.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജനാധിപത്യത്തിന്‍റെ ഉത്സവം
symbolic image
മൂന്നാഴ്ചയിലേറെ നീണ്ട തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം കേരളം ഇന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പോളിങ് ബൂത്തുകളിൽ എത്തുകയാണ്. കത്തിനിൽക്കുന്ന രാഷ്ട്രീയച്ചൂടിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും അതിശക്തമായ പോരാട്ടമാണു നടക്കുന്നത് എന്നതിൽ സംശയമൊന്നുമില്ല. കഴിഞ്ഞ ദിവസം പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിലും മത്സരവാശി വ്യക്തമായി പ്രതിഫലിച്ചിരുന്നു.
മൂന്നു മുന്നണികളും ജനങ്ങളുടെ വിശ്വാസം ആർജിക്കാനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ജനാധിപത്യത്തിന്‍റെ ഉത്സവം അതിന്‍റെ മുഴുവൻ ആവേശവും ഉൾക്കൊണ്ട് ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയുകയെന്നതാണ് ഈയൊരു ദിവസം ഇനി ചെയ്യാനുള്ളത്. ഓരോരുത്തരും അവനവന്‍റെ പങ്ക് ഭംഗിയായി നിറവേറ്റിയാൽ പരാതികളില്ലാത്ത സുതാര്യമായ തെരഞ്ഞെടുപ്പും ഉയർന്ന പോളിങ് ശതമാനവും അഭിമാനത്തോടെ നമുക്കു ചൂണ്ടിക്കാണിക്കാനാവും.
മൊത്തം 890 സ്ഥാനാർഥികളാണ് നിയമസഭയിലെത്താനുള്ള മത്സരത്തിലുള്ളത്. ഇവരുടെ വിധി നിർണയിക്കുന്നത് 2.72 കോടിയോളം വോട്ടർമാരാണ്. ഇതിൽ 4.66 ലക്ഷം പേർ കന്നിവോട്ടർമാരാണെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. മുപ്പതിനായിരത്തിലേറെ പോളിങ് സ്റ്റേഷനുകളിലാണു വോട്ടെടുപ്പു നടക്കുന്നത്. ഇതിൽ 2,500 ക്രിറ്റിക്കൽ പോളിങ് ബൂത്തുകളുണ്ട്. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ സേനയെ വിന്യസിച്ചിരിക്കുന്നു. 28,209 സ്പെഷ്യൽ പൊലീസ് ഓഫിസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നത്. ലോക്കൽ പൊലീസിനു പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റു ഡിപ്പാർട്ട്‌മെന്‍റുകളിലെ സേനാംഗങ്ങൾ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നു. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലുണ്ട്.
നേതാക്കളായാലും പ്രവർത്തകരായാലും ഉദ്യോഗസ്ഥരായാലും വോട്ടർമാരായാലും മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് തങ്ങളെന്ന ബോധ്യം എല്ലാവർക്കുമുണ്ടാവണം. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ അവകാശത്തെയും മാനിച്ചുകൊണ്ടാവണം ഓരോ പോളിങ് ബൂത്തുകളിലും വോട്ടെടുപ്പു പ്രവർത്തനങ്ങൾ നടക്കേണ്ടത്.
ഏതു പാർട്ടിയിലും മുന്നണിയിലും പെട്ടവരായാലും ഒരേ അവകാശങ്ങളാണു നമുക്കുള്ളത്. അത് ഒരിടത്തും അട്ടിമറിക്കപ്പെട്ടുകൂടാ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 2.19 ലക്ഷത്തിലേറെ പേരാണ് "വീട്ടിലെ വോട്ട് ' സൗകര്യം ഉപയോഗിച്ചത്. മുതിർന്ന പൗരന്മാരിൽ അപേക്ഷിച്ചവരിൽ 90 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി എന്നത് എടുത്തുപറയേണ്ടതാണ്. ഇവർ കാണിച്ച ഈ ഉത്സാഹം ഇന്നു പോളിങ് ബൂത്തുകളിൽ എത്തുന്നവരിലും ഉണ്ടാവണം.
വോട്ടെടുപ്പിൽ എവിടെയും ഒരുതരത്തിലുള്ള ക്രമക്കേടുകൾക്കും അവസരം നൽകാതിരിക്കേണ്ടതും പ്രധാനമാണ്. ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത കാണിക്കണം. പ്രശ്നസാധ്യതാ ബൂത്തുകളിൽ കൃത്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ ഉറപ്പുവരുത്തട്ടെ. കള്ളവോട്ടുകാർക്കും അക്രമികൾക്കും പിന്തുണയോ പ്രോത്സാഹനമോ നൽകില്ലെന്നു രാഷ്ട്രീയ നേതാക്കൾ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യട്ടെ.
രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉയർന്ന പോളിങ് രേഖപ്പെടുത്തുന്നതു കേരളത്തിൽ പതിവാണ്. നമ്മുടെ ഉറച്ച ജനാധിപത്യ വിശ്വാസത്തിന്‍റെ ഭാഗമാണത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനത്തിലേറെയായിരുന്നു പോളിങ്. 2016ലും 75 ശതമാനത്തോളമുണ്ടായിരുന്നു. വോട്ടെടുപ്പ് 80 ശതമാനം കടന്ന അവസരങ്ങളും അതിനു മുൻപ് ഉണ്ടായിട്ടുണ്ട്.
വോട്ടർ പട്ടികയുടെ സമഗ്ര പരിശോധനയ്ക്കു ശേഷമാണ് ഇക്കുറി വോട്ടെടുപ്പു നടക്കുന്നത്. മരിച്ചുപോയവരെ ഒഴിവാക്കിയും തെറ്റുകൾ തിരുത്തിയും പരമാവധി പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയുമൊക്കെയാണു സംസ്ഥാനം പോളിങ് ബൂത്തിൽ എത്തുന്നത്. 85 ശതമാനത്തിലേറെ പോളിങ് ഇക്കുറിയുണ്ടാവുമെന്ന പ്രതീക്ഷ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ നേരത്തേ പ്രകടിപ്പിക്കുകയുണ്ടായി. അതിനനുസരിച്ചാണ് ആസൂത്രണവും ഒരുക്കങ്ങളും നടത്തിയിട്ടുള്ളതത്രേ.
പോളിങ് ശതമാനത്തിലെ റെക്കോഡ് ഭേദിക്കുകയെന്നതു മുഖ്യലക്ഷ്യമായി കമ്മിഷൻ കാണുന്നു. വോട്ടിങ് കേന്ദ്രങ്ങൾ കൂടുതൽ ആകർഷകമാക്കുക, വായു- ശബ്ദ മലിനീകരണമില്ലാത്ത ശുചിത്വമുള്ള ബൂത്തുകൾ സജ്ജീകരിക്കുക, വോട്ടർ സൗഹൃദ അന്തരീക്ഷം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇതിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടതാണ്. കന്നി വോട്ടർമാർ അടക്കം ആവേശത്തോടെ പോളിങ് ബൂത്തുകളിൽ എത്തുമ്പോഴാണ് കമ്മിഷന്‍റെ റെക്കോഡ് പോളിങ് എന്ന ലക്ഷ്യം ഫലവത്താകുക.