സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം.

 
Denis Zavhorodnii
Editorial

സുരക്ഷിതരാവണം, സ്ത്രീകളും കുട്ടികളും

നെടുമങ്ങാട് ശിശു പീഡനവും കൊച്ചിയിലെ യുവതികൾക്കെതിരായ ആക്രമണവും കേരളത്തിലെ സ്ത്രീ-ശിശു സുരക്ഷാ സംവിധാനത്തിലെ ഗുരുതര വീഴ്ചകളെ വീണ്ടും തുറന്നുകാട്ടുന്നു

MV Desk

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുന്നതു കേരളം പലകുറി കേട്ടിട്ടുണ്ട്. വനിതാ- ശിശു വികസന വകുപ്പും പൊലീസും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവകാശപ്പെടുന്നു. പക്ഷേ, ഇത്തരം കുറ്റകൃത്യങ്ങൾ കുറയുന്നില്ല എന്നു മാത്രമല്ല മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പീഡനങ്ങളെക്കുറിച്ചാണു പലപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. കുടുംബത്തിനകത്തും പുറത്തും സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾ അതീവ ഗൗരവമുള്ള വിഷയമായി പുതിയ സർക്കാരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കണക്കിലെടുക്കേണ്ടതാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അതിക്രൂരമായ പീഡനങ്ങൾക്കു ധൈര്യം നൽകുന്നു എന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ലഹരിക്കെതിരായ പോരാട്ടം നിർണായകമാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള അന്വേഷണവും വേഗത്തിലുള്ള ശിക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ഏതാനും ദിവസം മുൻപ് നെടുമങ്ങാട്ട് ഒന്നര വയസുകാരൻ രണ്ടാനച്ഛന്‍റെ അതിക്രൂരമായ പീഡനത്തിൽ കൊല്ലപ്പെട്ട സംഭവം കേരളത്തെയാകമാനം ഞെട്ടിച്ചതാണ്. മനസിന്‍റെ ഏതെങ്കിലുമൊരു കോണിൽ അൽപ്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നവർക്കു സഹിക്കാനാവുന്നതല്ല ഈ ക്രൂരകൃത്യം. ഒന്നുമറിയാത്ത ഒരു പാവം കുഞ്ഞിനെ ഇത്തരത്തിൽ മർദിച്ചു കൊല്ലാൻ തക്ക പൈശാചിക സ്വഭാവമുള്ളവർ ഇവിടെയുണ്ടെന്നത് ആരെയും ഭയപ്പെടുത്തും. ആ കുഞ്ഞു ശരീരമാസകലം പരുക്കുകളായിരുന്നു. തീവച്ചു പൊള്ളിച്ച പാടുകളായിരുന്നു. ജനനേന്ദ്രിയം കീറിമുറിച്ചിരുന്നു. കൈകൾ തല്ലിയൊടിച്ചിരുന്നു. രണ്ടു കൈകളിലും പ്ലാസ്റ്ററിട്ട നിലയിൽ സമൂഹമാധ്യമങ്ങളിൽ വന്ന അവന്‍റെ ചിത്രം മലയാളികൾക്ക് എളുപ്പമൊന്നും മറക്കാനാവില്ല.

കുട്ടിയെ ഉപദ്രവിക്കുന്നത് അമ്മയ്ക്ക് അറിവുണ്ടായിരുന്നു എന്നതാണു ഞെട്ടിക്കുന്ന യാഥാർഥ്യം. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയാണു കുട്ടിയ ഉപദ്രവിച്ചിരുന്നത്. തുടർന്നുള്ള ജീവിതത്തിൽ കുഞ്ഞ് ഒരു ബാധ്യതയാകും എന്നു കരുതിയാണ് അവനെ കൊല്ലാൻ തീരുമാനിച്ചതത്രേ. മൂന്നു മാസക്കാലം തുടർച്ചയായി ആ കുഞ്ഞ് പീഡനം അനുഭവിക്കേണ്ടിവന്നു. ഒടുവിൽ അമ്മ സ്ഥലത്തില്ലാത്തപ്പോൾ ചോറു കൊടുക്കുന്ന സമയത്ത് കഴുത്തിൽ അമർത്തിപ്പിടിച്ചും തല ഭിത്തിയിൽ ഇടിപ്പിച്ചുമൊക്കെയാണു കുഞ്ഞിനെ കൊന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചുവെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുന്നുവെന്നു മനസിലാക്കിയ ബന്ധുക്കൾ അവന്‍റെ സംരക്ഷണം ഉറപ്പാക്കുന്നതിന് നേരത്തേ പൊലീസിനെ സമീപിച്ചിരുന്നു എന്നാണു പറയുന്നത്. എന്നിട്ടും തക്കതായ നടപടിയെടുത്ത് ആ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ പൊലീസിനു കഴിഞ്ഞില്ല എന്നതു നിരാശാജനകമാണ്.

കുട്ടികൾക്കെതിരേ എന്നതുപോലെ സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങളും പൊലീസ് അതീവ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. മത്സരപ്പരീക്ഷയുടെ പരിശീലനത്തിനായി കൊച്ചിയിൽ വന്നു താമസിക്കുന്ന രണ്ടു യുവതികളെ ഏതാനും ദിവസം മുൻപ് ഒരു സംഘം അക്രമികൾ മർദിച്ച് അവശരാക്കിയത് സംസ്ഥാനം ഭീതിയോടെയാണു കേട്ടത്. കമന്‍റടിക്കുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ യുവതികൾ അതു ഫോണിൽ പകർത്തിയത്രേ. ഇതോടെ അക്രമികൾ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും കൈ പിടിച്ചു തിരിക്കുകയും വസ്ത്രം വലിച്ചുകീറുകയും തള്ളി താഴെയിട്ടു ചവിട്ടുകയും ചെയ്തു. പുലർച്ചെ സമീപത്തെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു ഈ സംഭവം. കൊച്ചി പോലുള്ള മെട്രൊ നഗരങ്ങളിൽ സുരക്ഷിതമായി പുറത്തിറങ്ങാൻ സ്ത്രീകൾക്കു കഴിയുന്നില്ലെങ്കിൽ അതിനർഥം പൊലീസിന് ഇനിയും ഏറെ ജോലികൾ ചെയ്തു തീർക്കാനുണ്ട് എന്നതാണ്.

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് പേർ മരിച്ചു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍