അമെരിക്കയിൽ വീണ്ടും ട്രംപ് ഭരണകൂടം നിലവിൽ വന്നിരിക്കുകയാണ്. പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് എന്തൊക്കെ മാറ്റങ്ങളാണു നടപ്പാക്കുകയെന്നു ലോകം മുഴുവൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എഴുപത്തെട്ടുകാരനായ ഈ റിപ്പബ്ലിക്കൻ നേതാവിന്‍റെ വൈറ്റ് ഹൗസിലെ രണ്ടാമൂഴം നിരവധി നിർണായക ഉത്തരവുകളിലൂടെയാണ് ആരംഭിച്ചിരിക്കുന്നതും. തന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിക്കില്ലെന്ന സന്ദേശം കൃത്യമായി നൽകുന്നതാണ് ഈ ഉത്തരവുകൾ. സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം അദ്ദേഹം ഒപ്പുവച്ച ഉത്തരവുകളിൽ ഏറെയും ബൈഡൻ ഭരണകൂടത്തിന്‍റെ നയങ്ങൾ തിരുത്തുന്നതാണ്.
ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പിന്മാറുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. സംഘടനയ്ക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകില്ലെന്നു പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതു ലോകാരോഗ്യ സംഘടനയ്ക്കു കനത്ത തിരിച്ചടിയാണ്. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുന്നത് യുഎസാണ്. മൊത്തം ഫണ്ടിങ്ങിന്‍റെ 18 ശതമാനത്തോളം യുഎസിൽ നിന്നുള്ളത്. അതു നിലയ്ക്കുന്നതോടെ സംഘടനയുടെ പ്രവർത്തനവും താളം തെറ്റും.
ട്രംപിന്‍റെ ഈ തീരുമാനം എല്ലാവരും പ്രതീക്ഷിച്ചതു തന്നെയാണ്. കൊവിഡ് പടരുന്നതു തടയുന്നതിൽ ലോക സംഘടന ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആദ്യ ടേമിൽ ട്രംപ് ആരോപിച്ചിരുന്നു. കൊവിഡ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ചൈനയെ സംഘടന സഹായിച്ചുവെന്നാണ് ട്രംപിന്‍റെ ആരോപണം. സംഘടനയിൽ നിന്നു യുഎസ് പിന്മാറുമെന്ന് 2020ൽ ആദ്യ ടേമിൽ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ ആ തീരുമാനം തിരുത്തി.
ലോകാരോഗ്യ സംഘടന തളരുന്നത് മഹാമാരികൾ പ്രതിരോധിക്കുന്നതിലടക്കം ആരോഗ്യ രംഗത്തു പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്ക ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നുണ്ട്. ലോകത്തെ ഭീതിയിലാഴ്ത്തിയ പല പകർച്ചവ്യാധികൾക്കെതിരേയും പോരാട്ടം നയിച്ച സംഘടനയാണിത്. ലോകത്തെ സുരക്ഷിതമാക്കുന്നതിൽ നിർണായക പങ്കുള്ള സംഘടന.
ആരോഗ്യ രംഗത്ത് ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിലും സംഘടനയ്ക്കു വലിയ പങ്കുണ്ട്. പോളിയോ നിർമാർജനം, മാതൃ-ശിശു സംരക്ഷണം, പകർച്ച വ്യാധികൾ തടയുന്നതിലുള്ള ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ യുഎസ് സഹായമില്ലാതെ മുന്നോട്ടുപോകുക എളുപ്പമല്ല. ട്രംപിന്‍റെ ഈ തീരുമാനത്തോട് മറ്റു പ്രമുഖ രാജ്യങ്ങൾ എങ്ങനെയാണു പ്രതികരിക്കുകയെന്നു കണ്ടറിയേണ്ടതാണ്. ഫണ്ടിലുണ്ടാവുന്ന കുറവു നികത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയാറാവുമോയെന്നു വ്യക്തമല്ല. എന്തായാലും യുഎസിനെ മാത്രമല്ല ലോകത്തെയപ്പാടെ ബാധിക്കുന്നതാണ് ട്രംപിന്‍റെ ഈ തീരുമാനം.
കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് ഉടമ്പടിയിൽ നിന്ന് അമെരിക്ക വീണ്ടും പിന്മാറിയിരിക്കുകയാണ്. പിന്മാറ്റം അറിയിച്ച് ഐക്യരാഷ്ട്ര സഭയ്ക്കു നൽകുന്ന ഔദ്യോഗിക കത്തിൽ ട്രംപ് ഒപ്പുവച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കു തിരിച്ചടിയാണിത്. ട്രംപിന്‍റെ ആദ്യ ടേമിൽ പാരിസ് ഉടമ്പടിയിൽ നിന്ന് യുഎസ് പിന്മാറിയിരുന്നതാണ്. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്നാണു ട്രംപിന്‍റെ വാദം.
2035ഓടെ യുഎസിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 60 ശതമാനത്തിലധികം കുറയ്ക്കാനുള്ള പദ്ധതി ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അത് ഇനി നടപ്പാവില്ല. പരിസ്ഥിതി സംരക്ഷണത്തെ ദുർബലപ്പെടുത്തുന്നതാണ് ട്രംപിന്‍റെ നയം എന്ന ആശങ്ക പലരും ഉയർത്തുന്നുണ്ട്. അമെരിക്കയുടെ വ്യവസായ വളർച്ചയ്ക്ക് ഉടമ്പടി തടസമാണെന്നു ട്രംപ് കരുതുന്നു. എണ്ണ, വാതക ഉത്പാദനം കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബൈഡന്‍റെ ഇലക്‌ട്രിക് വാഹന നയവും ചവറ്റുകുട്ടയിലേക്കു പോകുകയാണ്. വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണു ട്രംപ് പ്രഖ്യാപിക്കുന്ന നയം.
ട്രാൻസ്ജെൻഡർ വിഭാഗം അമെരിക്കയുടെ ഔദ്യോഗിക രേഖകളിൽ നിന്നു പുറത്താകുന്നതാണ് മറ്റൊരു ഉത്തരവിന്‍റെ ഫലം. സ്ത്രീ, പുരുഷൻ എന്നിങ്ങനെ മാത്രമേ യുഎസ് സർക്കാർ ഇനി അംഗീകരിക്കൂ. ട്രാൻസ്ജെൻഡറുകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിന് ബൈഡൻ ഭരണകൂടം പരിശ്രമിച്ചിരുന്നു. ട്രാൻസ്ജെൻഡറുകൾക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകിയ മുൻ സർക്കാരിന്‍റെ ഉത്തരവ് തിരുത്തപ്പെടുകയാണ്.
ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് 2021 ജനുവരിയിൽ കലാപമുണ്ടാക്കിയവർക്ക് മാപ്പു നൽകിയതാണ് മറ്റൊരു പ്രധാന ഉത്തരവ്. പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ നിർദേശം നൽകിയിരിക്കുന്നു. ട്രംപ് അനുകൂലികളും പൊലീസുകാരും ഉൾപ്പെടെ അഞ്ചുപേർ ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.
അനധികൃത കുടിയേറ്റം തടയുമെന്നും ഇത്തരത്തിൽ കുടിയേറിയ കുറ്റവാളികളെയെല്ലാം പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുന്നു. അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് യുഎസ്- മെക്‌സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജോ ബൈഡന്‍റെ ഭരണകാലത്ത് മെക്സിക്കോ അതിർത്തികടന്ന് രേഖകളില്ലാതെ നിരവധി കുടിയേറ്റക്കാർ അമെരിക്കയിലെത്തിയിട്ടുണ്ടെന്നാണു ട്രംപ് കുറ്റപ്പെടുത്തിയിരുന്നത്.
അമെരിക്ക ഇതിനുമുൻപ് കണ്ടിട്ടില്ലാത്ത വിധം കുടിയേറ്റക്കാർ എത്തുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. കുടിയേറ്റ പ്രശ്നത്തിൽ അതിശക്തമായ നിലപാടാണു ട്രംപിന്‍റേത്. യുഎസിൽ എത്താൻ മോഹിക്കുന്ന മറ്റു രാജ്യക്കാരെ അത് ഏതു വിധത്തിലൊക്കെ ബാധിക്കുമെന്നു കണ്ടറിയണം.
വിദേശികൾക്കു പൗരത്വം നൽകുന്ന നടപടികൾ നിർത്തിവയ്ക്കുകയാണ്. ആഗോള വ്യാപാരത്തിൽ പ്രധാന പങ്കു വഹിക്കുന്ന പാനമ കനാലിന്‍റെ നിയന്ത്രണം യുഎസ് തിരിച്ചുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന തീരുമാനം. കനാൽ വഴിയുള്ള ചരക്കുനീക്കത്തിന് പാനമ സർക്കാർ വലിയ നിരക്ക് ഈടാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. കനാൽ വഴിയുള്ള ചൈനയുടെ വ്യാപാരം തടയുകയെന്ന ലക്ഷ്യം ട്രംപിനുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
അമെരിക്കൻ വ്യവസായത്തെയും യുഎസ് കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വ്യാപാര രംഗത്തു വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണു ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അമെരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനായി ഇറക്കുമതിക്ക് ട്രംപ് നികുതി വർധിപ്പിക്കുന്നത് ഇന്ത്യയടക്കം രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. കുടിയേറ്റവുമായി ബന്ധപ്പെട്ട നയങ്ങൾ യുഎസിൽ പഠനവും ജോലിയും മോഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ സ്വപ്നങ്ങൾക്കു തിരിച്ചടിയാവുമോയെന്നും കണ്ടറിയണം.