ വസ്തുക്കൾ കേരള തീരത്ത് ഉയർത്തുന്ന സുരക്ഷാ ഭീഷണി ഒരേസമയം നേരിടേണ്ടിവരുന്ന അത്യപൂർവ സാഹചര്യമാണിത്. നമ്മുടെ സമുദ്ര പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും ഈ അപകടങ്ങൾ ഉണ്ടാക്കാവുന്ന ഭീഷ‍ണികൾ നല്ലപോലെ പഠിക്കേണ്ടതും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. കടലിലാണ് എന്തു കൊണ്ടു മാത്രം നിസാരവത്കരിച്ചു തള്ളിക്കളയാവുന്നതല്ല ഈ ദുരന്തങ്ങൾ എന്നർഥം.

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരേ ക്രിമിനൽ കേസെടുക്കാൻ സംസ്ഥാന സർക്കാരിനു താത്പര്യമില്ലെന്ന റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. പകരം ഇൻഷ്വറൻസ് ക്ലെയിമിനു ശ്രമിക്കാനാണത്രേ സർക്കാർ നീക്കം. ലോകത്തെ വലിയ ചരക്കു ഗതാഗത കമ്പനികളിലൊന്നായ എംഎസ്‌സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള പല കപ്പലുകളും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കമ്പനിയുമായുള്ള ബന്ധം വഷളാക്കേണ്ട എന്നാവാം സർക്കാരിന്‍റെ ചിന്ത. എംഎസ്‌സിയുടെ ഉടമസ്ഥതയിലുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ വിഴിഞ്ഞത്ത് എത്തിയ ദിവസം തന്നെയാണ് കോഴിക്കോട് പുറംകടലിൽ മറ്റൊരു കപ്പലിനു തീപിടിച്ചത് എന്നതു ശ്രദ്ധേയം.

ഇത്തരം സംഭവങ്ങളിൽ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു ക്ലെയിം തുക വാങ്ങി പ്രശ്നം അവസാനിപ്പിക്കുന്നതു ശരിയല്ലെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. ക്രിമിനൽ കേസ് എടുക്കാതിരിക്കുന്നത് തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കപ്പൽ കമ്പനിക്കു വേണ്ടി കേസ് അട്ടിമറിക്കുന്ന സർക്കാർ കുറ്റകരമായ അനാസ്ഥ കാണിക്കുന്നു എന്നത്രേ ആരോപണം. സമുദ്ര പരിസ്ഥിതിക്കും മത്സ്യബന്ധന മേഖലയ്ക്കും ഉണ്ടായിട്ടുള്ള ആഘാതം തിട്ടപ്പെടുത്തി വലിയ തോതിലുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണെന്നു വിദഗ്ധർ പറയുന്നു. കേരളത്തിന്‍റെ പുറംകടലിലെ കപ്പൽച്ചാലുകളിൽ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നത് കപ്പലുകളുടെയും ബോട്ടുകളുടെയും സുരക്ഷയ്ക്കു തന്നെ ഗുരുതരമായ ഭീഷണിയാണ്.

നിയമപരമായ നടപടികളിൽ നിന്ന് കമ്പനികളെ ഒഴിവാക്കുന്നത് സുരക്ഷാ കാര്യങ്ങളിൽ അവർക്കുള്ള ജാഗ്രത കുറയ്ക്കാൻ കാരണമാവുമോയെന്ന സംശയം ന്യായമായും ഉയരാം; അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങിയതു കൊണ്ട് ഇനി ധാരാളം കപ്പലുകൾ കേരളത്തിലേക്കു വരും. അവരെ മാന്യമായി സ്വീകരിക്കേണ്ടതു തന്നെയാണ്. പക്ഷേ, തീരസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. ഈ സന്ദേശം കൃത്യമായി അവരിൽ എത്തേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടു വലിയ കപ്പൽ അപകടങ്ങളുണ്ടായതിൽ ദുരൂഹത സംശയിക്കുന്നവർക്കു വ്യക്തമായ മറുപടി കിട്ടണമെങ്കിൽ വിശ്വസനീയമായ വിധത്തിൽ അന്വേഷണം നടക്കേണ്ടതുണ്ട്. അട്ടിമറിയാണോ എന്ന ചോദ്യവും ചിലർ ഉയർത്തുന്നു. അതിനാൽ അപകടത്തിന്‍റെ കാരണം അറിയേണ്ടതുണ്ട്. കമ്പനികൾക്കു സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതും പുറത്തുവരണം. അപകടത്തിന്‍റെ വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അപകടം ഏൽപ്പിക്കുന്ന ആഘാതമടക്കം എല്ലാ വിവരങ്ങളും ജനങ്ങൾ അറിയേണ്ടതാണ്. കേസ് അട്ടിമറിക്കുന്നു എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടായിക്കൂടാ.

കോഴിക്കോട് പുറങ്കടലിൽ അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷിക്കുന്നതിനു പ്രഥമ പരിഗണന നൽകിയുള്ള രക്ഷാപ്രവർത്തനങ്ങൾക്കു പിന്നാലെ കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാനുള്ള ശ്രമവും ഊർജിതമാക്കേണ്ടതുണ്ട്. ആ കപ്പലിൽ നിന്ന് നിരവധി കണ്ടെയ്നറുകൾ കടലിൽ പതിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. കപ്പലിലെ ഇന്ധനം കടലിൽ പരന്നാൽ അതു ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കും. അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കപ്പലിലുണ്ടെന്നു പറയുന്നു. അതിനാൽ തന്നെ പ്രത്യേക ജാഗ്രത ആവശ്യമാണ്. അപകടകരമായ വസ്തുക്കൾ കടലിൽ കലർന്ന് മത്സ്യസമ്പത്തിന് ഉണ്ടാക്കാവുന്ന ഭീഷണിയും ചെറുതായി കാണാനാവില്ല. രണ്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ മത്സ്യവിപണി വലിയ പ്രതിസന്ധിയിലാണ്. രാസവസ്തു ഭീതി മൂലം കേരളത്തിലെ മത്സ്യവിൽപ്പനയിൽ വലിയ ഇടിവുണ്ടായതാണു റിപ്പോർട്ടുകൾ. മത്സ്യബന്ധന മേഖലയുടെ ആശങ്കകൾക്കും കേരളത്തിന്‍റെ തീരത്തുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുന്തിയ പരിഗണന നൽകേണ്ടതുണ്ട്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ