ഡോ. ഹാരിസ്
"ഡിപ്പാർട്ട്മെന്‍റ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല. പിരിച്ചു വിട്ടോട്ടെ. സർക്കാർ മെഡിക്കൽ കോളെജിലെ ഒരു വകുപ്പു മേധാവിയുടെ ഏറ്റവും വലിയ നിസഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണു മാറ്റിവയ്ക്കേണ്ടിവന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിനു ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിൽ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർവശത്ത് ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ, നിസഹായാവസ്ഥയിൽ ആകുന്നത് ഡോക്റ്റർമാരും വകുപ്പു മേധാവിയും. ഒരു രൂപയുടെ പോലും പർച്ചേസിങ് പവർ ഇല്ലാത്ത വകുപ്പു മേധാവി ഓഫിസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. മാസങ്ങൾക്കു മുൻപു നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളെജ് വിദ്യാർഥിയാണ്. എന്‍റെ മകന്‍റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോടു പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്. ഇതുപോലെ എത്രയോ പേർ.... പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങൾ വാങ്ങി തരുന്നതു കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്...''
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്.
ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരു രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഭിമാനപൂർവം അവകാശപ്പെടുന്ന, സാധാരണക്കാരനായി ജീവിച്ചുകൊണ്ട് പാവപ്പെട്ട രോഗികൾക്കായി കഠിനാധ്വാനം ചെയ്യുന്ന ഒരു മുതിർന്ന സ്പെഷ്യലിസ്റ്റ് സർക്കാർ ഡോക്റ്ററുടെ നിസഹായാവസ്ഥയും നിരാശയും അതേപടി പ്രതിഫലിക്കുന്ന ഏതാനും വാക്കുകളും വരികളും. മെഡിക്കൽ കോളെജിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങിത്തരണമെന്ന് പലരോടും അപേക്ഷിച്ചു നടന്നിട്ടും ഒരു പരിഹാരവുമില്ലാത്തതുകൊണ്ട് പൊതുജനങ്ങളുടെ മുന്നിൽ കാര്യങ്ങൾ തുറന്നു പറഞ്ഞ ഡോക്റ്റർ പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചെങ്കിലും താൻ പറഞ്ഞ യാഥാർഥ്യങ്ങളിൽ നിന്നു പിന്നോട്ടുപോയിട്ടില്ല.
" ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനും ആരുടെയും മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത ഞാൻ വകുപ്പു മേധാവിയായ ശേഷം ഒരുപാടു പേരെ സാർ വിളിച്ചു, ഒരുപാട് മേശകൾക്കു മുന്നിൽ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികൾക്കു പോയി, ഒന്നും നടന്നില്ല''- അദ്ദേഹം പറയുന്നു.
ആരോഗ്യ രംഗത്തു മഹത്തായ കാര്യങ്ങളാണു ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അഭിമാനം കൊള്ളുന്നവരെയും നമ്പർ വൺ അവകാശവാദങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നവരെയും നോക്കി ഡോ. ഹാരിസിന്‍റെ വാക്കുകൾ പരിഹസിക്കുകയാണോ സഹതപിക്കുകയാണോ ചെയ്യുന്നത് എന്നറിയില്ല. രണ്ടായാലും ഞങ്ങൾ ഇവിടെ സ്വർഗമാക്കികൊണ്ടിരിക്കുന്നുവെന്ന് പൊതുജനങ്ങളോട് ഇനിയും പറയും മുൻപ് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നും ഉപകരണങ്ങളും എത്തിക്കണം. ഡോക്റ്റർമാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തണം. മരുന്നും ഉപകരണങ്ങളും രോഗികൾ തന്നെ വാങ്ങിക്കൊടുക്കേണ്ടി വരുന്ന ദയനീയാവസ്ഥ ഒഴിവാക്കണം.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളെജുകളിൽ, ഡോ. ഹാരിസ് പറഞ്ഞതൊക്കെ തന്നെയാണ് അവസ്ഥയെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. അവിടെ ചികിത്സയ്ക്കു പോയിട്ടുള്ള ഏതാണ്ട് എല്ലാവർക്കും ഇതൊക്കെ ബോധ്യമായിട്ടുള്ളതാണ്. വർഷങ്ങളായി ജനങ്ങൾ സർക്കാർ ആശുപത്രികളുടെ പരാധീനതകൾ അനുഭവിക്കുന്നു. അതുകൊണ്ടു തന്നെ ഡോക്റ്റർ പറഞ്ഞതു കേട്ട് ആരും ഞെട്ടാനിടയില്ല. പക്ഷേ, ഉത്തരവാദിത്വമുള്ള ഒരു ഡോക്റ്ററിൽ നിന്നു തന്നെ അതു കേൾക്കുമ്പോൾ ഈ സമ്പ്രദായത്തെ നേരെയാക്കാൻ ലക്ഷ്യമിട്ട് ഒരാളെങ്കിലും ധൈര്യപൂർവം കാര്യങ്ങൾ തുറന്നു പറഞ്ഞല്ലോ എന്ന ആശ്വാസമാവും ജനങ്ങൾക്ക്. ഡോ. ഹാരിസിന് ജനങ്ങളിൽ നിന്നു കിട്ടിയ പിന്തുണ കണ്ടാവണം ആരോഗ്യ മന്ത്രി അദ്ദേഹത്തെ തള്ളിപ്പറയാതെ സമഗ്രമായ അന്വേഷണം നടത്താൻ നിർദേശിച്ചത്. ""ഇതൊക്കെ സിസ്റ്റത്തിന്‍റെ പ്രശ്നമാണ്'' എന്നാണ് മന്ത്രി അവകാശപ്പെട്ടു കണ്ടത്. സിസ്റ്റത്തെ നയിക്കുന്നതു മന്ത്രിയും സർക്കാരുമാണ് എന്നതിനാൽ തിരുത്തൽ മുകളിൽ നിന്നു തുടങ്ങണം എന്നാണ് അതിനർഥം.
സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട് എന്നതു നിഷേധിക്കുന്നില്ല. ആയിരക്കണക്കിനാളുകളാണ് ഓരോ മെഡിക്കൽ കോളെജുകളെയും ആശ്രയിക്കുന്നത്. പാവപ്പെട്ടവർ മാത്രമല്ല സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നു. സർക്കാർ ആശുപത്രികളിലെ സൗകര്യം മെച്ചപ്പെട്ടത് ഇത്തരത്തിൽ രോഗികൾ കൂടിയതിനു കാരണമായെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. സൗകര്യങ്ങൾ വർധിച്ചിട്ടില്ലെന്ന് ആരും പറയുന്നില്ല. പക്ഷേ, അത് ആവശ്യത്തിനായോ എന്നതാണു വിഷയം. ഉള്ള സൗകര്യങ്ങൾ ശരിയായി ഉപയോഗിക്കുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇത്രയൊക്കെ മതി എന്ന ചില ഉദ്യോഗസ്ഥരുടെ മനോഭാവവും പിന്നെ ചുവപ്പുനാടയും അലംഭാവവും എല്ലാം വിഷയമാണ്. ജനങ്ങൾക്ക് എന്തോ ഔദാര്യം കൊടുക്കുകയാണ്, അത് ഞങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഞങ്ങൾക്ക് ഇഷ്ടമുള്ള സമയത്തു കൊടുക്കും എന്ന സമീപനം തിരുത്തപ്പെടുക തന്നെ വേണം. ഉപകരണങ്ങളും മരുന്നുമില്ലെന്ന പരാതി ആവർത്തിച്ചു വരാറുള്ളതാണ്. ഡോക്റ്റർമാർ അടക്കം ആരോഗ്യ പ്രവർത്തകരുടെ കുറവ് പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഒന്നിനും ഒരു പരിഹാരവും ഉണ്ടാവാറില്ല.
നാലു ദിവസം കഴിയുമ്പോഴേക്കും ഡോ. ഹാരിസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റും പരസ്യ പ്രതികരണവും എല്ലാവരും മറക്കും. സർക്കാർ ആശുപത്രികളുടെ പരാധീനതകൾ തുടരുകയും ചെയ്യും. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് താങ്ങാനാവാത്തത്ര വർധിച്ചതു കൊണ്ടാണ് മിക്കവരും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അതു തിരിച്ചറിഞ്ഞ് ജനപക്ഷത്തു നിന്ന് വേണ്ടതൊക്കെ ചെയ്യാൻ സർക്കാരിനു കഴിയണം. ജനങ്ങൾക്കു വേണ്ട ചികിത്സ ഉറപ്പാക്കണമെങ്കിൽ ആരോഗ്യ രംഗത്തു വലിയ തുക സർക്കാർ ചെലവഴിക്കേണ്ടി വരും. പക്ഷേ, മനുഷ്യ ജീവന്‍റെ വിലയാണത്. അതിനെ ആ വിധത്തിൽ കാണണം. സംവിധാനങ്ങളുടെ പ്രവർത്തനവും മനുഷ്യ ജീവനുകൾ മുന്നിൽ കണ്ടുള്ളതാവണം.
സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് വൻതോതിൽ വെട്ടിക്കുറച്ചത് സർക്കാർ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. മെഡിക്കൽ കോളെജുകളിൽ ഉപകരണങ്ങളും മരുന്നും വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയ 401.24 കോടി രൂപ 254.35 കോടി രൂപയാക്കി വെട്ടിക്കുറച്ചു എന്നാണു പറയുന്നത്. ആരോഗ്യ വകുപ്പിനു വകയിരുത്തിയ 152.13 കോടിയുടെ ബജറ്റ് വിഹിതം 90.02 കോടിയാക്കി കുറച്ചു എന്നും പറയുന്നുണ്ട്. ഫണ്ടിന്‍റെ അഭാവം സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതു ഗുരുതരമായ വീഴ്ചയാണ്.