ആശുപത്രി കെട്ടിടങ്ങളുടെ അവസ്ഥ പരിശോധിക്കണം
കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ടുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ വെളിപ്പെടുത്തൽ സർക്കാരിനു സുഖിക്കാതെ വന്നതു സ്വാഭാവികമാണ്. ആരോഗ്യ രംഗത്ത് കേരള മോഡൽ തിളങ്ങിനിൽക്കുന്നു എന്ന അവകാശവാദങ്ങൾക്കു മേലേയാണല്ലോ ഡോക്റ്ററുടെ വാക്കുകൾ വലിയൊരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഉപകരണക്ഷാമം സംബന്ധിച്ചായിരുന്നു അവിടുത്തെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസിന്‍റെ തുറന്നുപറച്ചിൽ.
ഉപകരണക്ഷാമം മൂലം ശസ്ത്രക്രിയകൾ മുടങ്ങിയതിനെത്തുടർന്നാണു മറ്റൊരു വഴിയും മുന്നിൽ തെളിയാതെ വന്നപ്പോൾ ഡോക്റ്റർ പൊതുജനസമക്ഷം കാര്യങ്ങൾ അവതരിപ്പിച്ചത്. പല തവണ പല തലത്തിൽ വിഷയം ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നപ്പോഴായിരുന്നു അത്. അതിനു പിന്നാലെ പുറത്തുവന്ന നിരവധി റിപ്പോർട്ടുകൾ സംസ്ഥാന വ്യാപകമായി സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ചു മെഡിക്കൽ കോളെജുകളുടെ, പരാധീനതകളെക്കുറിച്ചുള്ളതാണ്.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതാണ് ആശുപത്രികൾ. പാവപ്പെട്ടവരും സാധാരണക്കാരുമായ ആയിരക്കണക്കിനു ജനങ്ങളാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അവരോടു നീതി കാണിക്കാൻ കഴിയുന്നില്ല എന്ന സത്യം പൊതുജനങ്ങളോടു തുറന്നു പറഞ്ഞ ഡോക്റ്ററെ പ്രതിക്കൂട്ടിൽ നിർത്താൻ ഭരണപക്ഷ നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളെജിന്‍റെ കെട്ടിടം തന്നെ ഇടിഞ്ഞുവീഴുന്നതും അവശിഷ്ടങ്ങൾക്കടിയിൽ പെട്ട് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിക്കുന്നതും. തകർന്ന കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്നാണ് മെഡിക്കൽ കോളെജ് അധികൃതർ മന്ത്രിമാരെയടക്കം ധരിപ്പിച്ചത്. അതുകൊണ്ടു തന്നെ മണ്ണിനടിയിൽ ആളുണ്ടാവില്ലെന്നു കരുതി രക്ഷാപ്രവർത്തനത്തിനു തിടുക്കം കാണിക്കാതിരുന്നത് ബിന്ദുവിന്‍റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയെന്ന പരാതിയാണിപ്പോൾ ഉയരുന്നത്.
ഉപയോഗിച്ചിരുന്ന ഭാഗം ഇടിഞ്ഞുവീണിട്ടുണ്ടെന്നു രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞപ്പോഴാണ് മെഡിക്കൽ കോളെജ് അധികൃതരുടെ വാദം പൊളിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച മകൾക്കു കൂട്ടിനെത്തിയതായിരുന്നു ബിന്ദു. അമ്മയെ കാണാനില്ലെന്നു മകൾ പരാതിപ്പെട്ടപ്പോഴാണ് തിരച്ചിൽ ആരംഭിച്ചത്. സംഭവത്തെ ലഘൂകരിക്കാൻ നടത്തിയ ശ്രമങ്ങൾ ഒരു ജീവൻ നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ടെങ്കിൽ അതു ഗുരുതരമായ തെറ്റാണ്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തുന്നത്.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ശുചിമുറികളുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. ഈ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ഏതാണ്ട് പണി പൂർത്തിയായ പുതിയ കെട്ടിടത്തിലേക്കു രോഗികളെ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് ഈ ദുരന്തമുണ്ടാവുന്നത്. പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചു വൈകിപ്പിച്ചതാണെന്നു പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നുണ്ട്. എന്നാൽ, എത്രയും വേഗം പുതിയ കെട്ടിടത്തിലേക്കു രോഗികളെ മാറ്റാൻ തീരുമാനിച്ചിരുന്നുവെന്നു ഭരണപക്ഷവും അവകാശപ്പെടുന്നു.
കോട്ടയം മെഡിക്കൽ കോളെജിലെ മറ്റു ചില കെട്ടിടങ്ങൾക്കും അപകട സാധ്യതയുണ്ടെന്ന ഭീതി ഈ സംഭവത്തിനു പിന്നാലെ ഉയർന്നിട്ടുണ്ട്. മുഴുവൻ സർക്കാർ ആശുപത്രികളുടെയും കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചു വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും പലയിടത്തുനിന്നുമായി വരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. ജീവൻ രക്ഷിക്കേണ്ട ആശുപത്രി തകർന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഇനി ആവർത്തിച്ചുകൂടാ. ദുരന്തങ്ങളുണ്ടായ ശേഷം നടപടികൾ എടുക്കുന്നതിനു പകരം ദുരന്തങ്ങൾ ഒഴിവാക്കാനാണു ശ്രമിക്കേണ്ടത്.
ചികിത്സയ്ക്കു വേണ്ട ഉപകരണങ്ങളില്ലാതെ ഗതികെട്ട് ഡോക്റ്റർ കാര്യങ്ങൾ ജനങ്ങളോടു തുറന്നു പറയുന്നതു വരെ ഒരു നടപടിയും എടുക്കാതിരുന്ന ഉദ്യോഗസ്ഥർ സംഭവം വിവാദമായപ്പോൾ മണിക്കൂറുകൾക്കുള്ളിലാണ് ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം ഉപകരണങ്ങള്‍ എത്തിച്ചത്. രണ്ടു മാസം ഉദ്യോഗസ്ഥർ ഗൗനിക്കാതിരുന്ന ഫയലാണ് മണിക്കൂറുകൾക്കുള്ളിൽ നീങ്ങിയത്.
മാസങ്ങളും വർഷങ്ങളുമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ ഒറ്റ ദിവസംകൊണ്ട് ശരിയാകുന്ന അത്ഭുതം പ്രശ്നങ്ങളുണ്ടായ ശേഷമേ നടക്കൂ എന്നു വരുന്നതാണ് നമ്മുടെ സംവിധാനത്തിന്‍റെ പോരായ്മ. കോട്ടയം മെഡിക്കൽ കോളെജിന്‍റെ തകർന്നുവീണ കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്. കെട്ടിടത്തിന്‍റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് എക്സിക്യൂട്ടിവ് എന്‍ജിനീയർ 2013ൽ തന്നെ റിപ്പോർട്ട് നൽകിയതാണ്. അതു കഴിഞ്ഞ് ഒരു ദശകക്കാലത്തിലേറെ അതേ കെട്ടിടം ഉപയോഗിച്ചു എന്നതാണ് എത്ര ലാഘവത്തോടെ കാര്യങ്ങളെ കാണുന്നു എന്നതിനു തെളിവ്. ആറു വാർഡുകളാണ് കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ മെഡിക്കൽ കോളെജുകളിൽ ഇതുപോലെ ബലക്ഷയം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എത്ര കെട്ടിടങ്ങളുണ്ടെന്ന് എത്രയും വേഗം ആരോഗ്യ വകുപ്പ് പരിശോധിക്കട്ടെ.
അടുത്തിടെയാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പുതിയ കെട്ടിടത്തിലെ യുപിഎസ് റൂമിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. അന്നു വലിയൊരു ദുരന്തം ഒഴിവായതു ഭാഗ്യം കൊണ്ടാണ്. നിരവധി രോഗികളെയാണ് അത്യാഹിത വിഭാഗത്തിൽ നിന്ന് അടിയന്തരമായി മാറ്റേണ്ടിവന്നത്. മെഡിക്കൽ കോളെജിലെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മയിലേക്കാണ് ആ സംഭവവും വിരൽചൂണ്ടിയത്.
കെട്ടിട നിർമാണത്തിലെ അശാസ്ത്രീയതയും അഗ്നിരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അടക്കം ചൂണ്ടിക്കാണിക്കപ്പെട്ടു. റാമ്പുകളിൽ മാലിന്യം കൂട്ടിയിട്ടിരുന്നതും പടികളിൽ പഴയ ഫർണിച്ചർ കൂട്ടിയിട്ടിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയുണ്ടായി. ആശുപത്രികളിലെത്തുന്നവരുടെ സുരക്ഷാ കാര്യങ്ങളിൽ ഇനിയും അലംഭാവമുണ്ടാവരുതെന്ന് അന്നു പലരും മുന്നറിയിപ്പു നൽകിയതാണ്. ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റിനെക്കുറിച്ച് അന്നും പറഞ്ഞിരുന്നു.