ആരോഗ്യ രംഗത്ത് രാജ്യത്തിനു മാതൃകയായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള സംസ്ഥാനമാണു കേരളം. ഈ മേഖലയിൽ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യ മേഖലയിൽ കേരളത്തിന്‍റെ പ്രവർത്തനം മാതൃകാപരമായി മറ്റു സംസ്ഥാനങ്ങൾ കണ്ടിട്ടുമുണ്ട്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ശിശുമരണ നിരക്കും പ്രസവ മരണ നിരക്കും ഗണ്യമായി കുറയ്ക്കുന്നതിനും ജനങ്ങളുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതിനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ആയുർദൈർഘ്യത്തിൽ പൊതുവിലുണ്ടായ നേട്ടം ആരോഗ്യ മേഖലയുടെ കരുത്തിന്‍റെ ഫലമാണ്.
എന്നാൽ, സമീപകാലത്തായി ആരോഗ്യ മേഖലയിൽ വലിയ വെല്ലുവിളികൾ സംസ്ഥാനം നേരിടുകയാണ്. ജീവിതശൈലീ രോഗങ്ങൾ ഒരുഭാഗത്ത് ഭീഷണിയായി നിൽക്കുന്നു. മറുവശത്ത് പലവിധത്തിലുള്ള പകർച്ചവ്യാധികൾ കേരളത്തെ ആശങ്കപ്പെടുത്തുന്നു. ക്യാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനവും ഭീഷണിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കയെയും കരളിനെയും ബാധിക്കുന്ന രോഗങ്ങൾ തുടങ്ങി പലവിധ രോഗങ്ങൾക്കും ചികിത്സ വലിയ ചെലവുള്ളതായിരിക്കുന്നു. രാജ്യത്തു തന്നെ ചികിത്സയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുന്നു. ദുർബലമായ മാനസികാരോഗ്യം ആത്മഹത്യാ നിരക്ക് ഉയർത്തുന്നതുപോലുള്ള പ്രശ്നങ്ങളും സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ട്.
എതു നിലയ്ക്കു നോക്കിയാലും കേരളത്തിന്‍റെ ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിൽ നിലനിർത്തുന്നതിനു കൂടുതൽ പരിശ്രമങ്ങൾ ആവശ്യമായിരിക്കുകയാണ്. സർക്കാരും ആരോഗ്യ മന്ത്രാലയവും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ജനങ്ങളിലേക്കെത്തുന്ന പല പദ്ധതികളും ഇതുമായി ബന്ധപ്പെട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യം വർധിപ്പിക്കുക, പൊതുജനങ്ങൾക്കു പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്‍റെ പ്രവർത്തനങ്ങൾ.
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഒരു കോടിയിലേറെ ആളുകളിൽ നടത്തിയ സ്ക്രീനിങ്ങിൽ 44.85 ശതമാനം പേർക്കും ജീവിതശൈലീ രോഗസാധ്യതയുള്ളതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിക്കുന്നുണ്ട്. 13.35 ശതമാനം ആളുകൾക്ക് അമിത രക്തസമ്മർദമാണ്. ഒമ്പതു ശതമാനത്തോളം ആളുകൾക്ക് പ്രമേഹമുണ്ട്. ഇതു രണ്ടുമുള്ളവർ ആറു ശതമാനമാണ്. ക്യാൻസർ സാധ്യതയുള്ളവർ രണ്ടു ശതമാനമാണ്. ഇതൊക്കെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ്. ആരോഗ്യ രംഗത്ത് യാതൊരു വിട്ടുവീഴ്ചയും കാണിക്കാനാവില്ലെന്നു വ്യക്തമാക്കുന്ന കണക്കുകൾ.
സംസ്ഥാനത്തിന്‍റെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതിക്കായി ലോക ബാങ്കിൽ നിന്ന് 2,424 കോടി രൂപ വായ്പ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയത് ഈ പശ്ചാത്തലത്തിലാണു പ്രാധാന്യമർഹിക്കുന്നത്. ആരോഗ്യ രംഗത്തു വലിയ വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് മന്ത്രി വീണാ ജോർജ് അവകാശപ്പെടുന്നുണ്ട്. ഉയർന്ന ജീവിത നിലവാരം, ആയുർദൈർഘ്യം എന്നിവ ഉറപ്പുവരുത്താനും തടയാവുന്ന രോഗങ്ങൾ, അപകടങ്ങൾ, അകാല മരണം എന്നിവയിൽ നിന്നു മുക്തമായ ജീവിതം കെട്ടിപ്പടുക്കാനും സഹായിക്കുക പദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്.
വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഉയർന്നുവരുന്ന ഭീഷണികളോടു ഫലപ്രദമായി പ്രതികരിക്കുന്നതിനും ആരോഗ്യ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്.
ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ലോക ബാങ്ക് സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം. വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണു കേരളം. ഗുരുതരമായ കടക്കെണി നേരിടുകയാണു സംസ്ഥാനമെന്നു സർക്കാരിന്‍റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതിനിടയിലാണ് വീണ്ടും വീണ്ടും വായ്പകളെ ആശ്രയിക്കേണ്ടിവരുന്നത്. എന്നാൽ, ആരോഗ്യ രംഗത്തു പണം ചെലവഴിക്കുന്നതു നേട്ടമായി തന്നെയാണു മാറുക. ഫണ്ട് വിനിയോഗം നൂറു ശതമാനവും ഫലപ്രദമാവണം എന്നതാണു പ്രധാനം. മെച്ചപ്പെട്ട ആരോഗ്യം കേരളത്തിന്‍റെ പുരോഗതിക്കു സഹായിക്കുമെന്നതിൽ സംശയമൊന്നുമില്ല.